ഓഖിക്കപ്പുറം ഇനിയെന്ത്; കേരളത്തിലെ പ്രകൃതി വിഭവ പരിപാലനവും ദുരന്തനിവാരണവും

By online desk.07 02 2020

imran-azhar

 

 

ഓഖി ചുഴലിക്കാറ്റിനപ്പുറം എന്തൊക്കെയാണ് അന്തരീക്ഷവും കരയും കടലും കരുതി വച്ചിരിക്കുന്നതെന്ന് നമുക്കറിയില്ല. വിവരവിജ്ഞാന വിസ്‌ഫോടനത്തിന്റെയും സാങ്കേതികവിദ്യയുടെയും യുഗത്തില്‍പ്പോലും ഒരു കാറ്റിനും തിരയിളക്കത്തിനും മുമ്പില്‍ നാം പതറുന്നു. കരുതിയിരിക്കുക മാത്രമെ മുന്നില്‍ മാര്‍ഗ്ഗമുള്ളൂ.

 


സൂര്യന്‍, വായു, കാറ്റ്, വെള്ളം, തീ എന്നിവയെല്ലാം ഉള്ളിടത്തോളം കാലം ഭൂമിയില്‍ ഇത്തരം വിവിധ പ്രകൃതിപ്രതിഭാസങ്ങള്‍ ഉണ്ടാകും. മാത്രമല്ല ചലനാത്മകതയാണ് ഭൂമിയുടെ നിലനില്‍പ്പ്. ഓരോ പ്രതിഭാസവും മുന്‍കൂട്ടിയറിഞ്ഞ് ദൂരന്തങ്ങളുടെ ആഘാതം കുറയ്ക്കുവാനും നാശനഷ്ടങ്ങള്‍ സംഭവിക്കാതെ നോക്കാനും കഴിഞ്ഞേക്കാം. പ്രകൃതി പ്രതിഭാസങ്ങളറിഞ്ഞ്, അവയോടൊപ്പം ജീവിക്കുകയെന്നതാണ് ശാസ്ത്രീയ സമീപനം.

 


ലോകത്തേറ്റവും കൂടുതല്‍ പാരിസ്ഥിതിക സവിശേഷതകളുള്ള ഭൂപ്രദേശമാണ് കേരളം. തനതായ ഭൗതിക, സാമൂഹ്യ പ്രത്യേകതകള്‍ക്കൊപ്പം സൂക്ഷ്മതലത്തില്‍ പോലും ഏറെ വ്യത്യാസങ്ങളാണ് കാണപ്പെടുന്നത്. അഞ്ഞൂറ്റി എഴുപതു കിലോമീറ്ററുള്ള തീരദേശത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് രണ്ടായിരത്തി ഒരുനൂറു പേരാണ്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. ജനസാന്ദ്രതയും ചലനാത്മകമായ ഭൂവിനോയഗവും ഭൂമിയുടെ തുണ്ടുവല്‍ക്കരണവുമെല്ലാം കൂടി കേരളം വേറിട്ടു നില്‍ക്കുന്നു. ദുരന്തങ്ങള്‍ കുറഞ്ഞ പ്രദേശമാണ് കേരളമെന്ന ധാരണമാറിക്കഴിഞ്ഞു. സുനാമിയും ഓഖിയുമെല്ലാം നമ്മുടെ തീരത്തെ എപ്പോള്‍ വേണമെങ്കിലും കൊണ്ടു പോകാം.

 

ദുരന്തങ്ങളുണ്ടാകുമ്പോള്‍ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും പ്രസക്തിയില്ല. ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം മുന്‍ഗണന. ഓരോ ഭൂപ്രദേശങ്ങളിലും സാഹചര്യങ്ങളിലും സംഭവിക്കാവുന്ന ദുരന്തങ്ങളും മുന്‍കൂട്ടി മനസ്സിലാക്കി വിവിധ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടവര്‍ രംഗത്തിറങ്ങുകയെന്നതാണ് പ്രധാനം. അത്തരത്തിലുള്ള ഒരു സ്ട്രാറ്റജിക് മാനേജ്‌മെന്റും പ്ലാനും നമുക്കുണ്ടാകണം.പൈപ്പുലൈനുകള്‍ക്ക് തകരാറു സംഭവിച്ചാല്‍ കുടിവെള്ളത്തിനുള്‍പ്പെടെ തടസ്സമുണ്ടാകാതിരിക്കുവാനായി സമാന്തര പൈപ്പുലൈനുകള്‍ സജ്ജമാക്കണം. ആശുപത്രികളില്‍ അടിയന്തിരഘട്ടങ്ങളില്‍ റെഡ് അലര്‍ട്ട് നല്‍കുന്ന രീതിയുണ്ട്. അപകടഘട്ടങ്ങളില്‍ സമയം വളരെ പ്രധാനമാണ്.

 

അറിയിപ്പു നല്‍കുകയും ലഭിക്കുകയും കൈമാറുകയും ചെയ്യുക. പിന്നെ നടപടികള്‍ മാത്രം. കമ്മ്യൂണിക്കേഷനാവട്ടെ സാങ്കേതിക വിദ്യകളുള്ളതിനാല്‍ നിമിഷനേരം മാത്രം മതിയാകും. എന്തായാലും ഓഖിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രകൃതി വിഭവപരിപാലനത്തിലും ദുരന്തനിവാരണത്തിലും കാര്യമായ നടപടികളാവശ്യമാണ്. പ്രധാന ആശയങ്ങളും നിര്‍ദ്ദേശങ്ങളും ചുവടെ ചേര്‍ക്കുന്നു.

 

നയപരം

 

1.2010ലെ സംസ്ഥാന ദുരന്തനിവാരണനയം സമഗ്രമായി പരിഷ്‌കരിക്കുക

 

2.ഓരോ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നയം പുതുക്കുന്നതിനുള്ള നിയമം കൊണ്ടുവരിക

 

3.വരുന്ന നിയമസഭാ സമ്മേളനത്തില്‍ ആവശ്യമായ നിയമഭേദഗതിയും ചട്ടങ്ങളും ചര്‍ച്ച ചെയ്യുക

 

4.അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാന ദുരന്തനിവാരണ പ്രകൃതിവിഭവ പരിപാലന സ്ട്രാറ്റജിക് മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുക

 

5. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ജില്ലാതല ദുരന്ത ലഘൂകരണ സ്ട്രാറ്റജിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക

 

6.സംസ്ഥാന പ്രകൃതി വിഭവ ദുരന്തനിവാരണ മാനുവല്‍ പുറപ്പെടുവിക്കുക

 

7.ദുരന്തനിവാരണ പ്രോട്ടോക്കാള്‍ തയ്യാറാക്കുക

 

8.സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നിവാരണ ചട്ടങ്ങളും നിയമങ്ങളും തയ്യാറാക്കുവാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങുക

 

9.ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രോഗ്രാം പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കുക

 

10.പ്രകൃതിവിഭവ പരിപാലന ദുരന്തനിവാരണ സിറ്റിസണ്‍ ചാര്‍ട്ട് തയ്യാറാക്കുക

 

11.പ്രകൃതിവിഭവ ദുരന്തനിവാരണ വകുപ്പ് രൂപീകരിച്ച് നിലവിലുള്ള സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കുക

 

12.സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സിസ്റ്റം സ്വതന്ത്രവും മുഴുവന്‍ സമയ സംവിധാനവുമാക്കുക

 

13.പ്രകൃതിവിഭവ ദുരന്തനിവാരണത്തിനു മാത്രമായി പരിശീലന കേന്ദ്രം സ്ഥാപിക്കുക

 

14.മലനാട്, ഇടനാട്, തീരദേശം എന്നീ വിഭാഗങ്ങള്‍ കണക്കാക്കി സംവിധാനങ്ങള്‍ സജ്ജമാക്കുക

 

15.പ്രകൃതി വിഭവപരിപാലന, ദുരന്തനിവാരണ പൗരാവകാശരേഖയും സേവനാവകാശരേഖയും തയ്യാറാക്കുക

 

16.പ്രകൃതിവിഭവ പരിപാലന ദുരന്തസാധ്യതമേഖലകളുടെ അറ്റ്‌ലസ് മലയാളത്തില്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുക

 

 

 

 

OTHER SECTIONS