കുംഭച്ചൂടിന്റെ കാഠിന്യത്തില്‍ ദാഹജലത്തിനായി വലഞ്ഞ് പത്തനംതിട്ട ജില്ല

By online desk.04 03 2020

imran-azhar

 

പത്തനംതിട്ട: പത്തനംതിട്ട ജില്ല കുംഭച്ചൂടിന്റെ കാഠിന്യത്തില്‍ ദാഹജലത്തിനുവേണ്ടി വലയുന്നു. നദീ തീരങ്ങളിലാണ് വരള്‍ച്ചയുടെ രൂക്ഷത ഏറ്റവുമധികമായി അനുഭവപ്പെടുന്നത്. പമ്പ ഉള്‍പ്പെടെ പ്രധാന നദികളെല്ലാം വറ്റിവരണ്ട് നീര്‍ച്ചാലുകള്‍ മാത്രമായി. മണിമല, അച്ചന്‍കോവില്‍ നദികള്‍ പലയിടത്തും ഇടമുറിഞ്ഞു തുടങ്ങി. പ്രളയകാലത്ത് രൂപപ്പെട്ട ചെളിക്കുഴികളില്‍ മാത്രമാണ് വെള്ളമുള്ളത്. അച്ചന്‍കോവില്‍ മലനിരകളില്‍ വരള്‍ച്ച രൂക്ഷമായതോടെ കൈവഴികളെല്ലാം വരണ്ടു. നദിയുടെ പ്രഭവകേന്ദ്രങ്ങളില്‍ നിന്ന് നീര്‍ച്ചാലുകള്‍ ഇല്ല. ഇവയെല്ലാം വറ്റിയിട്ട് മാസങ്ങളായി.

 

അച്ചന്‍കോവില്‍, തുറ ഭാഗങ്ങളില്‍ നിന്നുള്ള ചെറിയ നീരൊഴുക്കിലാണ് താഴേക്കു വെള്ളമെത്തുന്നത്. താഴേക്കുള്ള കൈവഴികളെല്ലാം വറ്റി. കൊക്കാത്തോട്ടില്‍ നിന്നുള്ള തോട് വറ്റിയിട്ടു മാസങ്ങളായി. ഇതോടെ കല്ലേലി പാലത്തിനുസമീപം അച്ചന്‍കോവിലാറ്റില്‍ വെള്ളം തീരെ കുറഞ്ഞു. താഴേക്കുവരുന്‌പോള്‍ വെള്ളം കുറഞ്ഞ് ഒഴുക്ക് നിലച്ചതോടെ കെട്ടിക്കിടക്കുന്ന വെള്ളം വേഗത്തില്‍ മലിനപ്പെടുകയാണ്. നദികളില്‍ ജലനിരപ്പ് കുറഞ്ഞതോടെ തീരങ്ങളിലെ കിണറുകള്‍ വറ്റി. ചില സ്ഥലങ്ങളില്‍ നദീ തീരത്ത് കിണര്‍ കുത്തി വെള്ളം ശേഖരിക്കുന്നുണ്ട്.

 

രൂക്ഷമായ ജലക്ഷാമം നേരിടുന്നതിലേക്കുള്ള സംവിധാനങ്ങളാണ് തീരങ്ങളില്‍ കണ്ടുവരുന്നത്. മണിമലയാറിനോടനുബന്ധിച്ച് ജലവിതരണ പദ്ധതികളുടെ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. ചെളി വെള്ളമാണ് പലയിടത്തും പന്പ് ചെയ്യേണ്ടി വരുന്നത്. അപ്പര്‍കുട്ടനാട്ടിലും ജലക്ഷാമം രൂക്ഷമാകുന്നു. മുമ്പങ്ങുമില്ലാത്തവിധം പടിഞ്ഞാറന്‍ മേഖലയിലും ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. തോടുകളും ജലാശയങ്ങളും വറ്റിവരണ്ടു.പാടശേഖരങ്ങളിലടക്കം വെള്ളം കുറഞ്ഞിരിക്കുകയാണ്. പാടശേഖരങ്ങളില്‍ വെള്ളം വറ്റുകയും തോടുകളില്‍ നിന്നു വെള്ളം പന്പു ചെയ്ത് കയറ്റാനാകാതെയും വന്നതോടെ നെല്‍കൃഷിക്ക് അടക്കം വരള്‍ച്ച ബാധിച്ചു തുടങ്ങി.

 

പെരിങ്ങര പഞ്ചായത്തിലാണ് വരള്‍ച്ചയുടെ രൂക്ഷത ഏറ്റവുമധികം അനുഭവപ്പെട്ട പ്രദേശം. പഞ്ചായത്തിലെ തോടുകളെല്ലാം വറ്റി. തോടുകള്‍ ജലസേചനവകുപ്പ് നേരത്തെ വൃത്തിയാക്കിയെങ്കിലും പലയിടത്തും ഇപ്പോഴും നീരൊഴുക്കിനു സാഹചര്യമില്ല. പ്രളയകാലത്ത് അടിഞ്ഞുകൂടിയ പോളയും ചെളിയും നീക്കാത്തതാണ് പ്രധാന കാരണം. തോട്ടുപുറം, വേങ്ങല്‍ ഇരുകര, പൊരിയനടി, കരിഞ്ചെമ്പ് പാടശേഖരങ്ങളിലെ 75 ദിവസം പ്രായമായ നെല്ല് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്.

 

 

 

 

 

 

 

 

OTHER SECTIONS