പോളവാരം പദ്ധതി; ആന്ധ്രാ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

By Kavitha J.03 Aug, 2018

imran-azhar

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും ആന്ധ്രാപ്രദേശ് സര്‍ക്കാരിനും പോളവാരം പദ്ധതിയെ സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ് പുറപ്പെടുവിച്ചു. വ്യാഴാഴ്ചയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഒഡീഷാ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ഘടകങ്ങളെയും പ്രശ്നങ്ങളെയും അവലോകനം ചെയ്ത് മൂന്നാഴ്ചക്കുള്ളില്‍ പ്രതികരണം അറിയിക്കണമെന്നാണ് കോടതി ഉത്തരവ്.

 

2004ല്‍ ആരംഭിച്ച പോളവാരം പദ്ധതി 2019 ഓടെ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. വിവിധോദ്യേശ ജല പദ്ധതിയായ പോളവാരം പദ്ധതിയെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. ഒഡീഷയിലെ നദികളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ പദ്ധതി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഒഡീഷാ സര്‍ക്കാര്‍ പോളവാരം പദ്ധതിയ്‌ക്കെതിരായി നിയമ യുദ്ധം നടത്തി വരികയായിരുന്നു. ഈ പദ്ധതി നിലവില്‍ വന്നാല്‍ മാല്‍ക്കന്‍ഗിരി ജില്ലയിലെ അനേകം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകും എന്നാണു ഒഡീഷാ സര്‍ക്കാരിന്റെ വാദം. അതേ സമയം, ആന്ധ്രാ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും പദ്ധതിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

 

OTHER SECTIONS