സൂപ്പർ സൈക്ലോൺ ഉം-പുൻ; പശ്ചിമ ബംഗാൾ, ഉത്തര ഒഡീഷ തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

By Akhila Vipin .19 05 2020

imran-azhar

 


ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ഉം-പുൻ' ചുഴലിക്കാറ്റ് (Super Cyclone) മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ വടക്ക്-കിഴക്ക് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 19 മെയ് 2020 ന് രാവിലെ 5.30 ന് 15.6°N അക്ഷാംശത്തിലും 86.7°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ്‌ (Paradip) തീരത്ത് നിന്ന് ഏകദേശം 520 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയിൽ (South Digha) നിന്ന് 670 കി.മീയും ദൂരെയാണിത്.

 

സിസ്റ്റത്തിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ 222 കി.മീയുടെ മുകളിലാകുന്ന സിസ്റ്റങ്ങളെയാണ് സൂപ്പർ ചുഴലിക്കാറ്റെന്ന് (Super Cyclonic Storm) വിളിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ തീവ്രത കുറഞ്ഞു 'ഉം-പുൻ' വീണ്ടും അതിതീവ്ര ചുഴലിക്കാറ്റ് കാറ്റഗറി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത (Maximum Sustained Wind Speed) മണിക്കൂറിൽ 167കി.മീ മുതൽ 221 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് അതിതീവ്ര ചുഴലിക്കാറ്റെന്ന് (Extremely Severe Cyclonic Storm) വിളിക്കുന്നത്. 2020 മെയ് 20 ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകൾ എന്നിവക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും തീരപതന (Landfall) സമയത്ത് മണിക്കൂറിൽ 155 മുതൽ 185 കിമീ വരെ വേഗതയുണ്ടാകുമെന്നും കണക്കാക്കുന്നു.

 

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള മോശം കാലാവസ്ഥയും കേന്ദ്ര കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് നിന്ന് മൽസ്യ ബന്ധനത്തിനായി കടലിൽ പോകാൻ പാടുള്ളതല്ല കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

ചുഴലിക്കാറ്റിന്റെ സ്വാധീനം കൂടി പരിഗണിച്ച് കൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും 'യെല്ലോ' അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മിമീ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിനിടെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

OTHER SECTIONS