By anju.07 02 2019
കടുത്ത ചൂടില്‍ ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കുകയാണ് ഹിമാലയന്‍ മഞ്ഞുപാളികള്‍. കാലാവസ്ഥാ വ്യതിയാനം മൂലം ഈ നൂറ്റാണ്ട് തീരുമ്പോഴേക്കും ഹിന്ദു കുഷ് ഹിമാലയന്‍ മേഖലയിലെ മഞ്ഞുപാളികള്‍ പൂര്‍ണമായും അലിഞ്ഞില്ളാതായേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
മധ്യ ഏഷ്യയേയും ദക്ഷിണേഷ്യയേയും വേര്‍തിരിക്കുന്ന പര്‍വതനിരയാണ് ഹിന്ദുകുഷ്. ഇന്ത്യ, ചൈന, മ്യാന്മര്, നേപ്പാള്‍, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്. ബംഗ്ളാദേശ്, ഭൂട്ടാന് എന്നിവ ഉള്‍പ്പെടുന്ന ഈ പ്രദേശത്തെയായിരിക്കും കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിക്കുക.
ഈ മേഖലയിലെ മഞ്ഞുപാളികളില്‍ നിന്നുള്ള വെള്ളം പത്തു പ്രധാന നദികളിലേക്കാണ് എത്തുന്നത്. ഈ വെള്ളം 1.9 ബില്യണ്‍ ജനങ്ങളാണ് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.1970 മുതല്‍ പ്രദേശത്തെ മഞ്ഞുപാളികള്‍ നേര്‍ത്തു തുടങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡവലപ്മെന്റിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഫിലിപ്പസ് വെസ്റ്റര്‍ ആണ് പഠനം നടത്തിയത്.