ഈ സ്‌കൂളില്‍ ഫീസില്ല, എന്നാല്‍ പ്ലാസ്റ്റിക് വേസ്റ്റ് നിര്‍ബന്ധം

By Neha Nandan.20 08 2019

imran-azhar


ആസ്സാം: ബാഗ് നിറയെ പുസ്‌കകളുമായി കുട്ടികള്‍ സ്‌കൂളിലേയ്ക്കു പോകുന്നത് സാധാരണമാണ്. എന്നാല്‍ ഒരു ബാഗ് നിറയെ പ്ലാസ്റ്റിക് മാലിന്യമായിട്ടാണ് സ്‌കൂളില്‍ പോകുന്നതെങ്കിലോ? ഇത് മറ്റെവിടെയുമല്ല. ഇന്ത്യയില്‍ തന്നെയാണ്. ഈ സ്‌കൂളില്‍ പഠിക്കാന്‍ ഫീസ് നല്‍കേണ്ട. പകരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതി.

ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനമായ ആസ്സാമിലാണ് പ്രകൃതിയ്‌ക്കൊരു മുതല്‍ക്കൂട്ടാകുന്ന സംരംഭവുമായി കുറച്ചു പേര്‍ രംഗത്തെത്തിയിരിക്കുന്നത്. തണുപ്പ് കൂടുതലുള്ള പ്രദേശമായതു കൊണ്ടു തന്നെ ഇവിടുത്തെ ജനങ്ങള്‍ അന്തരീക്ഷം ചൂടാക്കുന്നതിനു വേണ്ടി ശൈത്യകാലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചു കളയുകയായിരുന്നു പതിവ്.

എന്നാല്‍ അക്ഷര്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍ തുടങ്ങുന്നതിനായി എത്തിയ പാര്‍മിത സര്‍മയും, മസിന്‍ മുക്തറും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ എത്തിയത് പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം എന്ന ഭീകര പ്രശ്‌നത്തിന് ഒരു മാര്‍ഗവുമായിട്ടായിരുന്നു. അവരുടെ സ്‌കൂളില്‍ പഠിക്കാന്‍ വരുന്ന കുട്ടികളുടെ രക്ഷിതാക്കളോട് ഫീസിനു പകരം പ്ലാസ്റ്റിക് മാലിന്യമാണ് ആവശ്യപ്പെട്ടത്.

എയറോ എന്‍ജിനീയര്‍ ആയിരുന്ന മുക്തര്‍ അമേരിക്കയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയായിരുന്നു. ഇന്ത്യയിലേയ്ക്കുള്ള മടങ്ങി വരവിലാണ് സാമൂഹ്യ സേവകയായ സര്‍മയെ കണ്ടുമുട്ടിയത്. ഇരുവരും ചേര്‍ന്നാണ് സ്‌കൂള്‍ ഫീസിനു പകരം പ്ലാസ്റ്റിക് വേസ്റ്റ് എന്ന ആശയം മുന്നോട്ട് കൊണ്ടു വന്നത്. തുടര്‍ന്ന് തങ്ങളുടെ സ്‌കൂളില്‍ പഠിക്കാനെത്തുന്ന കുട്ടികളോട് ആഴ്ചയില്‍ 25 പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാലവേലയും മറ്റും കൂടുതലായി നടന്നിരുന്ന ഈ മേഖലയിലെ കുട്ടികള്‍ക്ക് അക്ഷര്‍ ഫൗണ്ടേഷന്‍ വലിയ അമനുഗ്രഹമാണ്. ഇന്ന് നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഫീസായി നല്‍കുന്നതിലൂടെ പ്രകൃതിക്കു തന്നെ മുതല്‍ക്കൂട്ടാവുകയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍.

OTHER SECTIONS