മലയോരമേഖല വന്യജീവി ഭീതിയില്‍

By Anju N P.17 Jul, 2018

imran-azhar

നെടുമങ്ങാട് : കാലവര്‍ഷം കലിതുളളുമ്പോള്‍ തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖല വന്യജീവി ഭീതിയിലാണ്. പൊന്മുടി ട്രൈബല്‍ സ്‌കൂളിന്റെ മുറ്റത്തായിരുന്നു ഇന്നലെ കാട്ടാനക്കൂട്ടങ്ങളുടെ താവളം. സൂര്യന്‍കാണിയും അയ്യപ്പന്‍കാണിയും വിജയന്‍ കാണിയും നട്ടും നനച്ചും ഉണ്ടാക്കിയതു മുഴുവന്‍ ഒറ്റദിവസം കൊണ്ട് കരിവീരന്മാര്‍ കുത്തിമറിച്ചു. സദാനന്ദന്‍ കാണിയുടെ വീടിന്റെ തൂണുകള്‍ വലിച്ചൊടിച്ച ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി വന്യജീവിഅക്രമം ഭയന്ന് വീണ്ടും അടച്ചിടാന്‍ ഒരുങ്ങുകയാണ്. മങ്കയത്തും കമ്പിമൂടും കാട്ടുപോത്തുകള്‍ ഭീക്ഷണി വിതയ്ക്കുന്നു. ആനക്കിടങ്ങും വൈദ്യുതകമ്പിവേലിയും ഒരുക്കാമെന്ന വാഗ്ദാനപെരുമഴയ്ക്ക് ആദിവാസികളുടെ ഈ ദുരിതം തടഞ്ഞുനിര്‍ത്താനാകില്ല. ഇനിയും പ്രതികരിയ്ക്കാതിരുന്നാല്‍ സ്വന്തമായുളളതെല്ലാം നഷ്ടമാകും എന്ന തിരിച്ചറിവ് അവരെ സംഘടിക്കാന്‍ നിര്‍ബന്ധരാക്കി. വിതുര ആദിവാസി ഊരുകളിലെ സ്ത്രീകളും കുട്ടികളും അടങ്ങിയ തിരസ്‌കൃത സമൂഹം ആനപ്പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഉപരോധം അരുവിക്കര എം.എല്‍.എ ശബരീനാഥന്‍ ഉദ്ഘാടനം ചെയ്തു.


മലയോരമേഖലയില്‍ മഴ ശമനമില്ലാതെ തുടരുന്നതോടെയാണ് വന്യ മൃഗങ്ങള്‍ ഭക്ഷണംതേടി കൂട്ടം കൂട്ടമായി നാട്ടിലേയ്ക്ക് പാലായനം ചെയ്യുന്നത്. പ്രധാനമായും കാട്ടാനയും കാട്ടുപോത്തുമാണ് ആദിവാസി ഊരുകളിലും ജനവാസമേഖലയിലും വിനാശം വിതയ്ക്കുന്നത്. വിതുര പഞ്ചായത്തിലെ പൊന്മുടി, മൊട്ടമൂട്, ചെമ്പികുട്, കമ്പിമൂട്, ഇടിയന്‍കോവില്‍, കല്ലാര്‍, പട്ടന്‍കുളിച്ചപാറ എിവിടങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാര്‍, ബ്രൈമൂര്‍, മങ്കയം, വിട്ടിക്കാവ് തുടങ്ങിയ ആദിവാസി സെറ്റില്‍മെന്റുകളിലാണ് വന്യമൃഗങ്ങളുടെ അക്രമത്തില്‍ കാര്‍ഷിക വിളകളും വീടും നഷ്ടമായത്. റബ്ബര്‍, കവുങ്ങ്, തെങ്ങ്, വാഴ, മരച്ചീനി തുടങ്ങിയവയും മലഞ്ചരക്കുവിളകളുമാണ് വന്യമൃഗക്കൂട്ടം നശിപ്പിക്കുന്നത്. ഫോറസ്റ്റ് മേഖലയില്‍പ്പെടുന്ന ജനവാസമേഖലയോട് ചേര്‍ന്നുളള അക്ക്വേഷ്യ, മാഞ്ചിയം മരങ്ങളും നിരവധി നശിപ്പിച്ചിട്ടുണ്ട്. മഴ കനത്തതോടെ ഉള്‍ക്കാടുകളില്‍ ആവശ്യമായ ഭക്ഷണം ലഭിയ്ക്കാതെ വരുതന്നും വാസസ്ഥലങ്ങള്‍ നഷ്ടമായതുമാണ് വന്യജീവികള്‍ നാട്ടിലെത്താന്‍ പ്രധാനകാരണം. അടുത്ത ദിവസങ്ങളില്‍ പൊന്മുടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് താല്‍കാലിക ജീവനക്കാര്‍ പുലിയുടെ സാന്നിധ്യവും തിരിച്ചറിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ സമാന സാഹചര്യത്തില്‍ പുലിയും കരടിയുമടക്കമുളള വന്യജീവികള്‍ നാട്ടിലേയ്ക്ക് ഇറങ്ങിയിരുതായി സ്ഥലവാസികള്‍ പറയുന്നു. വനാതിര്‍ത്തികളില്‍ ആനക്കിടങ്ങും വൈദ്യുതകമ്പിവേലിയും സ്ഥാപിയ്ക്കാനുളള നടപടികള്‍ നാളിതുവരെയും ആരംഭിയ്ക്കാത്തതാണ് ഈ ദുരിതത്തിനു പ്രധാനകാരണം. വനം-വന്യജീവി വകുപ്പും അനുബന്ധവിഭാഗങ്ങളും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ പ്രതിക്ഷേധം ശക്തമാക്കാനാണ് ആദിവാസി ജനവിഭാഗത്തിന്റെ തീരുമാനം.

 

OTHER SECTIONS