ആക്കുളം തടാകം പുനരുജ്ജീവനം: സര്‍വെ നടപടികള്‍ പൂര്‍ത്തിയായി

By online desk .08 02 2020

imran-azhar

 

 

തിരുവനന്തപുരം: ആക്കുളം തടാകത്തിന്റെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി. തടാകം വീണ്ടെടുക്കലിനായി കിഫ്ബി വഴി 64.13 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി 145 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന തടാകത്തിന്റെ അതിര്‍ത്തി അടയാളപ്പെടുത്തുന്നതിനായി 126 അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചു. 1942 മുതല്‍ തടാകം വ്യാപിച്ച പ്രദേശം 31.06 ശതമാനവും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 9.86 ശതമാനവും കുറഞ്ഞുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിര്‍ത്തി നിര്‍ണയിച്ച് വേലികെട്ടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നടത്തിയ പഠനത്തില്‍ 64 ഹെക്റ്ററില്‍ തടാകം വ്യാപിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. തടാകം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ ജിപിഎസ് ഉപയോഗിച്ച് അതിര്‍ത്തികള്‍ അടയാളപ്പെടുത്തി. കൈയേറ്റങ്ങള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ കല്ലുകളും പാകിയിട്ടുണ്ട്.

 

തടാകത്തിന്റെ നവീകരണ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഡിസൈന്‍-ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ഡിബിഒടി) മാതൃകയാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായി ടൂറിസം വകുപ്പ് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. തടാകത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മുമ്പ് ആരംഭിച്ച പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി ഈ പദ്ധതി ജലസംസ്‌കരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹരിത സാങ്കേതികവിദ്യ ഉപയോഗിച്ച് തടാകത്തെ പുനരുജ്ജീവിപ്പിക്കലാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വാപ്‌കോസ് ലിമിറ്റഡിന്റെ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷാജന്‍ പറഞ്ഞു.

 

തടാകങ്ങളുടെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പുനരുജ്ജീവനത്തില്‍ പരിചയസമ്പന്നരായ ലേലക്കാരെ കണ്ടെത്തേണ്ടതുണ്ട്. 15 വര്‍ഷത്തേക്ക് ലേലമെടുക്കുന്നവര്‍ മുഴുവന്‍ പ്രോജക്ടും കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റ് ബാര്‍ട്ടന്‍ ഹില്‍ എന്‍ജിനീയറിംഗ് കോളേജിന് കീഴിലുള്ള ട്രാന്‍സിഷണല്‍ റിസര്‍ച്ച് ആന്റ് പ്രൊഫഷണല്‍ ലീഡര്‍ഷിപ്പ് സെന്റര്‍ (ടി.ആര്‍.പി.എല്‍.സി) വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. തടാകത്തിലെ മലിനീകരണം കുറയ്ക്കുന്നതിന് പ്രകൃതിദത്ത രീതികളും അവര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

OTHER SECTIONS