കരയാകുന്ന ജലാശയം; യുകെയിലെ മീഡ് തടാകത്തിന്റെ അവസ്ഥ ഞെട്ടിപ്പിക്കും

By RK.26 12 2021

imran-azhar

 

കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാണ് ലോകം. ലോകത്തെ വരിഞ്ഞുമുറുക്കുന്ന നീരാളികളായി ആഗോള താപനവും അതിന് അനുബന്ധമായ കാലാവസ്ഥാ വ്യതിയാനവും മാറിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നാണ് മീഡ് തടാകം. പ്രകൃതി രമണീയമായ മീഡ് തടാകം അതിവേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

 

ലാസ് വേഗാസിന്റെ കിഴക്കായി നെവാഡ-അരിസോണ അതിര്‍ത്തിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ജലനിരപ്പ് കുറയുന്നത് വന്‍തോതില്‍ കുടിവെള്ള പ്രതിസന്ധിക്കും കാരണമാകുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ജലക്ഷാമം രൂക്ഷമായി തീരുമെന്നാണ് നിഗമനം.

 

അമിതമായ ജലചൂഷണവും ജലസ്രോതസ്സ് വറ്റാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യു.എസ് ബ്യൂറോ ഒഫ് റിക്ലമേഷന്‍ കണക്കുകള്‍ പ്രകാരം 1930 ന് ശേഷം സംഭരണിയില്‍ ജലനിരപ്പ് ഇത്രയേറെ താഴുന്നത് ഇതാദ്യമാണ്.

 

ഏകദേശം രണ്ടരക്കോടിയോളം ജനങ്ങളാണ് മീഡ് തടാകത്തെ ആശ്രയിച്ച് കഴിയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ചൂടും വരള്‍ച്ചയും ജലസംഭരണിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായിരിക്കുകയാണ്.

 

ജലക്ഷാമം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇവിടുത്തെ കര്‍ഷകരെയാണ്. 1983 ലാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന് ജലനിരപ്പ് ജലസംഭരണിയിലുണ്ടായത്. അന്ന് സമുദ്രനിരപ്പിന് മുകളില്‍ 1,225 അടിയാണ് ജലസംഭരണി രേഖപ്പെടുത്തിയത്.

 

ജലസംഭരണിയില്‍ അത്രയും ജലനിരപ്പ് ഇനിയൊരിക്കലും ഉണ്ടാവില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവില്‍ സംഭരണിയുടെ ശേഷിയുടെ 36 ശതമാനമാണ് ജലമുളളത്. 2022 ഓടെ നിലവിലുള്ള ജലനിരപ്പില്‍ 20 അടി കൂടി ഇടിവുണ്ടാകുമെന്നാണ് നിഗമനം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അമിതമായ ചൂട് ജലം നഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി.

 

മീഡ് തടാകം വറ്റിക്കൊണ്ടിരിക്കുന്നത് വൈദ്യുതി ഉല്പാദനത്തെയും ബാധിച്ചിട്ടുണ്ട്. ഏകദേശം 2,000 മെഗാവാട്ട് ജലവൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുളള ഹൂവര്‍ ഡാം നിലവില്‍ 1500 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. തടാകത്തില്‍ ജലനിരപ്പ് 175 അടി കൂടി താഴുകയാണെങ്കില്‍ വെള്ളം ഹൂവര്‍ ഡാമിലേക്ക് എത്തില്ല. ഇത് കാലിഫോര്‍ണിയ, അരിസോണ, നെവാഡ തുടങ്ങിയിടങ്ങളില്‍ വൈദ്യുതി പ്രതിസന്ധിക്കും ഇടയാക്കും.

 

 

 

OTHER SECTIONS