കണ്‍മുന്നില്‍ മറയുന്ന ഉരഗങ്ങള്‍

By priya.30 04 2022

imran-azhar

 

ലോകത്തിലെ ഉരഗങ്ങളില്‍ അഞ്ചില്‍ ഒരെണ്ണം വംശനാശ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള 10,000-ത്തിലധികം ജീവിവര്‍ഗങ്ങളെ സമഗ്രമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ മുതലകളും ആമകളും അങ്ങേയറ്റം അപകടകരമായ ഭീഷണിയിലാണ് എന്നും അവയെ സംരക്ഷിക്കാനുള്ള ശ്രമം എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കണം എന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു. പക്ഷികളേയും മൃഗങ്ങളേയും വച്ച് നോക്കുമ്പോള്‍ ഉരഗങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നും അവയുടെ സംരക്ഷണകാര്യത്തില്‍ കാലങ്ങളായി ആരും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നും വിദഗ്ദ്ധര്‍ പറഞ്ഞു.

 

 

31 ഇനം ഉരഗങ്ങള്‍ക്കാണ് ഇതുവരെ വംശനാശം സംഭവിച്ചത്. പരിസ്ഥിതി മാഗസീന്‍ നാച്ച്വര്‍ലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഫണ്ടുകളുടെ അഭാവം കാരണം ഈ പഠനം പൂര്‍ത്തിയാക്കാനെടുത്തത് നീണ്ട 15 വര്‍ഷമാണ്. പലര്‍ക്കും ഉരഗങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ താല്‍പര്യമില്ല. മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യത്തിലാണ് പലരും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' അന്താരാഷ്ട്ര പ്രകൃതി സംഘടനയായ നേച്ചര്‍സര്‍വിലെ ഡോ. ബ്രൂസ് യംഗ് പറഞ്ഞു. എന്നിരുന്നാലും ആവാസവ്യവസ്ഥയിലും മനുഷ്യരുടെ ജീവിതത്തിലും വളരെ വലിയ പ്രാധാന്യമാണ് അവ വഹിക്കുന്നത്.

 

'പ്രാണികളടക്കം കീടങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ ഉരഗങ്ങള്‍ പ്രകൃതിയ്ക്ക് ആവശ്യമാണ്' യുഎസിലെ ഫിലാഡല്‍ഫിയയിലുള്ള ടെംപിള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ബ്ലെയര്‍ ഹെഡ്ജസ് പറഞ്ഞു.ഈ പഠനം പ്രസിദ്ധീകരിച്ചതിലൂടെ കടലാമ, മുതല എന്നിവയുടെയെല്ലാം സംരക്ഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാകുമെന്നും അതുവഴി അവയ്ക്ക് പെട്ടെന്ന് വംശനാശം സംഭവിക്കുന്നത് തടയാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ് 21% ഉരഗങ്ങള്‍ ഭീഷണിയിലാണ്; ഇത് പക്ഷികളേക്കാള്‍ ഉയര്‍ന്നതാണ്, പക്ഷേ സസ്തനികളേക്കാളും ഉഭയജീവികളേക്കാളും കുറവാണ് ഈ കണക്ക്. പകുതിയിലധികം മുതലകളും മൂന്നില്‍ രണ്ട് ആമകളും വംശനാശ ഭീഷണിയിലാണ്.

 

 

ലോകമെമ്പാടും ഉരഗങ്ങള്‍ ഭീഷണിയിലാണ്, പ്രത്യേകിച്ച തെക്കുകിഴക്കന്‍ ഏഷ്യ, പടിഞ്ഞാറന്‍ ആഫ്രിക്ക, വടക്കന്‍ മഡഗാസ്‌കര്‍, വടക്കന്‍ ആന്‍ഡീസ്, കരീബിയന്‍ എന്നിവിടങ്ങളില്‍.കൃഷിയിടങ്ങളുടെ വ്യാപനം, നഗരവികസനം, മരം മുറിക്കല്‍ എന്നിവ കാരണം ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നത് ഇഴജന്തുക്കളെ നാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതില്‍ ഒരു വലിയ ഘടകമാണ്. അതുപോലെ, മുതലകളും ആമകളും വേട്ടയാടല്‍ ഭീഷണി നേരിടുന്നു. മരുഭൂമിയിലും സാവന്നകളിലും കാണപ്പെടുന്ന ഉരഗങ്ങളേക്കാള്‍ ഭീഷണിയിലാണ് കാടുകളില്‍ കഴിയുന്ന ഉരഗങ്ങള്‍.

 


കാലാവസ്ഥാവ്യതിയാനവും ഉരഗങ്ങളുടെ ജീവന് ഭീഷണിയാവുന്നു, പ്രത്യേകിച്ച് ദ്വീപുകളില്‍.വംശനാശ ഭീഷണി നേരിടുന്ന എല്ലാ ഇഴജന്തുജാലങ്ങളെയും നമുക്ക് നഷ്ടമായാല്‍, 15.6 ബില്യണ്‍ വര്‍ഷത്തെ പരിണാമം ഈ ഗ്രഹത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടും. പഠനത്തിന്റെ രചയിതാക്കള്‍ വംശനാശം തടയുന്നതിന് ലോകവ്യാപകമായി ഒരു പുതിയ കരാറിന്റെ ആവശ്യകതയെ കുറിച്ച് എടുത്തുപറയുന്നു. ഇതുമായി ബന്ധപ്പെട്ട് വരാന്‍ പോകുന്ന സമ്മേളനങ്ങള്‍ പ്രധാനമായിരിക്കും എന്നാണ് കരുതുന്നത്.

 

 

OTHER SECTIONS