മലയാറ്റൂര്‍ തീര്‍ത്ഥാടനം: ഹരിതപ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍

By S R Krishnan.13 Apr, 2017

imran-azharകൊച്ചി: മലയാറ്റൂര്‍ തിരുനാളിനോടും തീര്‍ത്ഥാടനത്തോടുമനുബന്ധിച്ച്  അടിവാരം മുതല്‍ കുരിശുമുടി വരെയുളള തീര്‍ത്ഥാടനപാതയില്‍ ഹരിതപ്രോട്ടോക്കോള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. അടിവാരം മുതല്‍ കുരിശുമുടി വരെയുള്ള തീര്‍ത്ഥാടനപാത ജില്ലാ ശുചിത്വമിഷന്‍ ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. തീര്‍ത്ഥാടനപാതയില്‍ കുടിവെള്ളത്തിനായുള്ള കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്ളാസ്റ്റിക് കുപ്പികളിലെ കുടിവെള്ളം, അജൈവ പദാര്‍ത്ഥങ്ങളാല്‍ നിര്‍മിതമായ പായ്ക്കറ്റുകളിലെ ഭക്ഷണ-പാനീയ വിതരണം എന്നിവ നിരോധിച്ചിട്ടുണ്ട്. പാതയോരത്തുള്ള സ്റ്റാളുകളിലും മറ്റും ഇത്തരം പായ്ക്കറ്റുകളിലെ വില്പന നടക്കുന്നില്ല എന്നു സ്‌ക്വാഡുകള്‍ ഉറപ്പുവരുത്തും. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് പതിനായിരം രൂപ വരെ പിഴ ഈടാക്കും. തീര്‍ത്ഥാടകത്തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്ന എപ്രില്‍ 13,14,15, 16 തീയതികളിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. നാലു സ്‌ക്വാഡുകളുടെയും പ്രവര്‍ത്തനങ്ങളുടെ പൊതുവായ മേല്‍നോട്ട ചുമതല ആലുവ ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍ എസ് ശ്രീകുമാറിനാണ്. ആര്‍ സാബു, എസ് പി ജെയിംസ്, രാജു വി ആര്‍, സിഎം മുഹമ്മദ് ഇക്ബാല്‍, കെ.യു. സുനില്‍കുമാര്‍, വര്‍ഗീസ്, വി. ആര്‍. രാകേഷ്, കൃഷ്ണകുമാര്‍, നാസര്‍ ജെ.എം., മനോജ് കെ.വി., എം.ടി. അനില്‍കുമാര്‍, മണി ടി.ടി. തുടങ്ങിയ ഉദ്യോഗസ്ഥരാണ് സക്വാഡിലുള്‍പ്പെട്ടിട്ടുള്ളത്.

OTHER SECTIONS