ശബരി പാത, കാലടി പാലം: നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

By S R Krishnan.09 May, 2017

imran-azhar
 
 
കൊച്ചി: ശബരിപാതയുടെ അങ്കമാലി-കാലടി റീച്ചിലെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയിലും ഇന്നസെന്റ് എംപിയുടെ സാന്നിധ്യത്തിലും ചേര്‍ന്ന ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗത്തില്‍ തീരുമാനമായി. സ്ഥലമേറ്റെടുക്കുന്നതിനായി നിര്‍ത്തലാക്കിയ പൊന്നുംവില ഓഫീസുകള്‍ പുനഃസ്ഥാപിക്കുന്നതിനായുള്ള നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിക്കും. കുന്നത്തുനാട്, മുവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി 490 സര്‍വെ നമ്പറുകളില്‍പ്പെട്ട 132 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. 47 കിലോമീറ്റര്‍ ദൂരമാണ് നിശ്ചയിച്ചിരിക്കുന്നത്. മുമ്പ് പെരുമ്പാവൂര്‍, മുവാറ്റുപുഴ എന്നിവിടങ്ങളിലാണ് പൊന്നുംവില ഓഫീസുകള്‍ ഉണ്ടായിരുന്നത്. ഈ ഓഫീസുകള്‍ പുനഃസ്ഥാപിച്ചാല്‍ മാത്രമേ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടുപോകുകയുള്ളൂ. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി റെയില്‍വേ 40 കോടി രൂപ അനുവദിച്ചിരുന്നു. കാലടി, നായത്തോട് എന്നിവിടങ്ങളില്‍ മുറിഞ്ഞുപോയ റോഡുകള്‍ നന്നാക്കുന്നതിനൊപ്പം മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കേണ്ടതുണ്ട്. കാലടിയില്‍ പുതിയ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ സര്‍വെ ജോലികള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. അലൈന്‍മെന്റ് നിശ്ചയിച്ചതായി പൊതുമരാമത്തുവകുപ്പ് പ്രതിനിധി അറിയിച്ചു. സര്‍വെ സംബന്ധിച്ച് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിക്കും. പാലം നിര്‍മിക്കുന്നതിന് 42 കോടി രൂപ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.