By Avani Chandra.25 04 2022
യുഎസിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ അതിശക്തമായ കാറ്റില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന കാട്ടുതീയില്‍ വ്യാപക നഷ്ടം. വടക്കന്‍ അരിസോനയില്‍ ഒട്ടേറെ വീടുകളും ന്യൂമെക്സിക്കോയില്‍ നിരവധി ഗ്രാമങ്ങളും അഗ്നിക്കിരയായി. വീശിയടിക്കുന്ന കാറ്റില്‍ തീനാളങ്ങള്‍ വരണ്ട കാടുകളിലേക്കും പുല്‍മേടുകളിലേക്കു പരന്നതോടെയാണു തീ വന്യമായ ശക്തി കൈവരിച്ചത്. പര്‍വതനിരകള്‍ക്കു താഴെയുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന ആയിരത്തോളം പേരെ ഒഴിപ്പിച്ചു. യുഎസ്സിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ കാട്ടുതീ ശക്തിപ്രാപിക്കുകയാണ്.
കാട്ടുതീ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോള്‍ഫാക്സ്, ലിങ്കണ്, സാന്‍ മിഗുഎല്‍, വാലെന്‍സിയ എന്നിവിടങ്ങളില്‍ ഗവര്‍ണര്‍ ലുജാന്‍ ഗ്രിഷാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് ശൈത്യകാലത്ത് മഞ്ഞുവീഴ്ച കുറയുകയും ചെറുതും വലുതുമായി തീപിടിത്തങ്ങള്‍ നേരത്തേ വരാനും കാരണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ന്യൂമെക്സിക്കോയ്ക്കു പുറമേ അയല്‍ പ്രദേശമായ അരിസോനയിലും കാട്ടൂതീ രൂക്ഷമാണ്.
ന്യൂമെക്സിക്കോയിലെ ലാസ് വാഗസിന്റെ വടക്കു പടിഞ്ഞാറായി കൂടിച്ചേര്‍ന്ന രണ്ടു കാട്ടുതീകള്‍, മണിക്കൂറില്‍ 121 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ 24 കിലോമീറ്റര്‍ ദൂരമുള്ള വനത്തിലൂടെയെത്തി ഇരുന്നൂറോളം കെട്ടിടങ്ങളാണ് തകര്‍ത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുഎസ്സില്‍ നിലവില്‍ ഏറ്റവും വലിയ കാട്ടുതീ ഈ പ്രദേശത്താണെന്നാണ് വിവരം. ന്യൂമെക്സിക്കോയില്‍ ആറിടങ്ങളിലും അരിസോനയില്‍ മൂന്നിടങ്ങളിലും തീ കത്തുകയാണ്. മൊത്തം 258 ചതുരശ്ര കിലോമീറ്ററോളം കാടു കത്തിയെരിഞ്ഞെന്നാണു റിപ്പോര്‍ട്ട്.