കേരളം കൊടുംചൂടില്‍; താപനിലയില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ കോട്ടയം ജില്ല

By Haritha Shaji.02 03 2022

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയം താപനില അനുദിനം വര്‍ദ്ധിക്കുന്നു. കോട്ടയം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്. താപനിലയുടെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ഒന്നാമതാണ കോട്ടയം. പകല്‍ സമയം 37 ടിഗ്രി സെല്‍ഷ്യസിന് മുകളിലാണ് കോട്ടയത്തെ താപനില.

 

കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ നഗരം കോട്ടയമാണ്.

 

മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരുന്ന ജില്ല പാലക്കാട് ആയിരുന്നു. കഴിഞ്ഞ ദിവസം പകല്‍ 37.3 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട് നഗരത്തില്‍ രേഖപ്പെടുത്തിയ താപനില. അതേസമയം കോട്ടയത്തെ താപനില വര്‍ദ്ധിച്ചതില്‍ കാലാവസ്ഥാ വിദഗ്ദ്ധര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. കോട്ടയത്ത് ഇത്രയും ഉയര്‍ന്ന പകല്‍ താപനില അടുത്ത കാലത്തൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

 

ചൂടിന്റെ കാര്യത്തില്‍ ആന്ധ്രാപ്രദേശിലെ നന്ദ്യാലാണ് രാജ്യത്ത് രണ്ടാം സ്ഥാനമുള്ള നഗരം. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ അഹമ്മദ് നഗര്‍ (37.2), ഭദ്രാചലം (36.8), കര്‍ണൂല്‍ (36.6) എന്നീ സ്ഥലങ്ങളാണ് താപനിലയില്‍ മുന്‍പില്‍.

 

ആറ് വര്‍ഷം മുന്‍പ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 36 ഡിഗ്രിക്ക് മുകളില്‍ ചൂട് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് ആദ്യം തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിതിനാല്‍ ഏപ്രില്‍ മാസത്തില്‍ ഉയര്‍ന്ന ചൂട് കോട്ടയത്ത് രേഖപ്പെടുത്തിയേക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

 

സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകല്‍ 12 മുതല്‍ 3 വരെ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നും, ചൂട് നേരിട്ട് ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ചൂട് വര്‍ദ്ധിച്ചതോടെ സൂര്യാഘാതം പോലെയുള്ള അപകട സാധ്യതയും വര്‍ധിച്ചിട്ടുണ്ട്.

 

OTHER SECTIONS