പ്രളയഭീതിയില്‍ ഒരു കുഞ്ഞന്‍ ദ്വീപ്‌

By Kavitha J.15 Jul, 2018

imran-azhar

 

ഗ്രീന്‍ലാന്‍ഡ്: ഗ്രീന്‍ലാന്‍ഡിന്റെ പടിഞ്ഞാറെ തീരത്തുള്ള ഇന്നര്‍സൂട്ട് ഗ്രാമനിവാസികള്‍ ഭീതിയോടെയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. ഗ്രാമത്തിനാകെ ഭീഷണി സൃഷ്ടിച്ചു കൊണ്ട് കൂറ്റന്‍ മഞ്ഞുമലയാണ് കണ്മുന്നിലുള്ളത്. മഞ്ഞുമലയുടെ ഉയരം 330 അടിയാണ്. ഏതു നിമിഷവും സുനാമി തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യത കണക്കാക്കിയാണിവര്‍ ജീവിക്കുന്നത്. അധികൃതര്‍ തീരദേശത്തു നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

 

ലിനാ ഡേവിഡ്‌സണ്‍ എന്ന ഗ്രീന്‍ലാന്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്, ഏത് നിമിഷവും മഞ്ഞുമല തകരാന്‍ സാധ്യതയുണ്ടെന്നും, അങ്ങനെ സംഭവിച്ചാല്‍ അതിരൂക്ഷമായ വെള്ളപ്പൊക്ക സാധ്യതയാണ് മുന്നില്‍ കാണുന്നതെന്നുമാണ് . അതേസമയം, തീരദേശത്ത് ആളുകള്‍ താമസിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കുട്ടികളെ അടക്കം സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 180 ഓളം ആള്‍ക്കാര്‍ മാത്രമാണ് ഈ കുഞ്ഞന്‍ ദ്വീപിലെ ജനസംഖ്യ. ഇവിടേക്ക് ഹെലികോപ്റ്റര്‍ അടക്കമുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ഗ്രീന്‍ലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.

 


ഗ്രീന്‍ലാന്‍ഡിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് മഞ്ഞുപാളികളുടെയും മഞ്ഞുമലകളുടെയും രൂപംകൊളളല്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഇത്രയും ഭീമാകാരമായ മഞ്ഞുമല അസാധാരണമാണന്ന് ഭൂതത്ത്വശാസ്ത്രജ്ഞര്‍ പറയുന്നു. അതുപോലെതന്നെ തുടരെത്തുടരെ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കഴിഞ്ഞ 100 വര്‍ഷങ്ങളില്‍ മഞ്ഞുമലകളുടെ ഉല്‍പ്പാദനം ഗണ്യമായ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്‌
.