By Sooraj Surendran .24 11 2019
അപ്രതീക്ഷിതമായി വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ജീവന്മരണ പോരാട്ടത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. കെനിയയിലെ മാസായ് മാറയിൽ നിന്നുമാണ് ഇത്തരത്തിൽ ഭയാനകമായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പുറത്ത് വരുന്നത്. മാസായ് മാറയിൽ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന മൈക്ക് വെൽട്ടനാണ് ദൃശ്യങ്ങൾ തന്റെ ക്യാമറയിൽ പകർത്തിയത്. ആഫ്രിക്കൻ റോക്ക് പൈതൺ ഇനത്തിൽപ്പെട്ട കൂറ്റൻ പെരുമ്പാമ്പാണ് പുള്ളിപ്പുലിയെ വരിഞ്ഞുമുറുക്കിയത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ അടിപതറിയ പുള്ളിപ്പുലി രക്ഷപെടാൻ പഠിച്ച പണി പതിനെട്ടും പയറ്റി.
ജീവന്മരണ പോരാട്ടത്തിൽ പ്രത്യാക്രമണം നടത്തിയ പുള്ളിപ്പുലി കൂർത്ത നഖങ്ങളും, പല്ലുകളും ഉപയോഗിച്ച് പെരുമ്പാമ്പിനെ പ്രതിരോധിച്ചു. പാമ്പിന്റെ പിടിയിൽ നിന്നും കുതറി രക്ഷപ്പെട്ട പുള്ളിപ്പുലി നിമിഷ നേരം കൊണ്ട് പെരുമ്പാമ്പിന്റെ തലയിൽ കടിച്ച് കുടഞ്ഞ് കൊന്നു. ഒരു ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. യുഎസ്എ സ്വദേശികളായ വിനോദ സഞ്ചാരികളുടെ സംഘമാണ് ഈ ഭയാനക രംഗം നേർസാക്ഷ്യം വഹിച്ചത്.