തൃപ്പൂണിത്തുറ ഹിൽപാലസിൽ മാനുകൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തും

By S R Krishnan.05 May, 2017

imran-azhar

 

കൊച്ചി: തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ എസ്പിസിഎ (മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനുള്ള സൊസൈറ്റി) ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹില്‍പാലസിലെ മാന്‍പാര്‍ക്കിന്റെ വിസ്തൃതി വര്‍ധിപ്പിക്കാത്തതു മൂലം അവയെ വേണ്ടവിധം പാര്‍പ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 214 പുള്ളിമാനുകളും 31 മ്ലാവുകളെയും പാര്‍പ്പിക്കുന്നതിനുള്ള അംഗീകാരം ഇതു മൂലം നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിയാണെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. 1992ല്‍ 18 മാനുകളാണുണ്ടായിരുന്നത്. എട്ടു മഌവുകളും. മാന്‍പാര്‍ക്കിന്റെ വിസ്തൃതി അഞ്ച് ഹെക്ടറായി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ഇനിയും നടപ്പായിട്ടില്ല. മാനുകളുടെ പരിപാലനത്തിനായി രണ്ടരലക്ഷം രൂപ മാസം ചെലവു വരുന്നുണ്ട്. മാനുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ഒരുകോടി രൂപ ചെലവു വരുമെന്നാണ് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്. മാനുകളുടെ പരിചരണം വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ നിര്‍ദേശിച്ചു. മാനുകളെ ഉചിതമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, സെക്രട്ടറി കെ. കെ. അബ്ദുള്‍ റഷീദ്, എസ് പി സി എ ഇന്‍സ്‌പെക്ടര്‍ സജിത്, അസിസ്റ്റന്റ് കെ. ബി. ഇക്ബാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

OTHER SECTIONS