By സൂരജ് സുരേന്ദ്രന്.02 03 2021
കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം.
കാഴ്ചക്കാർക്ക് എന്നും നിറവസന്തം സമ്മാനിക്കുന്ന പ്രകൃതിയുടെ അത്ഭുതമായ നയാഗ്ര അതിശൈത്യത്തിൽ തണുത്തുറഞ്ഞ അവസ്ഥയിലാണ്.
അമേരിക്കയുടെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ തണുത്ത കാലാവസ്ഥയാണ് തുടരുന്നത്. മാസങ്ങളായി നീണ്ടുനിൽക്കുന്ന ഈ അതിശൈത്യം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെയും മൃഗങ്ങളുടെയും നിലനിൽപ്പിനെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
മാസങ്ങളോളമായി നയാഗ്ര വെള്ളച്ചാട്ടത്തിനും പരിസര പ്രദേശങ്ങളിലും മൈനസ് ഡിഗ്രി താപനിലയാണ്.
ഫ്രോസൺ ഫാൾസ് അഥവാ ഐസ് കട്ടകളുടെ വെള്ളച്ചാട്ടത്തിന്റെ അത്ഭുത കാഴ്ചയാണ് ഇപ്പോൾ നയാഗ്രയുടെ പ്രത്യേകത.
തണുത്തുറഞ്ഞ നയാഗ്രയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നയാഗ്രയുടെ പതിവ് കാഴ്ചയ്ക്ക് പകരം വെള്ളം തണുത്തുറഞ്ഞ് മരവിച്ച നയാഗ്രയാണ് ഇപ്പോഴുള്ള കാഴ്ച.
കാഴ്ച അത്ഭുതവും കൗതുകവും ആണെങ്കിലും അമേരിക്കൻ ഐക്യനാടുകൾ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന അതിഭീകരമായ ശൈത്യത്തിന്റെ നേർസാക്ഷ്യമാണ് ഭാഗീകമായി നിലച്ച നയാഗ്ര.