വര്‍ഷത്തില്‍ ഭൂരിഭാഗവും മണ്ണിനടിയില്‍; ഇല്ലിക്കല്‍കല്ലില്‍ വംശനാശഭീഷണി നേരിടുന്ന അപൂര്‍വയിനം തവളയെ കണ്ടെത്തി

By Avani Chandra.19 04 2022

imran-azhar

 

മൂന്നിലവ്: വംശനാശഭീഷണി നേരിടുന്ന അപൂര്‍വയിനം തവളയെ ഇല്ലിക്കല്‍കല്ലിന്റെ പരിസരപ്രദേശത്തു നിന്ന് കണ്ടെത്തി. പഴുക്കാക്കാനം തലക്കശ്ശേരി ഡാനിയലിന്റെ പുരയിടത്തില്‍ നിന്നാണ് പന്നിമൂക്കന്‍ തവളയെ കണ്ടെത്തിയത്. ഡാനിയലിന്റെ മകളും മൂന്നിലവ് പഞ്ചായത്ത് നാലാം വാര്‍ഡ് അംഗവുമായ ജിന്‍സി ഡാനിയലാണ് തവളയെ കണ്ടെത്തിയത്.

 

വിവരം മേലുകാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രകൃതി നിരീക്ഷകനുമായ എം.എന്‍.അജയകുമാറിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇല്ലിക്കല്‍കല്ല് മലനിരകളില്‍ പന്നിമൂക്കന്‍ തവളയെ കാണാനുള്ള സാധ്യതയെപ്പറ്റി അജയകുമാര്‍ പഠനം നടത്തുകയും ജിന്‍സിക്ക് വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

 

ഞായറാഴ്ച മഴയ്ക്ക് ശേഷമാണ് പുരയിടത്തില്‍ തവളയെ കണ്ടെത്തിയത്. എം.എന്‍.അജയകുമാറിനൊപ്പം കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത്, പി.മനോജ് എന്നിവരെത്തി ഇത് പന്നിമൂക്കന്‍ തവളയാണെന്ന് സ്ഥിരീകരിച്ചു. ഇതിനുമുമ്പ് 2003-ലാണ് അവസാനമായി കേരളത്തില്‍ ഈ തവളയെ കണ്ടെത്തിയത്.

 

വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മണ്ണിനടിയില്‍ കഴിച്ചുകൂട്ടുന്ന പന്നിമൂക്കന്‍ തവള പ്രജനനത്തിനായി മണ്‍സൂണ്‍ ആരംഭിക്കുന്ന സമയത്ത് മുകളിലേക്ക് വരും. പ്രജനനത്തിന് ശേഷം പത്ത് മീറ്ററോളം മണ്ണിനടിയിലേക്ക് തിരികെ പോകും. പഴുക്കാക്കാനത്തു നിന്ന് കണ്ടെത്തിയത് പെണ്‍ തവളയെയാണ്. തവളയെ അതിന്റെ ആവാസ വ്യവസ്ഥയിലേക്കു തന്നെ മടക്കിവിട്ടു.

 

 

OTHER SECTIONS