ഭൂമിയിലുള്ള ഉറുമ്പുകളുടെ കണക്കെടുത്ത് ശാസ്ത്രജ്ഞര്‍

By priya.27 09 2022

imran-azhar

 


വാഷിങ്ടന്‍: ഭൂമിയിലുള്ള ഉറുമ്പുകളുടെ എണ്ണം ഏകദേശം 20 ക്വാഡ്രില്യനാണെന്ന് (20,000,000,000,000,000) കണ്ടെത്തി ശാസ്ത്രജ്ഞര്‍.ഭൂമിയിലെ മൊത്തം മനുഷ്യരുടെ ജനസംഖ്യ 775.28 കോടിയാണ്. ഇങ്ങനെ താരതമ്യപ്പെടുത്തിയാല്‍ ഒരു മനുഷ്യന് ഏകദേശം 25.8 ലക്ഷം ഉറുമ്പുകള്‍ ലോകത്തുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.ജര്‍മനിയിലെ വുത്സ്ബര്‍ഗ്, ഹോങ്കോങ് സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഗവേഷണം നടത്തിയത്.


ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉറുമ്പുകളുടെ എണ്ണത്തെക്കുറിച്ച് നടത്തിയ 489 പഠനങ്ങളുടെ ഫലങ്ങള്‍ അപഗ്രഥിച്ചാണ് ഇവയുടെ ഭൂമിയിലെ മൊത്തം എണ്ണം ഏകദേശം 20 ക്വാഡ്രില്യനാണെന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയത്. ഭൂമിയിലുള്ള മൊത്തം ഉറുമ്പുകളുടെ മൊത്തം ശുഷ്‌ക ഭാരം (ശരീരത്തിലെ കാര്‍ബണിന്റെ ഭാരം) കണക്കാക്കിയാല്‍ എല്ലാ മനുഷ്യരുടെയും മൊത്തം ശുഷ്‌ക ഭാരത്തിന്റെ 20 ശതമാനം ഉണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

 

ദിനോസറുകള്‍ ഭൂമി വാണിരുന്ന കാലം മുതല്‍ തന്നെ ഉറുമ്പുകള്‍ ഇവിടെയുണ്ട്. 10 കോടി വര്‍ഷം മുന്‍പ് ക്രെറ്റേഷ്യസ് കാലഘട്ടത്തിലും ഉറുമ്പുകളുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയില്‍ പോഷണ ചംക്രമണം, വിത്ത് വിതരണം, ജൈവവസ്തുക്കളുടെ വിഘടനം എന്നിങ്ങനെ പ്രധാനപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ ഉറുമ്പുകള്‍ നടത്തുന്നുണ്ട്.


ലോകത്ത് 15,700 തരം വര്‍ഗത്തില്‍പ്പെട്ട ഉറുമ്പുകളുണ്ടെന്നാണ് കരുതപ്പെടുന്നത്. അന്റാര്‍ട്ടിക്ക, ഗ്രീന്‍ലന്‍ഡ്, ഐസ്ലന്‍ഡ് എന്നിവിടങ്ങളും ചില ദ്വീപരാജ്യങ്ങളും ഒഴിച്ച് ഭൂമിയിലെല്ലായിടവും ഉറുമ്പുകളുടെ സാന്നിധ്യമുണ്ട്. ഓസ്‌ട്രേലിയയിലെ 'ബുള്‍ഡോഗ് ആന്റ്' ആണ് ലോകത്തിലെ ഏറ്റവും മാരകശേഷിയുള്ള ഉറുമ്പായി കരുതപ്പെടുന്നത് .ഇവയുടെ കടിയേറ്റ് 3 പേരെങ്കിലും മരിച്ചിട്ടുണ്ട്.

 

 

OTHER SECTIONS