പൊതുജനങ്ങള്‍ക്കായി കടലറിവുകള്‍ സിഎംഎഫ്ആര്‍ഐ

By S R Krishnan.31 Jan, 2017

imran-azhar


കൊച്ചി: ആഴക്കടലിന്റെ വിസ്മയങ്ങള്‍ അനാവരണം ചെയ്യുന്ന ശാസ്ത്ര-ഗവേഷണ പഠനങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്കും അറിയാം. സമുദ്ര മത്സ്യമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ ആണ് കടലറിവിന്റെ വാതിലുകള്‍ തുറന്നിടുന്നത്. 70 മത് സ്ഥാപക ദിനം ആഘോഷിക്കുന്ന ഫെബ്രുവരി മൂന്നിനാണ് (വെള്ളി) സിഎംഎഫ്ആര്‍ഐ പൊതുജനങ്ങള്‍ക്കായി സ്ഥാപനത്തിന്റെ വാതിലകുള്‍ തുറന്നിടുന്നത്. ആയിരത്തോളം മത്സ്യയിനങ്ങളും സമുദ്ര ജൈവവൈവിധ്യങ്ങളും അടങ്ങുന്ന നാഷണല്‍ മറൈന്‍ ബയോഡൈവേഴ്സിറ്റി മ്യൂസിയമാണ് പ്രധാന ആകര്‍ഷണം. ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, ഡോള്‍ഫിന്‍, കടല്‍ പശു, സണ്‍ ഫിഷ്, വിഷമത്സ്യങ്ങള്‍, പെന്‍ഗ്വിന്‍, കടല്‍ പാമ്പുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍കുതിര, വിവിധയിനം ശംഖുകള്‍ തുടങ്ങി കടലിലെ വൈവിധ്യമായ സസ്യ-ജന്തുജാലങ്ങളുടെശേഖരം സിഎംഎഫ്ആര്‍ഐയിലെ മ്യൂസിയത്തില്‍ ഉണ്ട്. കൂടാതെ സമുദ്ര അലങ്കാരമത്സ്യങ്ങളുടെ അക്വേറിയം, ഹാച്ചറി, സാങ്കേതികവിദ്യകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആറ്റിക്, വിവിധയിനം ലബോറട്ടറികള്‍ തുടങ്ങിയവയും സന്ദര്‍ശകര്‍ക്കായി തുറന്നിടും. കടല്‍ജീവികളില്‍ നിന്നുള്ള ഔഷധ നിര്‍മ്മാണം, മത്സ്യങ്ങളുടെ വയസ്സ് നിര്‍ണ്ണയിക്കുന്ന പരീക്ഷണങ്ങള്‍ എന്നിവ നടക്കുന്ന ലാബുകളും സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അറിവ് നേടാനുള്ള അവസരമുണ്ടാകും. സംശയനിവാരണം നടത്തുന്നതിനും സമുദ്ര, മത്സ്യ മേഖലയുമായി ബന്ധപ്പെട്ട അറിവുകള്‍ നേടുന്നതിനുംശാസത്രജ്ഞരുമായി പൊതുജനങ്ങള്‍ക്ക് സംവദിക്കാനുള്ള അവസരവും വെള്ളിയാഴ്ച ഒരുക്കുന്ന പരിപാടിയില്‍ ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 4 വരെയാണ് സന്ദര്‍ശന സമയം. സപ്തതി ദിനാഘോഷത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഫെബ്രുവരി 18 ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിക്കും.

 

OTHER SECTIONS