ചുട്ടുപൊള്ളി ഉത്തരേന്ത്യ; വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

By Avani Chandra.30 04 2022

imran-azhar

 

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ചൂട് അസഹ്യമാകുന്നു. വരും ദിവസങ്ങളില്‍ താപനില രണ്ടുഡിഗ്രി സെല്‍ഷ്യസുകൂടി ഉയരുമെന്നാണ് മുന്നറിയിപ്പ്. ചൂട് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഉഷ്ണതരംഗം തുടരും. മധ്യപ്രദേശ്, വിദര്‍ഭ, ജമ്മു, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്.

 

ഒരു പ്രദേശത്തെ സാധാരണ താപനില ശരാശരിയെക്കാള്‍ കൂടുതലായി രണ്ടോ അതിലധികമോ ദിവസം തുടരുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലോ സമതലപ്രദേശങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനുമുകളിലോ ചൂട് എത്തുന്ന ദിവസങ്ങളിലാണ് ഉഷ്ണതരംഗം രൂപപ്പെടുക.

 

മാര്‍ച്ചില്‍ കുറച്ചുപോലും മഴ ലഭിക്കാത്തത് ചൂട് കൂടാനും തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങള്‍ക്കും കാരണമായതായി കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ആര്‍.കെ. ജെനാമണി പറഞ്ഞു. താപനില ക്രമാതീതമായി വര്‍ധിച്ചാല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കനക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS