നഗരമധ്യത്തില്‍ ഒരു 'കുഞ്ഞിളംകാട്'

By online desk.25 06 2020

imran-azhar

 

 

തിരുവനന്തപുരം: ഫ്‌ളാറ്റുകളും കെട്ടിടങ്ങളും ധാരാളമുള്ള നഗരമധ്യത്തില്‍ ഒരു പച്ചത്തുരുത്ത് ആയാലോ? നഗരസഭയും ഹരിത കേരളം മിഷനും ചേര്‍ന്ന് അത് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. പാറ്റൂര്‍ ഇഎംഎസ് നഗറില്‍ 'കുഞ്ഞിളംകാട് 'എന്ന പേരില്‍ നിര്‍മ്മിച്ച പച്ചത്തുരുത്തിന്റെ ഉദ്ഘാടനം വൃക്ഷത്തൈ നട്ടുകൊണ്ട് മേയര്‍ കെ.ശ്രീകുമാര്‍ നിര്‍വഹിച്ചു. നഗരമധ്യത്തില്‍ മാതൃകാ ചെറുവനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നൂറ്റമ്പതില്‍പ്പരം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ചെടികളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.ആര്‍.സതീഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, എം.ഫത്തഹുദ്ദീന്‍, സലിന്‍ മാങ്കുഴി, സി.ഹുമയൂണ്‍, ഡി.സി.സേനന്‍ എന്നിവര്‍ പങ്കെടുത്തു. ഹരിതകേരള മിഷന്‍, തിരുവനന്തപുരം നഗരസഭ, അയ്യങ്കാളി തൊഴുലുറപ്പു പദ്ധതി, ഇഎംഎസ് നഗര്‍ ഫാസ് അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമാക്കി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുമായും തൊഴിലുറപ്പ് പദ്ധതികളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 153 പച്ചത്തുരുത്തുകള്‍ നിലവില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജില്ലയിലാകെ 226 പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

 

OTHER SECTIONS