അമ്പത് ദിനം, നൂറ് കുളം: തെളിനീര്‍ തടാകങ്ങളായി പതിനെട്ട് കുളങ്ങള്‍

By S R Krishnan.10 Apr, 2017

imran-azhar


കൊച്ചി: ജലസ്രോതസുകള്‍ വൃത്തിയാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ അമ്പത് ദിനം നൂറു കുളം പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തെളിനീര്‍ തടാകങ്ങളായി മാറിയത് പതിനെട്ട് കുളങ്ങള്‍. മൂന്നു ദിവസങ്ങളിലായി നടന്ന രണ്ടാംഘട്ടത്തില്‍ ഏറ്റവും അവസാനം ശുചീകരിച്ചത് ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അയ്യന്‍കുളം. ആമ്പല്ലൂര്‍ മന്ദാകിനി ക്ലബ്ബ് പ്രവര്‍ത്തകരും കുടുംബശ്രീ വോളന്റിയര്‍മാരും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്നാണ് ചെളിയും മാലിന്യങ്ങളും നീക്കി കുളം വൃത്തിയാക്കിയത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി.കെ പ്രകാശ് നേതൃത്വം നല്‍കി.
കൊച്ചി കപ്പല്‍ശാലയുടെ പിന്തുണയോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 12 കുളങ്ങളാണ് വൃത്തിയാക്കിയത്. ഒന്നാംഘട്ടത്തില്‍ ആറു കുളങ്ങളും ശുചീകരിച്ചു. അന്‍പൊട് കൊച്ചി, നെഹ്‌റു യുവകേന്ദ്ര, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, എന്‍.സി.സി സേനാംഗങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ എന്നിവര്‍ കുളങ്ങള്‍ വൃത്തിയാക്കാന്‍ സജീവമായി രംഗത്തിറങ്ങിയിരുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായാണ് കുളം വൃത്തിയാക്കല്‍ പദ്ധതിക്ക് രൂപം നല്‍കിയത്.
ചേന്ദമംഗലം അരങ്കാവു അമ്പലക്കുളം, കടുങ്ങല്ലൂര്‍ ഇരുമ്പക്കുളം, കോട്ടുവള്ളി രണ്ടാം വാര്‍ഡിലെ കടുവന്‍കുളം, നെടുമ്പാശ്ശേരി 12ാം വാര്‍ഡിലെ കണ്ടന്‍കുളം, നെടുമ്പാശ്ശേരി 16ാം വാര്‍ഡിലെ ഈരച്ചന്‍കുളം, വടക്കന്‍ പറവൂര്‍ നഗരസഭയിലെ പെരുവാരം അമ്പലക്കുളം, പാറക്കടവു 17ാം വാര്‍ഡിലെ പാറണിക്കുളം, 18ാം വാര്‍ഡിലെ രാമന്‍കുളം, രണ്ടാം വാര്‍ഡിലെ ഉച്ചുക്കുളം എന്നിവയാണ് ഞായറാഴ്ച്ച വൃത്തിയാക്കിയത്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയും വിവിധ കേന്ദ്രങ്ങളിലെത്തിയിരുന്നു.