ചൈനയില്‍ മഴയില്‍ പെയ്തിറങ്ങിയത് കടല്‍ജീവികള്‍

By Kavitha J.20 Jun, 2018

imran-azhar

ചൈന: ചൈനയുടെ തീരദേശ നഗരമായ ചിങ്ഡാവോയില്‍ കഴിഞ്ഞ ദിവസം ആര്‍ത്തലച്ചു പെയ്ത മഴയില്‍ വെള്ളത്തിനൊപ്പം പെയ്തിറങ്ങിയത്, വമ്പന്‍ നീരാളിയും നക്ഷത്രമത്സ്യവും മുതല്‍ ഞണ്ടും കടല്‍പ്പന്നിയും വരെയാണ്. കൂറ്റന്‍ നീരാളികള്‍ വീണ് റോഡിലുണ്ടായിരുന്ന കാറുകളുടെ ഗ്ലാസുകള്‍ തകര്‍ന്ന് തരിപ്പണമായി. ഏകദേശം ഒരു മണിക്കൂറോളം ഈ പ്രതിഭാസം നീണ്ടു നിന്നു. കണ്ടു നിന്നവര്‍ സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാനാവാതെ അമ്പരന്നു നില്‍ക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ഈ സ്ഥലത്ത് കാറ്റും മഴയും ഉണ്ടായിരുന്നു. എന്നാല്‍ ഈ പ്രതിഭാസത്തെക്കുറിച്ച് വ്യക്തമായി വിശദീകരിക്കാന്‍ ചൈനയിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിനു കഴിഞ്ഞിട്ടില്ല.


മേഘങ്ങള്‍ക്കിടയില്‍ പെട്ടെന്നുണ്ടാകുന്ന മര്‍ദ വ്യത്യാസം കൊണ്ട് സംഭവിക്കുന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസമാകാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഈ പ്രതിഭാസത്തിനുണ്ട്. പ്രത്യേകതരം മര്‍ദത്തെത്തുടര്‍ന്ന് കടല്‍ജലത്തോടൊപ്പം കടല്‍ജീവികള്‍ ആകാശത്തേക്കു വലിച്ചെടുക്കപ്പെടുകയും കൊടുങ്കാറ്റില്‍ ഇവ തീരത്തു പെയ്തിറങ്ങിയെന്നുമാണ് നിഗമനം. ഏകദേശം 5-10 മിനിറ്റു വരെ നീണ്ടു നില്‍ക്കുന്ന ഈ പ്രതിഭാസം കരയില്‍ സംഭവിക്കുന്ന കൊടുങ്കാറ്റിന് സമാനമാണ്. കഴിഞ്ഞ വര്‍ഷം മെക്‌സിക്കന്‍ തീര പ്രദേശമായ ടാംപികോയിലും സമാന സംഭവമുണ്ടായിട്ടുണ്ട്. അന്നവിടെ മഴയ്‌ക്കൊപ്പം പെയ്തിറങ്ങിയത് ചെറുതും വലുതുമായ നിരവധി മത്സ്യങ്ങളാണ്.