ഒരു ഫോണ്‍ കോളില്‍, വീട്ടിലെത്തും സൗജന്യ ചികിത്സ

By online desk .16 09 2020

imran-azhar

 

 

തിരുവനന്തപുരം ; കോവിഡ് മഹാമാരി ജീവിതം തകിടംമറിച്ചിരിക്കുകയാണ്. കോവിഡ് പേടിയില്‍, ആശുപത്രിയില്‍ പോകാനാവാത്ത അവസ്ഥയാണുള്ളത്. 60 വയസിനു മുകളിലുള്ളവര്‍ ആശുപത്രിയില്‍ പോകാനാവാതെ പ്രതിസന്ധിയിലാണ്. ഇത്തരക്കാര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. ഒരു ഫോണ്‍ കോളില്‍ ഡോക്ടറും മരുന്നു വീട്ടിലെത്തും. തിരുവനന്തപുരം ജില്ല സാമൂഹ്യക്ഷേമ വകുപ്പാണ് ഇതിനായി മൊബൈല്‍ മെഡിക്കല്‍ സംഘങ്ങളെ ഒരുക്കിയിട്ടുള്ളത്. വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് വീട്ടിലെത്തി ചികിത്സ നല്‍കും.


ജില്ലയില്‍ മൂന്നു ലക്ഷത്തോളം വയോധികരുണ്ട്. ലോക്ഡൗണ്‍ കാലത്ത് അങ്കണവാടി ജീവനക്കാര്‍ വയോധികരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വയോധികരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും. ആവശ്യമുള്ളവര്‍ക്ക് ചികിത്സയും മരുന്നും ലഭ്യമാക്കും. സേവനം ലഭ്യമാക്കാനായി ഇരുപതില്‍ അധികം വോളന്റിയര്‍മാര്‍ ഉള്‍ക്കൊള്ളുന്ന കോള്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് കോള്‍ സെന്ററില്‍ വിളിക്കാം. 

 

സോഷ്യോളജി, സൈക്കോളജി അധ്യാപകര്‍, ഐഡിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, എംഎസ് ഡബ്യു വിദ്യാര്‍ത്ഥികള്‍ എ്ന്നിവര്‍ അടങ്ങുന്ന സംഘമാണ് ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നത്. വയോധികരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം മാനസികപിരിമുറുക്കം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിംഗും സംഘം നല്‍കും. കൗണ്‍സിലിംഗിനായി പ്രത്യേക സംഘമുണ്ട്. 

 

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി എട്ട് മെഡിക്കല്‍ സംഘങ്ങളെയാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ ആറു മുതല്‍ രാത്രി പത്ത് മണി വരെ വിളിക്കാം.ഒരു ഡോക്ടര്‍, ഒരു നഴ്‌സ്, ഹെല്‍ത്ത് ഓഫീസര്‍, ഡ്രൈവര്‍ എന്നിങ്ങനെ നാലു പേരാണ് ഒരു സംഘത്തിലുള്ളത്. ഭക്ഷണത്തിനും മറ്റ്  ആവശ്യങ്ങള്‍ക്കും കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും.സാമൂഹ്യനീതി വകുപ്പ്, ആരോഗ്യവകുപ്പ്, കുടുംബശ്രീ, വനിതാശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വയോജന സെല്‍ പ്രവര്‍ത്തിക്കുന്നത്.

 

 

OTHER SECTIONS