പുരുഷന്റെ ബീജം ആരോഗ്യമുള്ളതാണോ എന്ന് എങ്ങനെ അറിയാം ?

By Anju.12 Sep, 2017

imran-azhar

 

വന്ധ്യതയനുഭവിക്കുന്ന 15 ശതമാനം ദമ്പതികളിലും ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് ബീജങ്ങളുടെ പ്രശ്നമാണ്. സ്ത്രീകളുടെ ഗര്‍ഭധാരണത്തിനുള്ള പ്രായത്തെ കുറിച്ച് ചര്‍ച്ചകള്‍ ധാരാളമുണ്ടെങ്കിലും പുരുഷന്റെ പ്രായത്തെ കുറിച്ച് ആരും അധികം പറയാറില്ല. എന്നാല്‍ 40കള്‍ കടന്നാല്‍ ബീജോല്‍പാദനത്തിനുള്ള പുരുഷശേഷി കുറഞ്ഞുവരികയാണെന്ന്പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

 

നാല്‍പതു കടന്നാല്‍ ബീജങ്ങളുടെ എണ്ണത്തിലും ഗുണത്തിലും കാര്യമായ കുറവുണ്ടാകും. 20 മില്യണ്‍ ബീജങ്ങളാണ് ആരോഗ്യവാനായ പുരുഷനെ കാണിക്കുന്നതെന്നാണ് കണക്ക്. എ്ന്നാല്‍ മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ഈ അളവ് പുരുഷന്മാരില്‍ കുറഞ്ഞു വരികയാണ്. ബീജങ്ങളുടെ എണ്ണം, ആകൃതി, ചലനശേഷി എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സാധാരണ ബീജങ്ങളുടെ ആരോഗ്യം നിര്‍ണയിക്കാറ്. ഇത്തരം കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടായാല്‍ ഇത് പുരുഷവന്ധ്യതയ്ക്ക് കാരണവുമാകാം. ചൂട് ബീജോല്‍പാദത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ബൈക്കോടിക്കുക, ഇറുകിയ അടിവസ്ത്രം ധരിക്കുക എന്നിവ വൃഷണങ്ങളെ ചൂടാക്കുമെന്നതു കൊണ്ട് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വേണം. കമ്പ്യൂട്ടറും ഒരു പരിധി വരെ ബീജാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ലാപ്ടോപ്പ് മടിയില്‍ വച്ചു ജോലി ചെയ്യുന്നത് കഴിവതും ഒഴിവാക്കണം. അതുപോലെ ഒരേ ഇരിപ്പില്‍ അധികസമയമിരിക്കുന്നതും വൃഷണങ്ങളെ ചൂടാക്കും. ഇതും ബീജങ്ങളെ വിപരീതമായി ബാധിക്കും.

 

ബീജോല്‍പാദനത്തില്‍ ഭക്ഷണത്തിലും കാര്യമായ പങ്കുണ്ട്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങല്‍ ബീജോല്‍പാദനത്തെ സഹായിക്കും. കക്കയിറച്ചി ഇതിന് ഉത്തമമാണ്. ബദാമടക്കമുള്ള നട്സ് നല്ലതാണ്. വൈറ്റമിന്‍ എ, സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ബീജങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണ്. സെലീനിയം അടങ്ങിയതു കൊണ്ടു വെളുത്തുള്ളിയും ലൈകോഫീന്‍ അടങ്ങിയതു കൊണ്ട് തക്കാളി, തണ്ണിമത്തന്‍ എന്നിവയും ബീജോല്‍പാദനത്തെ സഹായിക്കുന്നവ തന്നെ.