കൊച്ചി കിംസ് ആശുപത്രിയില്‍ ഒമാനി ബാലന് അപൂര്‍വ്വ ശസ്ത്രക്രിയ

By Raji Mejo.08 Feb, 2018

imran-azhar

കൊച്ചി: ഒമാന്‍ സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരന്‍ സൈദ് അഹമ്മദ് സൈദ് അല്‍ ഹധിദി, രക്ത സമ്മര്‍ദ്ദം അധികരിച്ച് ഗുരുതരാവസ്ഥയിലാണ് കേരളത്തിലെത്തിയത്. പരിശോധനയില്‍ അഡ്രീനല്‍ ഗ്രന്ധിയ്ക്ക് മുഴകള്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു. കുട്ടികളില്‍ ഇത്തരം മുഴകള്‍ വരുന്നുന്നത് അപൂര്‍വ്വമാണ്. അതിലും അസാധാരണമായി രണ്ടു അഡ്രീനല്‍ ഗ്രന്ധിയിലും മുഴകള്‍ വരുന്ന അത്യപൂര്‍വ്വമായ സ്ഥിതിവിശേഷം ഉള്ളതായി കാണപ്പെട്ടു. താല്‍ക്കാലികമായെങ്കിലും രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് മൂന്നുതരം മരുന്നുകള്‍ കൊടുക്കേണ്ടിവന്നു.

ശരീരത്തിലെ രക്ത സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന അഡ്രിനാലിന്‍ , നോര്‍ അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ ഉദ്പാദിപ്പിക്കുന്ന ഗ്രന്ധിയാണ് അഡ്രീനല്‍.ഇത് രണ്ടു വശത്തും വൃക്കകളുടെ മുകളിലാണ് ഉള്ളത്. ഫിയോക്ക്രോമോസൈറ്റൊമ എന്ന രോഗം വന്നാല്‍ ഈ ദ്രാവകങ്ങളുടെ ഉത്പാദനം ക്രമാതീതമായി വര്‍ദ്ധിക്കുകയും രക്ത സമ്മര്‍ദ്ദം അപകടമായ നിലവാരത്തിലെത്തുകയും ചെയ്യുന്നു. ഹൃദയാഘാതം, പക്ഷാഘാതം, പെട്ടെന്നുള്ള മരണം എന്നിവ ഇതിന്റെ ഭവിഷ്യത്തുകളാണ്.
രണ്ടുവശത്തും ട്യൂമര്‍ ബാധിക്കുന്നത് വളരെ വിരളമാണ്. ശസ്ത്രക്രിയയിലൂടെ ഗ്രന്ഥി മാറ്റുകയാണ് ഫലപ്രദമായ ചികിത്സ. ഓപ്പറേഷന്‍ സമയത്ത് പ്രഷര്‍ കൂടി രക്തസ്രാവമോ, ജീവന്‍ തന്നെ നഷ്ടപ്പെടാവുന്ന അവസ്ഥ ഉള്ളത് കൊണ്ട് വളരെ തയ്യാറെടുപ്പുകളും പരിചരണവും ആവശ്യമാണ്.
കിംസില്‍, ഡോ. സീനജ് ചന്ദ്രന്‍, ഡോ. സത്യപാലന്‍ എന്നീ മെഡിക്കല്‍ വിദഗ്ദ്ധരും, ഡോ. രാജീവ് ന്റെ നേതൃത്തത്തിലുള്ള അനസ്‌തേഷ്യോളജി വിദഗ്ദ്ധരും ശസ്ത്രക്രിയക്കു രോഗിയെ സജ്ജമാക്കി.
ലാപ്രോസ്‌കൊപ്പിക് ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ആര്‍. പത്മകുമാര്‍, രണ്ടുവശത്തെയും അഡ്രീനല്‍ മുഴകള്‍, രക്തം നഷ്ടം പോലും വരാതെ പൂര്‍ണ്ണ സുരക്ഷിതമായി നീക്കം ചെയ്തു. ഡോ. മധുകര്‍ പൈ, ഡോ. സുഹേല്‍, ഡോ. ഖലീല്‍, ഡോ. അനുരാഗ്, ഡോ. അരുണ്‍ എന്നിവരും ഈ സങ്കീര്‍ണ്ണ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.
രോഗിയെ തീവ്ര പരിചരണ വിഭാഗത്തില്‍ അഞ്ചു ദിവസം കിടത്തി രക്ത സമ്മര്‍ദ്ദം തീരെ താഴ്ന്നു പോകാതിരിക്കാന്‍ മരുന്നുകള്‍ നല്‍കി. ഇപ്പോള്‍ ആരോഗ്യത്തോടെ ഒമാനിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ് ഈ ബാലന്‍.
ഇത്തരം സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും കേരളത്തിലെ ആശുപത്രികളെയും വിദഗ്ദ്ധരേയും തിരഞ്ഞെടുക്കുന്നത് ഏവര്‍ക്കും അഭിമാനകരമാണെന്ന് കിംസ് കൊച്ചി സി.ഓ.ഓ ഡോ. അശോക് ത്യാകരാജന്‍ അഭിപ്രായപ്പെട്ടു. കിംസ് കൊച്ചി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് തോമസ് പാപ്പനച്ചേരി പ്രസ്തുത പത്ര സമ്മേളനത്തില്‍ സംസാരിച്ചു.

 

OTHER SECTIONS