വൈറസിനെ ചെറുക്കാം

By online desk.03 02 2020

imran-azhar

 


കൊറോണ , എച്ച്1 എന്‍1, നിപ്പ തുടങ്ങിയ ചില വൈറസുകള്‍ പലപ്പോഴായി വന്ന് മനുഷ്യരാശിയെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിന് കാരണം അവയുടെ മാരകമായ പ്രഹരശേഷിയാണ്. ഇത്തരം പകര്‍ച്ചവ്യാധികള്‍ രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് സംക്രമിക്കുന്നത് ശരീരസ്രവങ്ങളിലൂടെയാണ്. പ്രധാനമായും വായയില്‍ നിന്നും മൂക്കില്‍ നിന്നും തെറിച്ചു വീഴുന്ന ദ്രവകണങ്ങളില്‍ കൂടിയാണത്. രോഗി സംസാരിക്കുമ്പോഴോ, ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ തെറിച്ചുവീഴുന്ന സ്രവ കണങ്ങളില്‍ ധാരാളം വൈറസുകള്‍ അടങ്ങിയിട്ടുണ്ടാവാം.

 

ഈ വളരെ ചെറിയ കണികകള്‍ വായുവിലൂടെ സഞ്ചരിച്ച് മറ്റൊരാളുടെ വായയിലോ മൂക്കിലോ എത്തിപ്പെടുകയും, അതിലടങ്ങിയ വൈറസുകള്‍ ആ വ്യക്തിയുടെ ശരീരത്തില്‍ പ്രവേശിച്ച് രോഗമുണ്ടാക്കുകയും ചെയ്യുന്നു. രോഗി തന്റെ കൈ ഉപയോഗിച്ച് സ്രവങ്ങളില്‍ തൊടുകയും അത് ഹസ്തദാനം പോലുള്ള പരസ്പര സ്പര്‍ശനങ്ങളിലൂടെയും മറ്റും മറ്റൊരാളിലേക്ക് പകര്‍ത്തുകയും ചെയ്യാം. ആ ഹസ്തദാനം നല്‍കപ്പെട്ട വ്യക്തി കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുകയോ മൂക്കിന്റെയോ വായയുടെയോ മറ്റോ ഉള്ളിലുള്ള ശ്ലേഷ്മ സ്തരത്തില്‍ (മ്യൂക്കസ് മെമ്പ്രേന്‍) സ്പര്‍ശിക്കുകയോ ചെയ്യുമ്പോള്‍ വൈറസുകള്‍ അയാളുടെ ശരീരത്തില്‍ കടക്കുന്നു. ഇവ കൂടാതെ, രോഗി ഉപയോഗിച്ച ഭക്ഷണ പാത്രങ്ങള്‍ വസ്ത്രസാമഗ്രികള്‍ എന്നിവയിലൂടെയും രോഗാണു പകര്‍ത്തപ്പെടാന്‍ സാധ്യത ഉണ്ട്.

 


രോഗിയും ചുറ്റുമുള്ളവരും കൂട്ടായി പരിശ്രമിച്ചാല്‍ വളരെ നിസ്സാരമായി ഇത്തരം പകര്‍ച്ചവ്യാധികളെ നമുക്ക് പിടിച്ചുകെട്ടാം. ഏതാണ്ട് ഒന്നര മീറ്ററോളം ദൂരത്തില്‍ രോഗിയില്‍ നിന്നും സ്രവ കണങ്ങള്‍ ചുമക്കുമ്പോഴും സംസാരിക്കുമ്പോഴും തെറിച്ചുവീഴാനുള്ള സാധ്യത ഉണ്ട്. അതിനാല്‍, രോഗിയില്‍ നിന്ന് ഒന്നര മീറ്ററില്‍ കൂടുതലുള്ള അകലം സുരക്ഷിത ദൂരമായി കണക്കാക്കപ്പെടുന്നുണ്ട്. മറ്റൊരു പ്രധാന സുരക്ഷിതമാര്‍ഗ്ഗമാണ് മാസ്‌കുകളുടെ ഉപയോഗം. പക്ഷേ, ഇവിടെ ഒരു വലിയ തെറ്റിദ്ധാരണ പലര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്.

 

അതെന്താണെന്നുവച്ചാല്‍, സാധാരണ ആളുകള്‍ പകര്‍ച്ചവ്യാധിയുടെ (എപിഡെമിക്) കാലത്തും മറ്റും ധരിച്ചു കാണാറുള്ള സിങ്കിള്‍ ലെയര്‍ മാസ്‌കുകള്‍ അഥവാ സര്‍ജിക്കല്‍ മാസ്‌കുകള്‍ രോഗം പകരുന്നതില്‍ നിന്ന് രോഗമില്ലാത്തയാള്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കില്ലെന്ന് മാത്രമല്ല ചിലപ്പോള്‍ കൂടുതല്‍ സമയം ധരിക്കുന്നതിലൂടെ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ മാസ്‌ക് രോഗിയാണ് യദാര്‍ത്ഥത്തില്‍ ധരിക്കേണ്ടത്. അങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍ക്ക് മികച്ച സംരക്ഷണം ലഭിക്കുകയും ചെയ്യും.

 

 

മാസ്‌കിന് പകരം തുവാലയും മറ്റും മുഖം മറക്കാന്‍ വേണ്ടി രോഗിക്ക് ഉപയോഗിക്കുകയും ചെയ്യാം. എന്നാല്‍, രോഗം പകരാതിരിക്കാന്‍ രോഗമില്ലാത്തയാള്‍ ഉപയോഗിക്കേണ്ടത് മള്‍ട്ടിലയര്‍ സ്‌പെഷല്‍ മാസ്‌ക് (എന്‍95) ആണ്. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് വൃത്തി. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയെന്നത് രോഗവ്യാപനം തടയുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

 

രോഗിയുമായി ഇടപഴകേണ്ടി വന്നവര്‍ കൈകളും വായയും മൂക്കുമെല്ലാം വൃത്തിയായി കഴുകുകയും വേണം. ആളുകളുടെ ദേഹസമ്പര്‍ക്കം വരാന്‍ സാധ്യതയുള്ള തുറസ്സായ സ്ഥലങ്ങളിലും മറ്റും തുപ്പുകയോ മനുഷ്യ വിസര്‍ജ്യങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യരുത്. പനി, മൂക്കൊലിപ്പ്, ചുമ, ശരീരവേദന തളര്‍ച്ച തുടങ്ങിയ വൈറല്‍ അസുഖബാധാ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് പരിശോധിപ്പിക്കുവാന്‍ ഒട്ടും അമാന്തം കാണിക്കരുത്.

 

 

 

 

 

 

 

 

 

OTHER SECTIONS