ഇന്ന് ലോക കാഴ്ച ദിനം; കണ്ണിനെ കണ്ണായി കരുതാം

By online desk .08 10 2020

imran-azhar

 


ലോകത്ത് ഏറ്റവും കൂടുതല്‍ പ്രാമൂഖ്യത്തോടെ ആചരിക്കപ്പെടുന്ന ആരോഗ്യദിനങ്ങളില്‍ ഒന്നാണ് ലോക കാഴ്ച ദിനം. കണ്ണുളളപ്പോള്‍ അതിന്റെ പ്രാധാന്യം നാം അറിയില്ല എന്നു പറയുമ്പോള്‍ തന്നെ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാണ്. കണ്ണുണ്ടായാലും പോരാ അത് ശരിയായി കാണുന്നതും ആകണം. ദേശീയ അന്ധതാ നിവാരണ പരിപാടിയുടെ ഭാഗമായി ഈ വര്‍ഷത്തെ ലോക കാഴ്ച ദിനം ആചരിക്കപ്പെടുന്നത്. 'കാഴ്ചയുടെ പ്രത്യാശ' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇത്തവണ കുട്ടികളുടെ അന്ധത നിര്‍മ്മാര്‍ജന മാര്‍ഗങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം ശക്തമാക്കാനാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ഈ വിഷയത്തെപ്പറ്റി വെബിനാറും സ്‌കൂള്‍ കുട്ടികളുമായുള്ള സംവാദവും സംസ്ഥാന സര്‍ക്കാരും സംഘടിപ്പിക്കുന്നുണ്ട്.കുട്ടികളുടെ അന്ധത 70 ശതമാനവും ഒഴിവാക്കാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

 

 

ഇന്ത്യയില്‍ 15 വയസില്‍ താഴെയുള്ള 1000 കുട്ടികളില്‍ 0.8 കുട്ടികള്‍ക്കും അന്ധതയോ ഗുരുതരമായ കാഴ്ച പ്രശ്നങ്ങളോ ഉണ്ടെന്നാണ് കണ്ടെത്തല്‍. കുട്ടികളുടെ കാഴ്ച്ചത്തകരാറുകള്‍ അവരുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ ബാധിക്കുന്നു. കുട്ടികളിലെ അന്ധത ഒരു സാര്‍വജനീനമായ ആരോഗ്യ പ്രശ്നമായി ലോകം മുഴുവന്‍ കണക്കാക്കുന്നു. ആരംഭത്തിലേ നേത്രരോഗങ്ങള്‍ കണ്ടെത്തി ചികിത്സിച്ചാല്‍ പല നേത്രരോഗങ്ങളും ഭേദമാക്കാം.

 


അന്ധത പ്രധാന കാരണങ്ങള്‍

 

ശരിയായ ചികിത്സ ലഭിച്ചിട്ടില്ലാത്ത അപഭംഗ പാളിച്ചകള്‍ , കണ്ണിലെ അണുബാധ, വിറ്റാമിന്‍ എയുടെ കുറവ്, കണ്ണിലുണ്ടാകുന്ന മുറിവുകള്‍, ജന്മനായുള്ള തിമിരം, ജന്മനായുള്ള ഗ്ലോക്കോമ, കോങ്കണ്ണ്, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി തുടങ്ങിയവയാണ് അന്ധതയുടെ പ്രധാന കാരണം. റെറ്റിനോപ്പതി ഓഫ് പ്രിമിച്ചുറിറ്റി ഇപ്പോള്‍ ഒരു പ്രധാനപ്പെട്ട രോഗമായി മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഇതിന്റെ പരിശോധനയ്ക്കും ചികിത്സയ്ക്കും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു. കണ്ണാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഇതിന്റെ പരിശോധനയും ചികിത്സയും ലഭ്യമാണ്.