By Kavitha J.14 Jul, 2018
ഭാരതത്തില്‍ പിറവി കൊണ്ട മഹത്തായ പരിശീലനവും സംസ്കാരവുമാണ് യോഗ. യോഗ ഒരു മനുഷ്യന്റെ ശാരീരിക-മാനസിക-ആത്മീയ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്, അത് കൊണ്ടാണ് പാശ്ചാത്യര്‍ പോലും യോഗയെ സ്വീകരിച്ചത്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഇപ്പോള്‍ യോഗയുടെ മറ്റൊരു ഗുണ ഫലവുമായാണ് രംഗത്ത് എത്തിയിരിക്കുന്നത്.
പതിവായി യോഗ ചെയ്യുന്ന പുരുഷന്മാരില് ബീജത്തിന്റെ ഗുണം വര്‍ദ്ധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തലില്‍ വെളിവാകുന്നത്. 6 മാസത്തോളം സ്ഥിരമായി യോഗ ചെയ്യുന്ന 200 പുരുഷന്മാരിലാണ് പഠനം നടത്തിയത്. പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നത്, ഡി.എന്‍.എ ബീജത്തിലുണ്ടാകുന്ന നാശമാണ്. ഇതിന് പൊതുവായി വഴി വെയ്ക്കുന്നത്, ശരീരത്തിലെ ആന്റി ഓക്സിജന്റെയും ഫ്രീ റാഡിക്കല്‍ ലെവലും തമ്മില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥയാണ്. ഈ അവസ്ഥ സന്തതുല്പ്പാദന ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുകയും തുടര്‍ന്ന് ഇത് വന്ധ്യയില്‍ കലാശിക്കുകയും ചെയ്യുന്നു.
ഓക്സിഡേറ്റിവ് സ്ട്രസ് എന്ന ഈ അവസ്ഥയ്ക്ക് പല ഘടകങ്ങളും കാരണമാകുന്നു. വൈദ്യുതകാന്ത വികിരണമേല്ക്കുന്നതും, പാരിസ്ഥിതിക മലിനീകരണവും പുകവലി, മദ്യപാനം, അമിത വണ്ണം, കൊഴുപ്പടങ്ങിയ ഫാസ്റ്റ് ഫുഡ് ഉപയോഗം തുടങ്ങിയവ എല്ലാം ഇതിന് കാരണമാകുന്നു.
ഈ ഘടകങ്ങളെ എല്ലാം അതിജീവിക്കാന്‍ യോഗ നമ്മെ പ്രാപതമാക്കുന്നു എന്നാണ് പുതിയ പഠനം. പുരുഷ വന്ധ്യത ചികിത്സയ്ക്ക് ഒരു മുതല്ക്കൂട്ടു തന്നെയാണ് പുതിയ ഗവേഷണ ഫലം.