സെക്‌സിനു ശേഷം രക്തസ്രാവം

By Rajesh Kumar.02 Feb, 2017

imran-azhar

ഡോ. ജയപ്രകാശ് മാധവന്‍ 
ഓങ്കോളജിസ്റ്റ്
കിംസ് കാന്‍സര്‍ സെന്റര്‍
തിരുവനന്തപുരം

 

മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍ ( സെര്‍വിക്കല്‍ കാന്‍സര്‍). സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണിത്. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാന്‍സറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു 10-15 വര്‍ഷം മുമ്പു തന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍ ഗര്‍ഭാശയഗളത്തില്‍ നടക്കും. അതുകൊണ്ട് സ്‌ക്രീനിങ്ങിലൂടെ കോശമാറ്റങ്ങള്‍ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും.

 

ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഗര്‍ഭാശയഗള കാന്‍സറാണോ എന്നറിയാന്‍ സ്‌ക്രീനിങ്ങ് നടത്തണം.

 

പാപ്‌സ്മിയറാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന സ്‌ക്രീനിങ്ങ് പരിശോധന. വേദനയോ പാര്‍ശ്വഫലങ്ങളോ ഇല്ലാത്തതും വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഗര്‍ഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യ പടി. പിന്നീട് ഗര്‍ഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങള്‍ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ പരിശോധിച്ച് മാറ്റങ്ങളുണ്ടോയെന്നു നോക്കുന്നു.
പാപ് സ്മിയറില്‍ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാല്‍ കോള്‍പ്പോസ്‌കോപ്പി പരിശോധന നടത്താം.

 

എച്ച് പി വി ( ഹ്യൂമന്‍ പാപ്പിലോമവൈറസ് ) ടെസ്റ്റും സ്‌ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ് സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ എല്ലാ പ്രാവശ്യവും തുടര്‍ന്ന് 65 വയസ്‌സു വരെ മൂന്നു വര്‍ഷം വര്‍ഷന്തോറും പരിശോധന നടത്തണം.

 

OTHER SECTIONS