വില കുറച്ചുകാണരുത് കപ്പലണ്ടി, ചര്‍മ്മത്തിനു മെച്ചം, വിഷാദം വേണ്ടേ വേണ്ട

By Rajesh Kumar.23 Apr, 2018

imran-azhar

നമ്മുടെ നാട്ടില്‍ സുലഭമായതാണ് കപ്പലണ്ടി. താരതമ്യേന വിലയും കുറവാണ്. മിതമായി കപ്പലണ്ടി കഴിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. അമിതമായി കഴിക്കാതെ മിതമായി കപ്പലണ്ടി കഴിക്കാന്‍ ശ്രദ്ധിക്കണം.

 

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ നല്ല സ്രോതസ്സാണ് കപ്പലണ്ടി. വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷണങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

 

നല്ല കൊളസ്‌ട്രോള്‍

കപ്പലണ്ടി ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇവയിലെ ഒലീയിക് ആസിഡ് പോലെയുള്ള മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഹൃദ്രോഗങ്ങള്‍ തടയും.

 

നല്ലത് ഹൃദയത്തിനും ഞരമ്പുകള്‍ക്കും
ഇവയിലുള്ള പോളി ഫിനോലിക് ആന്റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗം, ഞരമ്പുസംബന്ധമായ രോഗങ്ങള്‍, മറവി രോഗങ്ങള്‍, അണുബാധകള്‍ എന്നിവ തടയും. വൈറല്‍, ഫംഗല്‍ അണുബാധകള്‍ തടയാന്‍ സവിശേഷമായ കഴിവ് പോളി ഫിനോലിക് ആന്റി ഓക്‌സിഡന്റുകള്‍ക്കുണ്ട്.


കപ്പലണ്ടിയിലെ ആന്റി ഓക്‌സിഡന്റുകളും റെസ് വെരാട്രോളും പക്ഷാഘാതം പ്രതിരോധിക്കും. നൈട്രിക് ഓക്‌സൈഡിന്റെ ഉല്പാദനം വര്‍ദ്ധിക്കുന്നതാണ് അതിനു കാരണം.

 

ഉദര ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

കപ്പലണ്ടിയില്‍ ഉയര്‍ന്ന അളവിലില്‍ പോളി ഫിനോലിക് ആന്റി ഓക്‌സിഡന്റ്‌സുണ്ട്. ഇവയ്ക്ക് ഉദര ക്യാന്‍സര്‍ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

 

ആന്റ് ഓക്‌സിഡന്റുകളുടെ കലവറ

ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് കപ്പലണ്ടി. കപ്പലണ്ടി പുഴുങ്ങിയെടുക്കുമ്പോള്‍ ആന്റിഓക്‌സിഡന്റുകള്‍ കൂടുതല്‍ സജീവമാകും. ആന്റി ഓക്‌സിഡന്റുകള്‍ ഫ്രീറാഡിക്കളുകള്‍ ശരീരത്തിനുണ്ടാക്കുന്ന നാശം തടയും.

 

സുന്ദരചര്‍മ്മം
കപ്പലണ്ടിയിലെ വിറ്റാമിന്‍ ഇ ഫ്രീറാഡിക്കളുകള്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന ദോഷം തടയുന്നു. ഇവയില്‍ ബി കോംപ്ലക്‌സ് വിറ്റാമിനുകളായ നിയാസിന്‍, റൈബോഫഌവിന്‍, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി9, പാന്‍ടോതേനിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്.

 

ഗര്‍ഭിണിക്കു കഴിക്കാം
ഗര്‍ഭത്തിനു മുമ്പും ഗര്‍ഭത്തിന്റെ ആദ്യ നാളുകളിലും കപ്പലണ്ടി മിതമായി കഴിക്കുന്നത് ഗുണംചെയ്യും. കപ്പലണ്ടിയിലെ ഫോളിക് ആസിഡ് ഗര്‍ഭകാലത്തെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കും.

 

വിഷാദത്തിനും നല്ലത്
സെറോട്ടോണിന്റെ അളവു കുറയുന്നതാണ് വിഷാദത്തിലേക്കു നയിക്കുന്നത്. കപ്പലണ്ടിയിലെ ട്രൈപ്‌റ്റോഫാന്‍ ഈ രാസവസ്തുവിന്റെ ഉല്പാദനം കൂട്ടി വിഷാദം പ്രതിരോധിക്കും.

 

OTHER SECTIONS