ബിരിയാണിക്കൊപ്പം തൈരു വേണ്ട, ദോശയ്‌ക്കൊപ്പം ഇറച്ചിയും

By Rajesh Kumar.15 Mar, 2017

imran-azhar

ഡോ. ജ്യോതി ആര്‍.
ആര്‍.എം.ഒ & അസോസിയേറ്റ് പ്രൊഫസര്‍
പഞ്ചകര്‍മ്മ ഹോസ്പിറ്റല്‍
പൂജപ്പുര, തിരുവനന്തപുരം

 

രോഗികള്‍ക്കെന്ന പോലെ ആരോഗ്യമുള്ളവര്‍ക്കും ഒഴിച്ചുകൂടാനാവാത്തതാണ് നല്ല ആഹാരശീലം. കഴിക്കുന്ന ആഹാരത്തെക്കുറിച്ചും കുടിക്കുന്ന പാനീയത്തെക്കുറിച്ചും ഉപയോഗിക്കുന്നയാള്‍ക്ക് അറിവുണ്ടായിരിക്കണം എന്നാണ് ആയുര്‍വേദം പറയുന്നത്.
ആയുസ്‌സിനെപ്പറ്റിയുള്ള അറിവാണ് ആയുര്‍വേദം. ഇതൊരു ചികിത്സാശാസ്ത്രം മാത്രമല്ല, ആരോഗ്യത്തോടെ ജീവിക്കാനുള്ള ജീവിതരീതി ഇതില്‍ വ്യക്തമായി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. ആഹാരം ഔഷധവും ഔഷധം ആഹാരവും ആയിരിക്കണം. ആഹാരത്തിനെ ഉത്തമമായ ഔഷധമായി കണക്കാക്കുന്നു. എന്നാല്‍, കഴിക്കുന്ന ഭക്ഷണം വിഷമയമാവുന്ന അപകടകരമായ കാലത്താണ് നാം ജീവിക്കുന്നത്.

 

ഭക്ഷണം രുചി മാത്രമല്ല
ആഗോളവത്കരണത്തിന്റെ ഭാഗമായി നമ്മുടെ ഭക്ഷണരീതിയില്‍ വലിയ മാറ്റമുണ്ടായി. ന്യൂഡില്‍സും ബിരിയാണിയും തീന്‍മേശയില്‍ നിത്യസന്ദര്‍ശകരായി. പിസ്‌സയും ബര്‍ഗറും ഹോട്ട് ഡോഗും ഡീപ് ഫ്രൈഡ് ചിക്കനും ഷവര്‍മ്മയും കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരുടെയും ഇഷ്ടവിഭവങ്ങളായി മാറി. മാസത്തിലൊരു തവണ പ്രകൃതി ഭക്ഷണം തേടി നടക്കല്‍ ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുന്നു.
ഭക്ഷണം വീട്ടിലുണ്ടാക്കി കഴിക്കുന്നതിനു പകരം ഇപ്പോള്‍ പുറത്തുപോയി കഴിക്കുകയും നമ്മുടെ കാലാവസ്ഥയ്‌ക്കോ ശാരീരിക പ്രത്യേകതകള്‍ക്കോ ജീവിതരീതിക്കോ ഇണങ്ങാത്ത ഭക്ഷണം വീട്ടിലെ മെനുവില്‍ കടന്നുകൂടുകയും ചെയ്തു. രുചിക്കു മാത്രം പ്രാധാന്യം നല്‍കി കിട്ടുന്നതെന്തും അകത്താക്കുന്നു. ഇതിന്റെ ഫലമായി രോഗങ്ങളും പിടികൂടിക്കൊണ്ടിരിക്കുന്നു.
തണുപ്പ് രാജ്യങ്ങളിലെ മനുഷ്യര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാന്‍ കലോറി കൂടിയ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആവശ്യമാണ്. ഉഷ്ണമേഖലയില്‍ ജീവിക്കുന്ന നമുക്ക് ഇത് രോഗങ്ങള്‍ക്കും കാരണമാകുന്നു.
ഇപ്പോള്‍ ഉപയോഗിക്കുന്ന ഭക്ഷണരീതിയിലെ ദോഷങ്ങളെക്കുറിച്ച് അബോധമുണ്ടെങ്കില്‍ പോലും അതില്‍ നിന്ന് അകന്നുനില്‍ക്കാനോ പൂര്‍ണ്ണമായി ഒഴിവാക്കാനോ നമുക്ക് സാധിക്കുന്നില്ല.
പുതുതലമുറ രോഗികളായി മാറാതിരിക്കാന്‍ ഈ സ്ഥിതിക്ക് മാറ്റം വരണം. രുചി മാത്രം മുന്‍നിര്‍ത്തിയുള്ള പാചകരംഗത്തെ പുതിയ പ്രവണതകള്‍ രോഗാതുര സമൂഹത്തെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു മാറ്റമുണ്ടാവണം. ആദ്യപടിയായി നിലവിലെ ഭക്ഷണശീലങ്ങളിലെ അപകടങ്ങള്‍ ബോധ്യപ്പെടണം.

 

വിരുദ്ധാഹാരം
കഴിക്കുന്ന ഭക്ഷണം വിഷമയമാവുന്ന അപകടകരമായ അവസ്ഥയാണ് വിരുദ്ധം. വിരുദ്ധാഹാരം വിഷം പോലെയാണ്. ശരീരത്തിന് ഹാനികരമായതെന്തും ആമാശയത്തിലെത്തിയാല്‍ അതിനെ ഛര്‍ദ്ദിയിലൂടെയോ അതിസാരത്തിലൂടെയോ പുറത്തുകളയാനുള്ള കഴിവ് ശരീരത്തിനുണ്ട്. എന്നാല്‍, വിരുദ്ധാഹാരങ്ങള്‍ ശീലമാക്കിയാല്‍ ശരീരത്തിന്റെ ഈ കഴിവ് ദുര്‍ബലമാക്കുകയും ഇവ ശരീരത്തിനുള്ളില്‍ തങ്ങി നിന്ന് അപ്പോള്‍ തന്നെയോ ദീര്‍ഘകാലം കൊണ്ടോ രോഗങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഊണിനൊപ്പം മത്സ്യവും തൈര് ചേര്‍ത്ത പച്ചടിയോ കിച്ചടിയോ ഉപയോഗിക്കുന്നു. അതിനുശേഷം ഐസ്‌ക്രീമോ ഫ്രൂട്ട് സാലഡോ കഴിക്കുന്നു. ഇതെല്ലാം ദോഷമുണ്ടാക്കുന്നവയാണ്. അറിഞ്ഞോ അറിയാതെയോ നമ്മളില്‍ ഭൂരിപക്ഷവും ഏതെങ്കിലും വിധത്തിലുള്ള വിരുദ്ധാഹാരം കഴിക്കുന്നവരാണ്.

 

വിരുദ്ധങ്ങള്‍ പതിനെട്ട്
പതിനെട്ട് തരം വിരുദ്ധങ്ങള്‍ ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നു.

* പുളിരസമുള്ള പഴവര്‍ഗ്ഗങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയോടൊപ്പം പാല്‍ കുടിക്കുന്നതും പാലും മത്സ്യവും ഒന്നിച്ചു കഴിക്കുന്നതും നല്ലതല്ല.

* തേന്‍ ചൂടാക്കിയോ ചൂടുള്ള ഭക്ഷണത്തോട് ചേര്‍ത്തോ കഴിക്കരുത്. തൈര് ചൂടാക്കി കഴിക്കാനും പാടില്ല.

* തേനും വെള്ളവും അല്ലെങ്കില്‍ തേനും നെയ്യും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കരുത്.

* മധുരരസമുള്ള പഴവര്‍ഗ്ഗങ്ങളും പുളിരസമുള്ള പഴവര്‍ഗ്ഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ഫ്രൂട്ട് സാലഡ്.

* ചൂടുകാലത്ത് എരിവും പുളിയും കൂടുതലുള്ള ഭക്ഷണശീലവും തണുപ്പുകാലത്ത് ഐസ്‌ക്രീം പോലുള്ളവ കഴിക്കുന്നത്.

* വരണ്ട പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ശീലമാക്കുന്ന എണ്ണമയം തീരെ കുറഞ്ഞതും എരിവു കൂടുതലുമുള്ള ഭക്ഷണം.

* പന്നിയിറച്ചി കഴിച്ചതിനുശേഷം ചൂടുള്ള ഭക്ഷണം കഴിക്കുന്നത് . ഗോതമ്പ് ആഹാരം കഴിച്ചതിനുശേഷം ചൂടുവെള്ളം കുടിക്കുന്നതും നന്നല്ല.

* നന്നായി ശാരീരികാദ്ധ്വാനം ചെയ്യുന്നവരുടെ എരിവും പുളിയും കൂടുതലുള്ള ആഹാരശീലം.

* വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത്.

* ബിരിയാണിയോടൊപ്പം തൈര് കഴിക്കുന്നത് നന്നല്ല.

* ഉഴുന്ന് ചേര്‍ത്ത ഇഡ്ധലി, ദോശ എന്നിവയോടൊപ്പം മത്സ്യവും ഇറച്ചിയും കഴിക്കുന്നത്.

* തണുത്ത വെളളം ഭക്ഷണത്തോടൊപ്പം കുടിക്കുന്നത്.


വിരുദ്ധാഹാരങ്ങളുടെ ഉപയോഗം മൂലം പിടിപെടാവുന്ന രോഗങ്ങള്‍ നിരവധിയാണ്. ഷണ്ഡത്വം (ഇംപൊട്ടന്‍സി), വിസര്‍പ്പം (ഹെര്‍പിസ്), വിസ്‌ഫോടം ( പ്രത്യേകിച്ച് രോഗങ്ങളില്ലാതെ ശരീരത്ത് പ്രത്യക്ഷപ്പെടുന്ന കുമിളകള്‍, നീര്, ഉന്മാദം (മാനസികരോഗം), ഭഗന്ദരം (ഫിസ്റ്റുല), ലൂക്കോഡെര്‍മ, ത്വക്‌രോഗങ്ങള്‍, ഗ്രഹണി (ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം), ക്ഷയരോഗം, രക്തപിത്തം, ജ്വരം, പീനസം (സൈനസൈറ്റിസ്), വാതരക്തം (റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്), അനീമിയ, ഇന്‍ഫെര്‍ട്ടിലിറ്റി, അതിസാരം, വാതവ്യാധി (റുമാറ്റിക് കംപ്‌ളയിന്റസ്), പ്രമേഹം, അര്‍ശസ് (പൈല്‍സ്), അര്‍ബുദം എന്നിവ അവയില്‍ പ്രധാനികളാണ്.
ആരോഗ്യസംരക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍, പ്രമേഹവും ഹൃദ്രോഗവും അര്‍ബുദവും ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് ഒരു കാരണം പുതിയ ആഹാരശീലങ്ങളാണെന്ന് നിസംശയം പറയാം.
ചിലരില്‍ വിരുദ്ധാഹാരം നിര്‍വീര്യമായി പോകുന്നു. ദഹനശക്തി കൂടുതലുള്ളവര്‍, യുവാക്കള്‍, സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ എന്നിവരില്‍ വിരുദ്ധാഹാരം വലിയ ദോഷമുണ്ടാക്കില്ലെന്ന് ആയുര്‍വേദം പറയുന്നു.
ഇന്നത്തെ ചുറ്റുപാടില്‍ വിരുദ്ധാഹാരങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറിനില്‍ക്കാനാവില്ല. അതുപോലെ ഈ ആഹാരശീലങ്ങള്‍ പെട്ടെന്ന് മുഴുവനായി മാറ്റിയെടുക്കാനും സാധിക്കില്ല. എന്നാല്‍, വളരെയധികം ദോഷമുണ്ടാക്കുന്ന ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും കുറച്ചാല്‍ത്തന്നെ പലതരം ജീവിതശൈലീരോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ കഴിയും.

 

ദോഷം മാറ്റാന്‍ ശോധനക്രിയകള്‍
ശോധനക്രിയകള്‍ ശരീരത്തിലെ ദോഷങ്ങളെ ബഹിഷ്‌കരിക്കാന്‍ സഹായിക്കും. ശോധനക്രിയകളാണ് പഞ്ചകര്‍മ്മങ്ങള്‍. ഛര്‍ദ്ദിപ്പിക്കുക (വമനം), വയറിളക്കുക (വിരേചനം), മൂക്കിലൂടെ ഔഷധം പ്രയോഗിച്ചുള്ള ശിരോവിരേചനം (നസ്യം), വസ്തികളായ കഷായവസ്തി, സ്‌നേഹവസ്തി മുതലായ പഞ്ചകര്‍മ്മ ശോധന ചികിത്സകള്‍ കാലാവസ്ഥയുടെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ദോഷങ്ങള്‍ കോപിക്കുമ്പോള്‍ അതത് കാലങ്ങളില്‍ ചെയ്ത് ദോഷങ്ങളെ പുറത്തുകളഞ്ഞാല്‍ രോഗം വരാതെ ശരീരത്തെ സംരക്ഷിക്കാം. ആരോഗ്യവാനായിരിക്കുമ്പോള്‍ തന്നെ പഞ്ചശോധനകള്‍ ഇടയ്ക്കിടെ ചെയ്ത് ശുദ്ധിവരുത്തണമെന്ന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു.

OTHER SECTIONS