ഭീഷണിയായി പുതിയ ലഹരിവസ്തുക്കള്‍, ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

By Rajesh Kumar.26 06 2020

imran-azhar

ജൂണ്‍ 26. ലഹരി ഉപയോഗത്തിനെതിരെയുള്ള അന്താരാഷ്ട്ര ദിനം. ലഹരി ഉപയോഗം, വിപണനം എന്നിവ കുറച്ചുകൊണ്ട് വരാനും അതിനായി നിയമപരമായും സാമൂഹിക- വ്യക്തി തലങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍, പരിശീലനങ്ങള്‍ തുങ്ങിയവക്ക് നേതൃത്വം നല്‍കുകയും ആണ് ഈ ദിനത്തിന്റെ ലക്ഷ്യം. ബെറ്റര്‍ നോളജ് ഫോള്‍ ബെറ്റര്‍ കെയര്‍ എന്നതാണ് ഈ വര്‍ഷത്തെ തീം.

 

2020 ലെ വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് അനുസരിച്ച് നിയമ വിരുദ്ധ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 260 മില്ല്യന്‍ ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വസ്തു കഞ്ചാവും അതിന്റെ ഉല്‍പ്പപന്നങ്ങളും ആണ്.

 

കഞ്ചാവിന്റെ ദൂരവ്യാപകായ ദൂഷ്യഫലങ്ങളെ കുറിച്ച് വളരെയധികം തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. മാനസികരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും സ്വന്തമായി ചിത്തഭ്രമം പോലത്തെ രോഗാവസ്ഥ ഉണ്ടാക്കുവാനും, കഞ്ചാവിന് കഴിയും എന്ന് തന്നെയാണ് പുതിയ പഠനങ്ങള്‍ അടക്കം പറയുന്നത്. ഏറ്റവും അപകടകരമായി ഉപയോഗിക്കപ്പെടുന്ന ലഹരി വസ്തു opioid ഗണത്തില്‍പ്പെടുന്നവയാണ്. ഇവയില്‍ മിക്കതും കുത്തിവയ്പ്പ് വഴി എടുക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം നടന്ന ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 70% opioid ഉപയോഗം മൂലമാണ് എന്ന് അറിയുമ്പോള്‍ ഇതിന്റെ വ്യാപ്തി മനസ്സിലാകും. എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ രക്തം വഴി പകരുന്ന രോഗങ്ങളും ഇവരില്‍ വളരെയധികം കൂടുതലാണ്.

 

അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വെളിയിലുള്ള പുതിയ ലഹരി വസ്തുക്കള്‍ ആണ് അടുത്ത വെല്ലുവിളി. ഇത്തരം വസ്തുക്കള്‍ ദിനംപ്രതി മാര്‍ക്കറ്റില്‍ വന്നുകൊണ്ട് ഇരിക്കുകയാണ്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സഞ്ചാരവിലക്ക് ലഹരി വസ്തുക്കളുടെ കള്ളക്കടത്തിന് ഒരു തടസമായിട്ടുണ്ട്. എന്നാല്‍, ഇത് വൃത്തിഹീനവും ശുദ്ധമല്ലാത്തതുമായ ലഹരി വസ്തുക്കള്‍ വ്യാപിക്കാനും അതുപോലെ ലഹരി വസ്തുക്കളുടെ വില പതിമടങ്ങ് കൂടാനും കാരണമായിട്ടുണ്ട്. ഇതും ദോഷഫലങ്ങള്‍ ഉണ്ടാക്കും.

 

മദ്യവും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും എത്രയോ ഭീകരമാണ്. റോഡ് അപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, കുട്ടികളിലെ അക്രമ വാസന തുടങ്ങിയവയില്‍ ലഹരി ഉപയോഗത്തിന് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ നമ്മള്‍ കൂടൂതല്‍ ശ്രദ്ധയോടെ നേരിടേണ്ടത് അത്യാവശ്യമാണ്. അതിനുള്ള സന്ദേശമാണ് ഇന്നത്തെ ഈ ദിനം നല്‍കുന്നത്.

 

നമ്മുടെ കുടുബത്തില്‍, ചുറ്റുപാടില്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്ന് നമ്മള്‍ ചിന്തിക്കണം. നമ്മുടെ യുവതലമുറയെ ലഹരിയുടെ പിടിയില്‍ പ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനു നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. ലഹരി വസ്തുക്കളെ കുറിച്ചും അവയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ചും നമുക്ക് ബോധവാന്മാര്‍ ആയിരിക്കാം.

 

കടപ്പാട്: ഡോ. ജിതിന്‍ ടി. ജോസഫ്

 

 

OTHER SECTIONS