ഇന്ത്യയിലെ സാനിറ്ററി പാഡുകള്‍ ക്യാന്‍സര്‍, വന്ധ്യത എന്നിവയ്ക്ക് കാരണമാകുന്നതായി പഠനം

By Shyma Mohan.22 11 2022

imran-azhar

 

ന്യൂഡല്‍ഹി: ക്യാന്‍സര്‍, വന്ധ്യത എന്നിവയ്ക്ക് കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കള്‍ ഇന്ത്യയിലെ സാനിറ്ററി പാഡുകളില്‍ കണ്ടെത്തിയതായി പുതിയ പഠനം. ഇന്റര്‍നാഷണല്‍ പൊല്യൂട്ടന്റ്‌സ് എലിമിനേഷന്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായ എന്‍ജിഒ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടുപിടുത്തം.

 

ഇന്ത്യയിലെ കൗമാരക്കാരില്‍ ഓരോ നാലില്‍ മൂന്നുപേരും സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍ എത്രത്തോളം ഭയാനകമായ കണ്ടെത്തലാണെന്നത് ഊഹിക്കാവുന്നതേയുള്ളൂ. കാര്‍സിനോജനുകള്‍, പ്രത്യുത്പാദന വിഷവസ്തുക്കള്‍, എന്‍ഡോക്രൈന്‍ ഡിസറപ്റ്ററുകള്‍, അലര്‍ജുകള്‍ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കള്‍ പൊതുവേ ലഭ്യമാകുന്ന സാനിറ്ററി പാഡുകളില്‍ കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എന്‍ജിഒ ടോക്‌സിക്‌സ് ലിങ്കിലെ അന്വേഷകരില്‍ ഒരാളും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഡോ.അമിത് പറഞ്ഞു.

 

ഇന്ത്യയിലുടനീളം ലഭ്യമായ ഓര്‍ഗാനിക്കും അല്ലാത്തതുമായ പത്ത് ബ്രാന്‍ഡുകളില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. എല്ലാ സാമ്പിളുകളിലും ഫത്താലേറ്റുകളുടെയും അസ്ഥിര ജൈവ സംയുക്തങ്ങളുടെയും അംശം കണ്ടെത്തി. ക്യാന്‍സര്‍ കോശങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളവയാണ് ഇവ രണ്ടും. ടോക്‌സിക്‌സ് ലിങ്ക് വിശകലനം ചെയ്ത ചില പാഡുകളില്‍ യൂറോപ്യന്‍ റെഗുലേഷന്‍ സ്റ്റാന്‍ഡേര്‍ഡിനെക്കാള്‍ മൂന്നിരട്ടി വരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 

സാനിറ്ററി പാഡുകളിലെ ദോഷകരമായ രാസവസ്തുക്കള്‍ ശരീരം ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് ഇതിനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. സ്ത്രീകളുടെ സ്വകാര്യഭാഗത്തെ ചര്‍മ്മത്തിന് മറ്റ് ഭാഗങ്ങളിലെ ചര്‍മ്മത്തെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ രാസവസ്തുക്കള്‍ ആഗിരണം ചെയ്യാന്‍ കഴിയുമെന്ന് പഠനത്തിന്റെ ഭാഗമായ ടോക്‌സിക്‌സ് ലിങ്കിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ആകാന്‍ക്ഷ മെഹ്‌റോത്ര പറഞ്ഞു.

 

 

OTHER SECTIONS