കോവിഡ് കാലത്ത് കരുതലോടെ ക്രിസ്തുമസ്

By ആതിര മുരളി .24 12 2020

imran-azharകോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ക്രിസ്തുമസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് വന്നു കഴിഞ്ഞു. കഴിഞ്ഞ കാല അബദ്ധങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വേണം ഇത്തവണയും നാം കോവിഡിനെ നേരിടേണ്ടത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഈ മുന്നറിയിപ്പ് നാം വളരെ ഗൗരവത്തോടെ തന്നെ കാണണം.


കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. ഒക്ടോബര്‍ മാസത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബര്‍ 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000 മാക്കി കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞതുപോലെ വീണ്ടും കോവിഡ് വ്യാപനം കൂടി വരികയാണ്. രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും കൂടി വരുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. മതപരമായ ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂ.


ഓണം കഴിഞ്ഞപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് നാം കണ്ടതാണ്. അത് ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ല. ആരില്‍ നിന്നും രോഗം പകരാനുള്ള അവസ്ഥയാണുള്ളത്. എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ഇടപഴകിയവരും വളരെ ശ്രദ്ധിക്കണം. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും നിസാരമായി കാണരുത്. അവര്‍ ഇ-സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തി തങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

 

ഇവ ശ്രദ്ധിക്കൂ...

 

* ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം.
* ആഘോഷ പരിപാടികള്‍ കഴിവതും ഒഴിവാക്കണം.
* പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണം.
* സാമൂഹിക അകലം നിര്‍ബന്ധം
* ഇടയ്ക്കിടെ സാനിറ്റെസറോ സോപ്പോ ഉപയോഗിക്കുക
* കൈകള്‍ അണു വിമുക്തമാക്കാതെ മുഖത്ത് സ്പര്‍ശിക്കരുത്
* മാസ്‌ക് താഴ്ത്തിയുള്ള സംസാരം വേണ്ട
* മാസ്‌കിന്റെ പുറത്ത് സ്പര്‍ശിക്കരുത്
* വീടുകളില്‍ സന്ദര്‍ശകരെ ഒഴിവാക്കൂ
* ഹൃദ്രോഗം വൃക്കരോഗം എന്നിവയുള്ളവര്‍ സൂക്ഷിക്കുക
* കുട്ടികളുമായി അടുത്തിടപഴകരുത്.
* രോഗ സംശയമുള്ളവര്‍ കോവിഡ് പരിശോധന നടത്തുക

 

 

 

 

OTHER SECTIONS