വളര്‍ച്ചാമുരടിപ്പു മാറി, ഇന്ത്യയിലെ കുട്ടികള്‍ പൊണ്ണത്തടിയന്മാര്‍!

By Web Desk.29 07 2022

imran-azhar

 


വളര്‍ച്ചാമുരടിപ്പുള്ള കുട്ടികള്‍ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലായിരുന്നു ഇന്ത്യ. എന്നാല്‍, ഇപ്പോള്‍ പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണമാണ് ഇന്ത്യയില്‍ അമ്പരപ്പിക്കുന്ന തരത്തില്‍ ഉയരുന്നത്. അടിയന്തരമായി പരിഹാര മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധിയായി പൊണ്ണത്തടി രൂപമെടുക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

 

അമിതവണ്ണവും പൊണ്ണത്തടിയുമുള്ള 18 ഗശലക്ഷം കുട്ടികളാണ് ഇന്ത്യയിലുള്ളത്. ഈ സംഖ്യ പ്രതിദിനം ഉയരുകയാണ്. 2019-21 ലെ, ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സര്‍വെ പ്രകാരം അഞ്ചു വയസിനു താഴെയുള്ള 3.4 ശതമാനം കുട്ടികള്‍ക്ക് അമിതഭാരമുണ്ട്. 2015-16 വര്‍ഷത്തെ സര്‍വെയില്‍ ഇത് 2.1 ശതമാനമായിരുന്നു.

 

ശതമാന കണക്ക് ചെറുതാണെന്നു തോന്നാം. എന്നാല്‍, ഇന്ത്യയിലെ ഉയര്‍ന്ന ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍, ഈ ശതമാനക്കണക്ക് വളരെ വലുതാണ്. 2022 ലെ യുണിസെഫിന്റെ വേള്‍ഡ് ഒബിസിറ്റി അറ്റ്ലസ് അനുസരിച്ച്, 2030-ഓടെ ഇന്ത്യയില്‍ 27 ദശലക്ഷത്തിലധികം പൊണ്ണത്തടിയുള്ള കുട്ടികള്‍ ഉണ്ടാകും. അതായത്, 10 കുട്ടികളില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയുണ്ടാകും. എന്നാല്‍, പൊണ്ണത്തടി പ്രതിരോധത്തില്‍ രാജ്യം വളരെ പിന്നോക്കവുമാണ്. 183 രാജ്യങ്ങളുടെ പട്ടികയില്‍ 99-ാം സ്ഥാനത്താണ് ഇന്ത്യ.

 

രാജ്യം നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നമായി പൊണ്ണത്തടി മാറും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, പകര്‍ച്ചവ്യാധികളല്ലാത്ത 13 തരം അര്‍ബുദങ്ങള്‍, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍ എന്നിവയിലേക്ക് പൊണ്ണത്തടി നയിക്കും. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 2.8 ദശലക്ഷം ജീവനുകളാണ് പൊണ്ണത്തടി കവര്‍ന്നത്.

 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുതിര്‍ന്നവരുടെ അമിതവണ്ണത്തില്‍ ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്. 2016-ലെ ഒരു കണക്ക് പ്രകാരം 135 ദശലക്ഷം ഇന്ത്യക്കാര്‍ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണ്. എന്നാല്‍, ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 36 ശതമാനം കുട്ടികള്‍ ഇപ്പോഴും വളര്‍ച്ചാമുരടിപ്പ് ഉള്ളവരാണ്. പോഷകാഹാരക്കുറവ് ചെറുക്കുന്നതില്‍ രാജ്യം നേടിയ നേട്ടങ്ങള്‍ അമിത പോഷകാഹാരത്തില്‍ മുങ്ങിപ്പോകുന്നു.

 

അമിതവണ്ണവും പൊണ്ണത്തടിയും അമിതപോഷകാഹാരത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്. എന്നാല്‍, അതിനര്‍ഥം ആവശ്യമുള്ള പോഷകങ്ങളെല്ലാം കൃത്യമായി ലഭിക്കുന്നു എന്നല്ല.

 

സമീകൃതാഹാരത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഏറ്റവും വലിയ വെല്ലുവിളി. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങിയ ബാലന്‍ഡ് ഡയറ്റ് സ്വീകരിച്ചാല്‍, അമിതവണ്ണം പ്രതിരോധിക്കാം. ഒപ്പം ശരീരത്തിനു വേണ്ട പോഷകങ്ങളെല്ലാം കൃത്യമായി ലഭിക്കുകയും ചെയ്യും. ഇതിലൂടെ പോഷണക്കുറവും അമിത പോഷണവും ഒഴിവാക്കുകയും ചെയ്യാം.

 

 

 

OTHER SECTIONS