അച്ഛനമ്മമാര്‍ മക്കളുടെ കൂട്ടുകാരാകണോ?

By Rajesh Kumar.08 Nov, 2017

imran-azhar

 

ഡോ. വേണുതോന്നയ്ക്കല്‍

അച്ഛനമ്മമാരും അധ്യാപകരും കുട്ടിയുടെ മനസ്‌സറിയണം. കുട്ടികള്‍ക്ക് ആത്മബലം നല്‍കേണ്ടവര്‍ അച്ഛനമ്മമാരും അധ്യാപകരുമാണെന്നു മറക്കരുത്.
മക്കളെ സംരക്ഷിച്ച് അവര്‍ക്കു വേണ്ട സൗകര്യങ്ങളും ഭൗതികാവശ്യങ്ങളും നല്‍കിയതുകൊണ്ട് മാത്രം തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞെന്ന് അച്ഛനമ്മമാര്‍ കരുതരുത്. അവരെ ശാസിക്കാനും സ്‌നേഹിക്കാനും ഉപദേശിക്കാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനും അവര്‍ പറയുന്നത് കേള്‍ക്കാനും തയ്യാറാവുകയും വേണം.

 

കുഞ്ഞുകാര്യങ്ങള്‍ പോലും കേള്‍ക്കണം
കുട്ടികള്‍ സ്‌കൂളില്‍ നിന്നും മടങ്ങി വന്നാല്‍ അവര്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടാവും. പറയുന്നതൊക്കെയും നമുക്ക് ബോറടിക്കുന്ന തീരെ നിസാരമായ കാര്യങ്ങള്‍. എങ്കിലും വളരെ താത്പര്യത്തോടെ അതെല്ലാം കേള്‍ക്കണം. അപ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്നത് വലിയ സന്തോഷമാവും. അതിനാല്‍ ഭക്ഷണ സമയത്ത് അവര്‍ക്കായി മാത്രം അരമണിക്കൂര്‍ നേരം കണ്ടെത്തുക.
കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോഴും അച്ഛനും അമ്മയും എന്ന നിലവിട്ട് താഴരുത്. കളിക്കൂട്ടുകാരായി ഭാവിക്കുമ്പോഴും അച്ഛനമ്മമാരാണെന്ന തോന്നല്‍ മക്കളില്‍ നിലനില്‍ക്കണം.
തങ്ങള്‍ മക്കള്‍ക്ക് നല്ല സുഹൃത്തുക്കളാണെന്ന് ചില രക്ഷാകര്‍ത്താക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്. സുഹൃത്തിനെപ്പോലെയാവാം, സുഹൃത്താവരുത്.
മുത്തച്ഛ്ശന്‍, മുത്തശ്ശി, അച്ഛന്‍, അമ്മ, അമ്മാവന്‍, സഹോദരി, ഭാര്യ, സഹോദരന്‍, ഭര്‍ത്താവ്, മക്കള്‍ തുടങ്ങിയ ബന്ധങ്ങള്‍ക്ക് പുറത്താണ് സുഹൃത്ത്. ഇവരില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു തലം സുഹൃത്തിനുണ്ട്. ഒരുപക്ഷേ, മറ്റാരെക്കാളും സുഹൃത്തിനോടാവാം ഏറ്റവും അടുപ്പം.
ഓരോ ബന്ധത്തിനും അതിന്റേതായ പവിത്രതയും മൂല്യങ്ങളുമുണ്ട്. ഒരു സുഹൃത്തിന് അച്ഛനെപ്പോലെയാവാനാവില്ല. അച്ഛന് ചിലപ്പോഴൊക്കെ ഒരു സുഹൃത്തിനെ പോലെ പല വിഷയങ്ങളിലും ഇടപെടാം.

 

കുട്ടികളുടെ റോള്‍ മോഡല്‍
കുട്ടികളുടെ റോള്‍ മോഡല്‍ മാതാപിതാക്കളാണ്. ചിലപ്പോള്‍ അമ്മാവന്മാരോ അധ്യാപകരോ ആവാം. അതിനാല്‍ വീട്ടില്‍ കുട്ടികളുമായി ഇടപഴകുമ്പോഴും മാതാപിതാക്കള്‍ അവരുടെ മുന്നില്‍ പരസ്പരം ഇടപെടുമ്പോഴും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
ദമ്പതികള്‍ അപക്വമതികളാവാം. എങ്കിലും മക്കളുടെ മുന്നില്‍ കഴിവതും അതു പ്രകടിപ്പിക്കാതിരിക്കുക. കുടുംബാന്തരീക്ഷം സമാധാന പൂര്‍ണ്ണമാകാന്‍ കഴിവതും ശ്രദ്ധിക്കണം.

 

കൂട്ടുകാര്‍ ആരെന്നറിയാം
മക്കളുടെ കൂട്ടുകാര്‍, അധ്യാപകര്‍ എന്നിവര്‍ ആരൊക്കെയെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. സൗഹൃദവലയങ്ങളാണ് ഒരാളെ ചിലപ്പോള്‍ വഴിതെറ്റിക്കുന്നത്. എന്നാല്‍. ഒരാളുടെ ജീവിതവിജയത്തിന് താങ്ങാവാനും സുഹൃത്തുക്കള്‍ക്കു സാധിക്കും. മക്കളുടെ സുഹൃത്തുക്കളുടെ രക്ഷിതാക്കളുമായുള്ള സൗഹൃദവും വേണ്ടതാണ്. അത് മക്കളുടെ ഭാവി മെച്ചപ്പെടുത്താന്‍ സഹായിക്കും.

 

ദൂരെ നിന്നു ശ്രദ്ധിക്കണം
കുട്ടികളുടെ മുറിയില്‍ ഒരു ശ്രദ്ധ നന്ന്. കുട്ടികള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍, അവര്‍ വായിക്കുന്ന പുസ്തകങ്ങള്‍, സ്‌കൂളില്‍ പോയി വരുന്ന സമയം, ട്യൂഷന് പോവുന്നിടം, കുട്ടികള്‍ പോവുന്ന ഷോപ്പുകള്‍, അവരുടെ സ്‌കൂള്‍ ബാഗ് എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കഴിവതും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക. നല്‍കുകയാണെങ്കില്‍ അവര്‍ അത് ദുരുപയോഗപ്പെടുത്തുന്നുണ്ടോയെന്ന് ശ്രദ്ധിക്കുകയും വേണം.
കുട്ടികള്‍ പുകവലിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കുകയോ ചെയ്യുന്നില്ലെന്നാവും നാം വിശ്വസിക്കുന്നത്. എങ്കിലും ഒന്നു ശ്രദ്ധിക്കുന്നതില്‍ തെറ്റില്ല. സ്വന്തം കുട്ടികള്‍ തെറ്റൊന്നും ചെയ്യില്ലെന്നാവും എല്ലാ മാതാപിതാക്കളും കരുതുന്നത്. ഈ ബോധമാണ് കുട്ടികള്‍ വഴിതെറ്റുന്നതില്‍ ഒരു ഘടകം.

 

വായിച്ചുവളരട്ടെ
പഠിക്കാനില്ലാത്തപ്പോള്‍ വായന ശീലമാക്കുക. വായന കുട്ടികളുടെ ഭാവന ഉണര്‍ത്തുകയും ചിന്തയ്ക്കും ഭാവനയ്ക്കും ഒരു ത്രിമാനതലം രൂപപ്പെടുകയും ചെയ്യുന്നു, കുട്ടികള്‍ എന്ത് വായിക്കണം എന്ന കാര്യത്തിലും ഒരു ധാരണ രക്ഷിതാക്കള്‍ക്കുണ്ടാവണം. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുക. നല്ല പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള കഴിവ് രക്ഷിതാക്കള്‍ക്ക് വേണം. രക്ഷിതാക്കള്‍ വായനക്കാരാണെങ്കില്‍ കുട്ടികളും വായനയില്‍ താത്പര്യം കാണിക്കാനുള്ള സാധ്യത കൂടുതലാണ്.

പണം ആവശ്യത്തിന് മാത്രം
കുട്ടികള്‍ക്ക് ചെലവിന് പണം നല്‍കുന്ന കാര്യത്തിലും വേണം വലിയ ശ്രദ്ധ. ആവശ്യമറിഞ്ഞ് വേണ്ടത് നല്‍കുക. കയ്യിലുള്ള അധിക ധനം അനാവശ്യ ചെലവുകള്‍ക്കും വഴിവിട്ട ബന്ധങ്ങളിലേക്കും നയിച്ചുവെന്നും വരാം. തെറ്റായ കൂട്ടുകെട്ടുകളില്‍പ്പെടാന്‍ കയ്യില്‍ പണം വേണമെന്നുമില്ല.
പണം വേണ്ടത്ര നല്‍കാതെയുമിരിക്കരുത്. രക്ഷിതാക്കളുടെ ആ ശീലം കുട്ടികളെ കളവ് പറയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. അത്തരത്തില്‍ കണ്ടെത്തുന്ന പണം ആവശ്യത്തിനു മാത്രമാവില്ല അനാവശ്യത്തിനുമാവും.
കുറ്റ വാസനയുള്ള കുട്ടികളില്‍ അത് വളരാന്‍ പണം ഒരു പ്രധാന ഘടകമാണ്. സ്വന്തം കുട്ടിക്ക് കുറ്റവാസന ഇല്ലായെന്ന് കരുതരുത്, ഉണ്ടായിക്കൂടായെന്നില്ല. കുട്ടികളെ ദൂരെ നിന്നും ഒരന്യനായി വീക്ഷിക്കുന്നത് ഇത്തരം വാസനകള്‍ ഉണ്ടോയെന്നറിയാന്‍ നന്ന്.
ആണ്‍കുട്ടികളിലാണ് കുറ്റവാസനയുള്ളതെന്ന് മാത്രം കരുതരുത്. കുറ്റവാസനയുടെ കാര്യത്തില്‍ പെണ്‍കുട്ടികളും പിന്നിലല്ല.

 

OTHER SECTIONS