ഭൂരിഭാഗത്തിന്റെയും മുഖത്ത് ഭയം, അമ്പരപ്പ്: ഡോക്ടറുടെ ഹൃദയസ്പര്‍ശിയായ കോവിഡ് ചികിത്സാനുഭവം

By Rajesh Kumar.09 07 2020

imran-azhar

 

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍, ഡോ. ശോഭ സി എം എഴുതുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പ്.

 

ഞാന്‍ ഒരു എഴുത്തുകാരി അല്ല. എങ്കിലും കോവിഡിനെ പിടിച്ചുകെട്ടാന്‍ കേരളം പെടാപ്പാട് പെടുമ്പോള്‍ ഒരു മുന്നണിപ്പൊരാളി എന്ന നിലയ്ക്ക് എഴുതാതിരിക്കാന്‍ കഴിയുന്നില്ല.

 

അഞ്ചാം റൗണ്ട് ഡ്യൂട്ടിയിലെ, പത്തു ദിവസം സൈക്കിളില്‍ ഒടുവിലത്തെ ദിനം. 07.07.2020, ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടു മണി വരെയുള്ള ഡ്യൂട്ടി സമയം, കോവിഡ് പോസിറ്റീവ് വാര്‍ഡില്‍. ഇപ്പോള്‍ മാത്രം വന്ന പുതിയ രോഗികള്‍ 31 പേര്‍. വാര്‍ഡുകളില്‍ മൊത്തം 81 പേര്‍. ഇരുപതിനും എഴുപതിനും ഇടയില്‍ പ്രായുള്ളവര്‍. സ്ത്രീകളും പുരുഷന്മാരും. വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിട്ടില്ലാത്തവരും, വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വീല്‍ ചെയറില്‍ ആയിരുന്ന ഒരു വനിതയും കൂട്ടത്തിലുണ്ട്. മറ്റനേകം രോഗങ്ങള്‍ക്കൊപ്പം അവര്‍ ഇപ്പോള്‍ കോവിഡ് ബാധിതയും ആയി. ഇതിനെല്ലാം തുടക്കം തിരുവനന്തപുരത്തില്‍ നിന്ന് കന്യാകുമാരിയിലെക്ക് വ്യാപാര ആവശ്യത്തിനായി പോയ ഒന്നുരണ്ടു പേരുടെ ചിന്താശൂന്യമായ പ്രവര്‍ത്തിയും.

 

കേരളം ഭയപ്പെട്ടിരുന്ന ഒരവസ്ഥയിലേക്കാണോ നാം പോകുന്നത്? മാസങ്ങളായി ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാരും ഊണും ഉറക്കവും ഇല്ലാതെ പ്രവര്‍ത്തിക്കുന്നു. നിരന്തരം അഭ്യര്‍ത്ഥിക്കുന്നു. യാത്രകള്‍ കുറയ്ക്കുക, രോഗതീവ്രത ഏറിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക, സാമുഹ്യ അകലം പാലിക്കുക, മാസ്‌ക് ശരിയായി ഉപയോഗിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍. ഇതുവരെ കേരളം വലിയൊരു രോഗവ്യാപനത്തിലേക്ക് പോകാതിരുന്നത് കൊണ്ട് ചിലര്‍ക്കെങ്കിലും തമാശയായി തോന്നിയ നിര്‍ദേശങ്ങള്‍! ഇവ പാലിക്കാതിരുന്നതിന്റെ നേര്‍ചിത്രങ്ങളാണ് ഇന്ന് തിരുവന്തപുരം ജനറല്‍ ആശുപത്രിയിലെ കോവിഡ് ഒപിയിലും വാര്‍ഡിലും കാണേണ്ടിവന്നത്. ഒരു തരത്തില്‍ നിഷ്‌കളങ്കരായ മനുഷ്യര്‍. ഭൂരിഭാഗം പേരുടെയും മുഖത്ത് ഭയം, അമ്പരപ്പ്. അദൃശ്യനായ ശത്രു കീഴടക്കിക്കളയുമോ എന്നുള്ള പരിഭ്രമം.ഞങ്ങള്‍ കൂടെയുണ്ട്. കാരണം ഈ പോരാട്ടം രോഗികളോട് അല്ലല്ലോ, രോഗത്തോട് അല്ലേ?

 

നമ്മുടെ ധനവും മറ്റെല്ലാ റിസോഴ്‌സെസ്സും വലിയ തോതില്‍ ഈ ലക്ഷ്യത്തിനു വേണ്ടി വിനിയോഗിപ്പെടുന്നു. പ്രാധാന്യം അര്‍ഹിക്കുന്ന പല കാര്യങ്ങളും മാറ്റിവക്കേണ്ടിവരുന്നു. കാരണം ജനങ്ങളുടെ ജീവനേക്കാള്‍ വലുത് മറ്റൊന്നുമല്ല.

 

ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരും അനുബന്ധ വകുപ്പുകളും ഈ ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടുമ്പോള്‍ ജനങ്ങള്‍ക്കും തിരിച്ച് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍. ഒന്നോ രണ്ടോ വ്യക്തികളുടെ വീണ്ടുവിചാരം ഇല്ലാത്ത പ്രവര്‍ത്തനം ഒരു സമൂഹത്തെ മൊത്തമാണ് പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. രോഗബാധിത മേഖലകളില്‍ നടക്കുന്ന തീവ്ര നടപടികള്‍ ഫലപ്രദമാകുമെന്നു പ്രത്യാശിക്കാം.

 

സര്‍ക്കാരിന്റെ റിസോഴ്‌സെസ്സും ആരോഗ്യകേന്ദ്രങ്ങളും കോവിഡിനു വേണ്ടി മാറ്റിവയ്ക്കപ്പെടുമ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. എവിടെ പോയി കേരളത്തിലെ മറ്റു രോഗികള്‍? എവിടെയും പോയിട്ടില്ല സുഹൃത്തേ, അവര്‍ ഇവിടെയൊക്കെ തന്നെയുണ്ട്. നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവര്‍ വേദന കടിച്ചമര്‍ത്തുന്നു, ത്യാഗം സഹിക്കുന്നു. കാന്‍സര്‍ രോഗികള്‍, ഹൃദ്രോഗികള്‍, നിരന്തരം ഡയാലിസിസ് വേണ്ടവര്‍, മൂത്രതടസ്സവും അനുബന്ധപ്രശ്‌നങ്ങള്‍ കാരണം കഠിനവേദന അനുഭവിക്കുന്നവര്‍, കീമോതെറാപ്പിയും പലതരം സര്‍ജറിയും കാത്തു കഴിയുന്നവര്‍. എല്ലാവരും ഇവിടെ തന്നെയുണ്ട്, നിസ്സഹായരായി.

 

അതുപോലെ തന്നെ നിസ്സഹായരാണ് സ്വന്തം സ്‌പെഷ്യാലിറ്റിയിലെ രോഗികള്‍ നരകവേദന അനുഭവിക്കുമ്പോഴും അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാതെ കോവിഡ് രോഗികളെ മാത്രം ചികിത്സിക്കേണ്ടി വരുന്ന ഡോക്ടര്‍ സമൂഹവും.

 

വിവേകപൂര്‍ണ്ണമായ പെരുമാറ്റമാണ് ഇവിടെ നമുക്ക് ആവശ്യം. രോഗം വന്നു ചികിത്സിക്കൂന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതേ, നമുക്ക് സാമൂഹ്യ അകലം പാലിക്കാം, കൈ കഴുകാം, രോഗവ്യാപനത്തിന്റെ കണ്ണി പൊട്ടിക്കാം, യാത്രകള്‍ ഒഴിവാക്കാം, കഴിവതും വീട്ടില്‍ തന്നെ ഇരിക്കാം.

 

OTHER SECTIONS