കോവിഡ് വാക്‌സിന്‍: മനുഷ്യരിലെ ആദ്യ പരീക്ഷണം അമേരിക്കയില്‍ വിജയം

By Rajesh Kumar.20 05 2020

imran-azhar

 

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യത്തോടടുക്കുന്നു. വാക്‌സിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയകരമെന്നു ഗവേഷകര്‍. അമേരിക്കയിലെ മോഡേണ ലാബിലെ ഗവേഷകരാണ് വാക്‌സിന്‍ പരീക്ഷണത്തിനു പിന്നില്‍. എട്ടു സന്നദ്ധപ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്.വാക്‌സിന്‍ സ്വീകരിച്ച സന്നദ്ധപ്രവര്‍ത്തകരില്‍, കോവിഡ് രോഗബാധിതരിലെ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. പുതിയ വാക്‌സിന്‍ മനുഷ്യരില്‍ സുരക്ഷിതമാണെന്നും അവര്‍ വ്യക്തമാക്കി.

 

അമേരിക്കന്‍ സ്ഥാപനമായ മോഡേണ, 45 പേരില്‍ നടത്തുന്ന ആദ്യ ഘട്ട വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായുള്ള പ്രാഥമിക സുരക്ഷാപഠനമാണ് നടന്നത്. വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ഇനിയും കടമ്പകളേറെയുണ്ട്. ലോകത്തെ വിറപ്പിക്കുന്ന കോവിഡിനെ ഫലപ്രദമായി തളയ്ക്കാനുള്ള ഏക മാര്‍ഗ്ഗമായ വാക്‌സിന്റെ നിര്‍മ്മാണത്തിലേക്കുള്ള ആദ്യപടി എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഗവേഷണത്തെ ഉറ്റുനോക്കുന്നത്.

 

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ്, വാക്‌സിന്‍ സ്വീകരിച്ച എട്ടുപേരില്‍ നടത്തിയ പരിശോധനയില്‍, ഇവരുടെ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. മാത്രമല്ല, ഇവ വൈറസിന്റെ പെരുകല്‍ തടയുകയും ചെയ്യുന്നതായി പരിശോധനയില്‍ തെളിഞ്ഞു.എന്നാല്‍, വൈറസിനെ വാക്‌സിന്‍ ഫലപ്രദമായി പ്രതിരോധിക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. വാക്‌സിനിലൂടെ ശരീരം നിര്‍മ്മിച്ച ആന്റിബോഡികള്‍ കൂടുതല്‍ കാലം നിലനില്‍ക്കുമോ എന്നും അറിയേണ്ടതുണ്ട്.

 

OTHER SECTIONS