കൊവിഡ് കാലത്തെ പ്രമേഹം

By Rajesh Kumar.14 11 2020

imran-azhar

 

 

 

ഡോ. ജീവന്‍ ജോസഫ്
ഡയബറ്റിസ് & എന്‍ഡോക്രൈനോളജി വിഭാഗം
സീനിയര്‍ കണ്‍സള്‍ട്ടന്റ്
കിംസ്‌ഹെല്‍ത്ത്

 


നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. നഴ്‌സും പ്രമേഹവും (ദ നഴ്‌സ് ആന്‍ഡ് ഡയബറ്റിസ്) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. പ്രമേഹമുള്ളവരെ ചികിത്സിക്കുന്നതില്‍ നഴ്‌സുമാരുടെ പങ്കിനെക്കുറിച്ചുള്ള അവബോധം ഉയര്‍ത്തുന്നതിനാണ് ഈ വര്‍ഷത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കുന്നത്.
ഒരു വര്‍ഷത്തോളമായി ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നിരന്തര പരിശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ പോലെ പ്രമേഹരോഗികളും കൊവിഡിനെപ്പറ്റി ആശങ്കയിലാണ്. എന്നാല്‍, പേടിയില്ലാതെ ഈ ശത്രുവിനെ മുന്‍കരുതലോടെ അതിജീവിക്കാനാവും എന്ന തിരിച്ചറിവാണ് പ്രമേഹരോഗികള്‍ക്ക് വേണ്ടത്.

 

പ്രമേഹമുള്ളവരിലെ കൊവിഡ് സാധ്യത?

പ്രമേഹമുള്ളതുകൊണ്ട് കൊവിഡ് വരാനുള്ള സാധ്യത ഇല്ല. എന്നാല്‍, പ്രമേഹമുള്ളവര്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് ബാധിതരായാല്‍ രോഗതീവ്രത വര്‍ദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുട്ടികളില്‍ കണ്ടുവരുന്ന ടൈപ്പ് 1, മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ടൈപ്പ് 2 എന്നിങ്ങനെ രണ്ടുതരത്തിലാണ് പ്രമേഹരോഗം. 25 വയസിനു താഴെയുള്ള ടൈപ്പ് 1 പ്രമേഹബാധിതരില്‍ കോവിഡ് ബാധിച്ചാല്‍ രോഗതീവ്രത വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ഇറ്റലി, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ പരിശോധിക്കുമ്പോഴും ഇത് വ്യക്തമാണ്.
ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ ചിലരുടെ അവസ്ഥ കൊവിഡ് ബാധ ഉണ്ടായാല്‍ വഷളാകാറുണ്ട്. പ്രായക്കൂടുതല്‍, പ്രമേഹത്താല്‍ ശരീരത്തിലെ പ്രതിരോധശേഷിയിലുള്ള വ്യതിയാനങ്ങള്‍, പ്രമേഹത്തിന്റെ തോത് വര്‍ദ്ധിക്കുന്നത്, പ്രമേഹത്താലുണ്ടായ ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ സങ്കീര്‍ണ്ണതകളാണ് ഇവയ്ക്ക് കാരണം. ഭീതിയോടെ കൊവിഡിനെ സമീപിക്കേണ്ടതില്ല. എന്നാല്‍, ശാസ്ത്രീയവശം കൃത്യമായി മനസിലാക്കണം.

 

മുന്‍കരുതലുകള്‍

ശരിയായ രീതിയില്‍ മാക്‌സ് ധരിക്കുക. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്‍ഡോളം കഴുകുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുക. തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക. അനാവശ്യമായി വീട്ടില്‍ നിന്ന് പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇവ എല്ലാവര്‍ക്കും ബാധകമാണെങ്കിലും പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം ഇത് നിര്‍ബന്ധമാണ്.

 

കൊവിഡ് സങ്കീര്‍ണ്ണത ഒഴിവാക്കാന്‍

പ്രമേഹത്തിന്റെ തോത് നിയന്ത്രിക്കുന്നതിലൂടെ കൊവിഡിന്റെ നില വഷളാകുന്നത് തടയാനാവും. പ്രമേഹം നിയന്ത്രിതമാണോ എന്ന് ലളിതമായ ഗ്ലൈക്കോസിലേറ്റഡ് ഹീമോഗ്ലോബിന്‍ (എച്ച്ബിഎ1സി) പരിശോധനയിലൂടെ മനസിലാക്കാനാവും. രക്തത്തിലെ പഞ്ചസാരയുടെ മൂന്നുമാസത്തെ ശരാശരി അളവാണ് ഈ പരിശോധനയിലൂടെ ലഭിക്കുന്നത്. ഏഴ് ശതമാനമോ അതിന്റെ താഴെയുള്ള തോതുകളിലോ പ്രമേഹം നിലനിര്‍ത്താമെങ്കില്‍ കൊറോണ വൈറസ് ബാധയുടെയോ മറ്റ് അണുബാധയുടെയോ തീവ്രത ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
നിങ്ങളുടെ പ്രമേഹം ഈ തോതില്‍ അധികമാണെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കണം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിച്ചും പ്രമേഹം പരിശോധിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആഹാരം കഴിക്കുന്നതിനു മുമ്പുള്ള പരിശോധനയിലെ അളവ് 100 എംജി/ഡിഎല്ലിനും 110 നും ഇടയ്ക്കും ആഹാരശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ 140 എംജി/ഡിഎല്ലിനും അടുത്താണെങ്കില്‍ പ്രമേഹനിയന്ത്രണം നല്ല രീതിയിലാണെന്ന് വ്യക്തമാണ്.

 

കോവിഡ് ബാധിക്കുമ്പോള്‍

പ്രമേഹരോഗികളില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചോ അല്ലാതെയോ ആണ് കൊവിഡ് വന്നുപോകുന്നത്. ചെറിയ കൊവിഡ് ഇന്‍ഫെക്ഷനിലും പ്രമേഹത്തെ നിയന്ത്രിച്ച് മുന്നോട്ടുകൊണ്ടുപോകാനാവും. കൊവിഡ് ബാധിതരായാലും പ്രമേഹരോഗത്തിന് നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ കൃത്യമായി തുടരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക. ഇന്‍സുലിന്‍ എടുക്കുന്നവരാണെങ്കില്‍ ഓരോ ആറ് മണിക്കൂറിലും 110-180 എംഡി/ഡിഎല്ലിനും ഇടയില്‍ നിലനിര്‍ത്തുക. ഇന്‍സുലിന്‍ എടുക്കാത്തവര്‍ ഒരു ദിവസം രണ്ടു പ്രാവശ്യം പരിശോധിച്ചാല്‍ മതി.
മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും പ്രമേഹവുമുള്ള ചിലരില്‍ രോഗതീവ്രത വര്‍ദ്ധിക്കും. അത്തരം സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ പോയിത്തന്നെ ചികിത്സ തേടേണ്ടതുണ്ട്. സാധാരണ നിലയില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഇന്‍സുലിന്‍ നല്‍കിയുള്ള ചികിത്സാരീതിയാണ് ആശുപത്രികള്‍ പിന്തുടരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല, എല്ലാ രോഗാവസ്ഥയിലും ഇപ്രകാരമാണ് ചെയ്യുന്നത്.

 

പ്രമേഹമുള്ളവരില്‍ കൊവിഡ്/മറ്റ് അണുബാധയാലുള്ള അപകടസാധ്യത

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വ്യതിയാനം ഉണ്ടാകുക, 70 എംജി/ഡിഎല്ലിനു താഴെയോ 250 നി മുകളിലോ ആകുക, മൂത്രത്തിലെ ആസിഡിന്റെ അംശം (കീറ്റോണ്‍സ് പോസിറ്റീവാകുന്നത്) വര്‍ദ്ധിക്കുക, ആഹാരം കഴിക്കാനാവാത്തതിനാല്‍ ക്ഷീണം, ദാഹം, ബോധം കുറയുന്ന അവസ്ഥ എന്നിവ അപകടകരമാണ്.

 

കൊവിഡ് ബാധിച്ചാലുള്ള പരിണിതഫലം

ദീര്‍ഘകാലത്തേക്ക് കൊവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ പൊതുവെ കണ്ടുവരുന്നുണ്ട്. വിശദ അവലോകനത്തിനുള്ള പല പഠനങ്ങളും നടന്നുവരുന്നു. എന്നിരുന്നാലും ഓര്‍മ്മക്കുറവ്, തലച്ചോറിന്റെ പ്രവര്‍ത്തനത്തിലെ ചെറിയ അപചയം, ശ്വാസകോശത്തിലെ പലതരത്തിലുള്ള അണുബാധ തുടങ്ങിയവ പരക്കെ കണ്ടുവരുന്നുണ്ട്.
പ്രമേഹമുള്ളവര്‍ കൊവിഡിനെ പേടിക്കേണ്ടതില്ല. ശത്രുവിനെ മനസിലാക്കി കീഴടക്കുകയാണ് വേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കുകയാണ് സുപ്രധാനം. മാസ്‌ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങിയ പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. ആരോഗ്യകരമായ ജീവിതശൈലി തുടരുക.

 

 

 

OTHER SECTIONS