ജാഗ്രത, കേരളത്തില്‍ പ്രമേഹനിയന്ത്രണം അഞ്ചിലൊരാള്‍ക്കു മാത്രം

By Rajesh Kumar.13 Nov, 2017

imran-azhar

 

ഡോ. ഷീജ മാധവന്‍
പീഡിയാട്രിക് എന്റോക്രൈനോളജിസ്റ്റ്
കിംസ് ആശുപത്രി
തിരുവനന്തപുരം

 

ഡയബറ്റിസ് പണ്ടത്തെക്കാളൊക്കെ നമുക്ക് ഇന്നു പരിചിതമാണ്. ഡയബെറ്റിസ് മാത്രം ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, അതിനു വേണ്ടി മാത്രമുള്ള ആശുപത്രികള്‍, കുട്ടികളില്‍ പോലും ഇതു കൂടി വരുന്നതായി വാര്‍ത്തകള്‍, സിനിമയിലെയും കളിക്കളത്തിലെയും പ്രമുഖരെ ഉള്‍പ്പെടുത്തി കൊണ്ടാടുന്ന ഡയബെറ്റിക് ദിനങ്ങള്‍. ഇതൊക്കെ കാണുമ്പോള്‍ ചിലപ്പൊഴെങ്കിലും നമുക്കു തോന്നിയേക്കാം, സംഗതി ശരിയാണോ? അതോ കച്ചവട തന്ത്രമാണോ? എന്താണ് യാഥാര്‍ത്ഥ്യം?
ഏകദേശം തൊണ്ണൂറു രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് ലോകത്തെമ്പാടും പ്രമേഹം ഒരു മഹാവിപത്തായി മാറികൊണ്ടിരിക്കുന്നു എന്നാണ്. 2010 ലെ രോഗബാധിതരെയും 2030ല്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ളവരെയും താരതമ്യം ചെയ്യുമ്പോള്‍ മനസ്‌സിലാവുന്നത് അത്ര സുഖകരമല്ലാത്ത ചില കാര്യങ്ങളാണ്.


* ഈ കാലയളവില്‍ ലോകത്തെമ്പാടും പ്രമേഹരോഗികളില്‍ അമ്പതു ശതമാനം വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
* എന്നാല്‍, ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളില്‍ പ്രമേഹബാധിതരില്‍ എഴുപതു ശതമാനം വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
* നാഗരികത കാരണമുണ്ടായ ജീവിതശൈലിയിലെ മാറ്റങ്ങള്‍, ജനസംഖ്യാ വര്‍ദ്ധനവ്, ആയുര്‍ദൈര്‍ഘ്യം ഇതെല്ലാമാണ് ഈ ഭീമമായ വര്‍ദ്ധവിനു കാരണം.
* വര്‍ദ്ധന എല്ലാ പ്രായക്കാരിലും പ്രകടമാണ്. അതില്‍ത്തന്നെ സ്ത്രീകളിലും കുട്ടികളിലുമാണ് വര്‍ദ്ധന കൂടുതലായി കാണുന്നത്.


ഗ്രാമങ്ങളില്‍ പോലും കടന്നുകയറിയ നാഗരികത, സാമ്പത്തികമായും സാമൂഹികമായും വന്ന മുന്നേറ്റം, ഇവ കാരണം ജീവിതശൈലിയില്‍ വന്ന വ്യത്യാസം, ഇതൊക്കെയാണ് ഇന്ത്യയിലും നഗരങ്ങളിലേതു പോലെ ഗ്രാമപ്രദേശങ്ങളിലും പ്രമേഹബാധിതര്‍ കൂടാന്‍ കാരണം.
വടക്കേ ഇന്ത്യക്കാരെ അപേക്ഷിച്ച് തെക്കേ ഇന്ത്യക്കാരിലാണ് രോഗബാധിതര്‍ കൂടുതല്‍. തെക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമമേഖലകളില്‍ പത്തിലൊന്നും നഗരങ്ങളില്‍ അഞ്ചിലൊന്നും ആള്‍ക്കാര്‍ പ്രമേഹം കാരണം ബുദ്ധിമുട്ടുന്നു.


ജനിതക പ്രത്യേകതകള്‍ കാരണം ഇന്ത്യക്കാരില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. രോഗം ഒരു ഇരുപതു കൊല്ലം മുമ്പെങ്കിലും ആരംഭിക്കുന്നു. അതു പോലെ അമിതവണ്ണം ഇല്ലാത്തവര്‍ക്കും പാരമ്പര്യ കാരണം കൊണ്ട് പ്രമേഹം പിടിപെടുന്നു. രോഗത്തെ കുറിച്ചുള്ള കുറഞ്ഞ അവബോധം, രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും ആവശ്യമായ സൗകര്യക്കുറവ്, ചികിത്സയില്‍ സിദ്ധിയും പരിജ്ഞാനവുമുള്ള ആതുരശുശ്രൂഷകരുടെ കുറവ് എന്നീ കാരണങ്ങളാല്‍ പ്രമേഹചികിത്സ ഇവിടെ പലപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ സംബന്ധമായ അസുഖങ്ങള്‍, രക്തസമ്മര്‍ദ്ദം എന്നിവ കാരണം ഹൃദ്രോഗങ്ങളിലും കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇവര്‍ക്ക് നേരത്തെ തന്നെ ഹൃദ്രോഗം ബാധിക്കുകയും ചെയ്യുന്നു.
പ്രമേഹവും അതിന്റെ ഭവിഷ്യത്തുകളും ചികിത്സിക്കാന്‍ സാമ്പത്തിക ഭാരം വളരെ കൂടുതലാണ്. ഇതുകൊണ്ടാണ് പ്രമേഹം പ്രതിരോധിക്കാനും ചികിത്സിക്കാനും ഇന്ത്യന്‍ ഭരണകൂടം ഒരു നാഷണല്‍ പ്രോഗ്രാം 2008 ല്‍ തുടങ്ങിയത്. ഇന്ത്യന്‍ ഡയബറ്റിസ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ പഠനം തെളിയിക്കുന്നത് ജീവിതശൈലിയിലെ വ്യതിയാനമാണ് പ്രമേഹം പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്നാണ്.


ഇന്ത്യയില്‍ത്തന്നെ പ്രമേഹബാധിതര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രാജ്യത്തിലെ പ്രമേഹത്തിന്റെ തലസ്ഥാനം എന്ന പേര് നമ്മള്‍ സ്വന്തമാക്കിയിട്ട് കുറച്ചുനാളായി. 2016 ലെ കണക്കു പ്രകാരം നാലിലൊരാള്‍ ഇവിടെ പ്രമേഹബാധിതനാണ്. രാജ്യത്ത് ഏറ്റവുമധികം സാക്ഷരരുള്ള നമ്മുടെ സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സാക്ഷരത തുലോം കുറവാണ്. പ്രമേഹബാധിതരില്‍ തന്നെ അഞ്ചിലൊരാള്‍ക്ക് മാത്രമേ ശരിയായ ചികിത്സയും രോഗനിയന്ത്രണവും സാധ്യമാവുന്നുള്ളൂ.


വളരെ കൂടുതല്‍ പ്രമേഹബാധിതരുള്ള സാക്ഷരസമൂഹത്തില്‍, ആധുനിക ചികിത്സാ സൗകര്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായിട്ടും പ്രമേഹരോഗ നിര്‍ണ്ണയത്തിലും ചികിത്സെയിലും കണ്ടുവരുന്ന ഈ അപാകത ഒരു വിരോധാഭാസം തന്നെയാണ്. കേരള പാരഡോക്‌സ് എന്ന് ഇതിനെ വിളിക്കാം. ഇതു മറികടക്കാനുള്ള ഏക മാര്‍ഗ്ഗം പ്രമേഹത്തെ കുറിച്ച് ശരിയായ അവബോധം പൊതുജനങ്ങള്‍ക്കും ആതുരശുശ്രൂഷാ രംഗത്തുള്ളവര്‍ക്കും ഉണ്ടാക്കുക എന്നതാണ്.

 

അമിതവണ്ണം എന്ന വിപത്ത്
കുട്ടികളിലും കൗമാരപ്രായക്കാരിലും വര്‍ദ്ധിച്ചു വരുന്ന അമിതവണ്ണവും പൊണ്ണത്തടിയും ഭാവിയില്‍ നാം നേരിടാന്‍ പോകുന്ന ഒരു പ്രധാന ആരോഗ്യവിപത്തായി മാറിയിരിക്കുന്നു. തലമുറകളായി മനുഷ്യന്റെ ശരീരഭാരത്തില്‍ സംഭവിക്കുന്ന വര്‍ദ്ധനക്ക് പല വികസിത സമൂഹത്തിലും അടുത്തിടെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും അതു തുടരുന്നു.
അമിതവണ്ണമുള്ള കൗമാരക്കാരില്‍ 85 ശതമാനവും ഭാവിയില്‍ അമിതവണ്ണമുള്ളവരായി തന്നെ തുടരാനാണ് സാധ്യത. അമിതവണ്ണം ഭാവിയില്‍ പല അസുഖങ്ങള്‍ക്കും കാരണമാവുന്നു എന്നത് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രമേഹം, കൊളസ്‌ട്രോള്‍ വര്‍ദ്ധന, രക്തസമ്മര്‍ദ്ദം എന്നിങ്ങനെ ഹൃദ്രോഗത്തിലേക്ക് നയിക്കാവുന്ന അസുഖങ്ങളാണ്. ഇവയെ-ശരീരത്തിന്റെ മധ്യഭാഗത്തും ആന്തരികാവയവങ്ങളിലുമുള്ള കൊഴുപ്പ്, പ്രമേഹം, കൊളസ്‌ട്രോള്‍ വര്‍ദ്ധന, രക്തസമ്മര്‍ദ്ദം-മെറ്റബോളിക് സിന്‍ഡ്രം എന്നുവിളിക്കുന്നു. ക്ഷയം, എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള സാംക്രമികരോഗങ്ങളേക്കാള്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളും കാന്‍സറുമായിരിക്കും ഭാവിയിലെ നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍.


ഇവ കുട്ടികളിലെ വില്ലന്മാര്‍
അമിതവണ്ണം കുട്ടികളിലും കൗമാരപ്രായക്കാരിലും വര്‍ദ്ധിച്ചുവരാന്‍ പല കാരണങ്ങളുമുണ്ട്. ഉറക്കക്കുറവ് ്പ്രത്യേകിച്ച് കൗമാരപ്രായക്കാരായ കുട്ടികളുടെ ഒരു പ്രശ്‌നമാണ്. ഹോംവര്‍ക്ക്, പരീക്ഷാതയ്യാറെടുപ്പുകള്‍, സോഷ്യല്‍ മീഡിയ, ടിവി, വീഡിയോ ഗെയിം എന്നിവയുടെ ഉപയോഗം തുടങ്ങിയവ കാരണം ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുന്നു.


പരീക്ഷയില്‍ ഊന്നിയുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം, മാനസിക പിരിമുറുക്കത്തിന് പങ്കുവയ്ക്കലിലൂടെ അയവ് വരുത്താന്‍ ഉപകരിക്കാത്ത അണുകുടുംബ വ്യവസ്ഥ എന്നീ കാരണങ്ങളാല്‍ കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള പഴച്ചാറുകള്‍, ചോകേ്‌ളറ്റ്, കൊഴുപ്പ് കൂടുതലുള്ള, എന്നാല്‍ വളരെ എളുപ്പം ഉപയോഗിക്കാവുന്നതും രുചികരവുമായ ബര്‍ഗര്‍, പിസ്‌സ തുടങ്ങിയ പാശ്ചാത്യരീതിയിലുള്ള ഭക്ഷണരീതി എന്നിവയെല്ലാം ദോഷമുണ്ടാക്കുന്നു.

 

എങ്ങനെ നിയന്ത്രിക്കാം?
പ്രമേഹത്തിനും രോഗം കാരണമുണ്ടാകുന്ന വൃക്കയുടെ തകരാറ് പോലെയുള്ള മറ്റ് ഭവിഷ്യത്തുകള്‍ക്കും ചികിത്സ ലഭ്യമാണെങ്കിലും അത് അത്ര നിസ്‌സാരമല്ല. അതിനാല്‍, രോഗപ്രതിരോധത്തിനു തന്നെയാവണം മുഖ്യപരിഗണന.
പ്രമേഹരോഗപ്രതിരോധനത്തിന് ഏറ്റവും പ്രധാനം രോഗത്തിന് കാരണമായേക്കാവുന്ന അമിതവണ്ണവും അനാരോഗ്യകരമായ ജീവിതരീതികളും ഒഴിവാക്കുകയാണ്. ഈ ജീവിതശൈലീമാറ്റം മുതിര്‍ന്നവരില്‍ ഏറെ പ്രയാസമുള്ളതാണ്. അതുകൊണ്ട് അമിതവണ്ണവും പ്രമേഹവും കുറയ്ക്കാനുള്ള ശരിയായ ഭക്ഷണക്രമവും ജീവിതരീതിയും കുട്ടിക്കാലത്തു തന്നെ ശീലിപ്പിക്കണം.


്മറ്റൊന്ന് പ്രമേഹം ബാധിക്കാന്‍ സാധ്യതയുള്ളവരില്‍ രോഗപരിശോധന നടത്തുക എന്നതാണ്. അമിതവണ്ണമുള്ള കുട്ടികള്‍, കുടുംബത്തില്‍ പ്രമേഹരോഗമുള്ളവര്‍, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ വര്‍ദ്ധന, പോളിസിസ്റ്റിക് ഓവറി എന്നീ അസുഖങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണ്ടതാണ്. കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്തുന്നതും ശരിയായ ചികിത്സ തുടങ്ങുന്നതും പ്രമേഹരോഗത്തിന്റെ ഭവിഷ്യത്തുകള്‍ ഒഴിവാക്കുവാന്‍ ഫലപ്രദമാണ്.
ഒരിക്കലും തിരിച്ചുപോകാന്‍ പറ്റാത്ത മാറ്റമാണ് ജീവിതശൈലിയില്‍ നമുക്കെല്ലാം ഉണ്ടായിരിക്കുന്നത്. മാറിയ സാഹചര്യത്തില്‍ വരുന്ന രോഗങ്ങളെ മനസ്‌സിലാക്കുക, അവ വരാതിരിക്കാന്‍ ശ്രമിക്കുക, അഥവാ പിടിപെട്ടാല്‍ നിയന്ത്രണവിധേയമാക്കുക, ഇതായിരിക്കണം ലക്ഷ്യം.

 

OTHER SECTIONS