കാന്‍സര്‍ പ്രതിരോധം, ഭക്ഷണത്തിലൂടെ

By Rajesh Kumar.17 05 2020

imran-azhar

 

 

 ഡോ.(മേജര്‍)നളിനി ജനാര്‍ദ്ദനന്‍

 


കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്കു പേടി തോന്നുമെങ്കിലും ഇപ്പോള്‍ പലതരം കാന്‍സറുകളും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമക്കുറവും കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റങ്ങള്‍ വരുത്തി ആരോഗ്യമുള്ള ജീവിതം നയിക്കുകയാണെങ്കില്‍, മിക്ക കാന്‍സര്‍ രോഗങ്ങളും വരാതെ പ്രതിരോധിക്കാന്‍ കഴിയും. കാന്‍സര്‍ രോഗങ്ങളില്‍ 40 ശതമാനം മുന്‍കൂട്ടി തടയാന്‍ കഴിയുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.


കാന്‍സറിനെ തടയാന്‍ കഴിവുള്ള ഘടകങ്ങളടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയും കാന്‍സര്‍ ഉണ്ടാക്കാനിടയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും ചെയ്തുകൊണ്ടുള്ള ഭക്ഷണരീതി സ്വീകരിച്ചാല്‍ ഒരു പരിധിവരെ കാന്‍സര്‍ തടയാമെന്ന് പഠനങ്ങള്‍ പറയുന്നു.തെറ്റായ ഭക്ഷണരീതി

 

ഇത്തരം ഭക്ഷണരീതി കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുന്നു.

 

* എണ്ണ, കൊഴുപ്പ്, അന്നജം എന്നിവയുടെ അമിതമായ ഉപയോഗം
* പൂപ്പല്‍ ബാധിച്ചതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍
* ടിന്നിലടച്ചതും സംസ്‌കരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍
* ഭക്ഷണം കേടാവാതെയിരിക്കാന്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍.
* കൃത്രിമ നിറവും മണവും രുചിയും കലര്‍ന്ന ആഹാരവും പാനീയങ്ങളും.
* ഉണക്കമീന്‍, ഉപ്പിലിട്ടത്, കേടാവാതിരിക്കാന്‍ അധികം ഉപ്പുചേര്‍ത്തുണക്കിയ ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ അമിതമായ ഉപയോഗം.
* ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ബേക്കറി സാധനങ്ങള്‍, കലോറി അധികമായ ഭക്ഷണം, അമിതമായി കൊഴുപ്പു ചേര്‍ത്ത ഭക്ഷണം മുതലായവയുടെ അമിത ഉപയോഗം.
* കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും.
* മായം കലര്‍ത്തിയ ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും പാനീയങ്ങളും എണ്ണയും.
* കൃത്രിമ മധുരം ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങളുടെ അമിത ഉപയോഗം.
* മാംസാഹാരം (ചുവന്ന മാംസം) പ്രത്യേകിച്ചും ബീഫ്, മട്ടന്‍, പന്നിയിറച്ചി തുടങ്ങിയവയുടെ അമിതോപയോഗം.
* എണ്ണയില്‍ വറുത്തതും പൊരിച്ചതും (ഡീപ്പ് ഫ്രൈ) പുകച്ചതും കരിഞ്ഞതുമായ ഭക്ഷണം.
* വറുക്കാനുപയോഗിക്കുന്ന എണ്ണ മാറ്റാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്.
* പാചക എണ്ണ പുകയുന്ന തരത്തില്‍ കൂടുതല്‍ ചൂടാക്കുന്നത്.
* ആഹാരത്തില്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ്.കാന്‍സര്‍ തടയാന്‍ ആഹാരം

 

കാന്‍സര്‍ പ്രതിരോധിക്കാനായി വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.* തക്കാളി, കാരറ്റ്, ചെറുനാരങ്ങയും ഓറഞ്ചും പോലെയുള്ള സിട്രസ് പഴങ്ങള്‍ എന്നിവയിലുള്ള ഫിനോളിക് ആസിഡ് കുടലിലെ കാന്‍സര്‍ തടയുന്നു.
* കാരറ്റ്, മധുരക്കിഴങ്ങ്, ഇലക്കറികള്‍ എന്നിവയിലെ ബീറ്റാകരോട്ടിന്‍ അന്നനാളം, ശ്വാസകോശം, ആമാശയം, സ്തനം, കുടല്‍, മലാശയം എന്നിവയിലുണ്ടാകുന്ന കാന്‍സര്‍ തടയുന്നു.
* വിറ്റാമിന്‍ എ ധാരാളമടങ്ങിയ മാങ്ങ, മാമ്പഴം, കാരറ്റ്, തക്കാളി, പപ്പായ, ബീറ്റ്‌റൂട്ട്, മത്തങ്ങ, ഇലക്കറികള്‍ എന്നിവ വയര്‍, ശ്വാസകോശം, ഉമിനീര്‍ ഗ്രന്ഥികള്‍ എന്നിവയിലെ കാന്‍സര്‍ തടയുന്നു.
* മുളകിലടങ്ങിയ കാപ്‌സസിന്‍ ആമാശയാര്‍ബുദം പ്രതിരോധിക്കുന്നു.
* വായിലും കുടലിലും ചര്‍മ്മത്തിലും കാന്‍സര്‍ വരുന്നത് തടയാന്‍ ചെറുനാരങ്ങ സഹായിക്കുന്നു.
* കൊഴുപ്പ് നീക്കം ചെയ്ത പാല്‍ കഴിച്ചാല്‍ വായ, ആമാശയം, മലാശയം എന്നിവയിലെ കാന്‍സര്‍ തടയാം.
* മുട്ട, പാല്‍, അണ്ടിപ്പരിപ്പ്, ബദാംപരിപ്പ്, സോയാബീന്‍ എന്നിവയിലടങ്ങിയ വിറ്റാമിന്‍ ഇ ശ്വാസകോശാര്‍ബുദം തടയുന്നു.
* നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം (ഉദാഹരണത്തിന്, ഓട്‌സ്, പഴങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍, ധാന്യത്തവിടുകള്‍, തവിടുകളയാത്ത അരി തുടങ്ങിയവ) കുടലില്‍ കാന്‍സര്‍ വരാതെ തടയുന്നു. സ്തനാര്‍ബുദം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. തൊലികളയാത്ത ധാന്യങ്ങളിലെ ഫൈറ്റോന്യൂട്രിയന്റുകളും ലിഗ്നിനും അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയും.
* കരള്‍, മത്സ്യം, നിലക്കടല, തക്കാളി, ഇലക്കറികള്‍, തവിട്, യീസ്റ്റ് എന്നിവയിലടങ്ങിയ ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ അര്‍ബുദകോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ച തടയുന്നു.
* ഉള്ളി, വെളുത്തുള്ളി എന്നിവയിലുള്ള സള്‍ഫര്‍ കാന്‍സറിനു കാരണമാവുന്ന എന്‍സൈമുകളെ തടസ്സപ്പെടുത്തുന്നു.
* പഴങ്ങളിലടങ്ങിയ വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, സിട്രിക് ആസിഡ്, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവ കാന്‍സര്‍ വരുന്നത് തടയുന്നു.
* ഇലക്കറികള്‍, ഗ്രീന്‍ ടീ, പാലൊഴിക്കാത്ത കട്ടന്‍ ചായ, ഉണക്കമുന്തിരി എന്നിവയിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും കാന്‍സര്‍ തടയുകയും ചെയ്യുന്നു.
* മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്‍ കുട്ടികളിലെ രക്താര്‍ബുദം, സ്ത്രീകളിലെ സ്തനാര്‍ബുദം, പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ അര്‍ബുദം തുടങ്ങിയവ തടയാന്‍ സഹായിക്കുന്നു.
* സോയാബീന്‍ ഈസ്ട്രജന്റെ അമിത പ്രവര്‍ത്തനം തടയുന്നതുകൊണ്ട് സ്തനാര്‍ബുദമുണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു. അതിനുപുറമേ കുടലിലെയും പ്രോസ്റ്ററ്റിലെയും അര്‍ബുദം വരാതെയും തടയുന്നു. സംസ്‌കരിക്കാത്ത സോയാബീന്‍ പയറാണ് കഴിക്കാന്‍ നല്ലത്.
* തക്കാളി, തണ്ണിമത്തന്‍ എന്നിവയിലടങ്ങിയ ലൈക്കോപീന്‍ എന്ന ഘടകം പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തടയും.
* പാല്‍ (പാട നീക്കിയ, കൊഴുപ്പു കുറഞ്ഞ പാല്‍), പാലുല്പന്നങ്ങള്‍, സോയാബീന്‍, ചായ, ഓറഞ്ച് എന്നിവ സ്തനാര്‍ബുദം തടയുന്നു.
* മഞ്ഞള്‍, ഉലുവ, മല്ലി, വെളുത്തുള്ളി, കുരുമുളക് തുടങ്ങിയവ ഉപയോഗിക്കുന്നത് കാന്‍സര്‍ പ്രതിരോധത്തിനു നല്ലതാണ്. ചായയിലെ പോളിഫിനോളിക് ആന്റിഓക്‌സിഡന്റുകളും മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകളും കാന്‍സര്‍ തടയുന്നു.
* കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി, മുള്ളങ്കി, ബീന്‍സ്, സോയാബീന്‍ എന്നിവയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.
* വെളുത്തുള്ളിയില്‍ കുടലിലെയും ആമാശയത്തിലെയും കാന്‍സര്‍ തടയുന്ന ഘടകങ്ങളുണ്ട്. പക്ഷേ, വെളുത്തുള്ളി അരിഞ്ഞ ഉടനെ ഉപയോഗിക്കാതെ പത്തു മിനിട്ടിനുശേഷം മാത്രം പാചകം ചെയ്യുന്നതാണ് നല്ലത്. കാന്‍സര്‍ തടയുന്ന അല്ലിനേസ് എന്ന എന്‍സൈം വെളുത്തുള്ളി അരിഞ്ഞ് പത്തുമിനുട്ട് കഴിഞ്ഞശേഷമെ രൂപപ്പെടുകയുള്ളൂ.

 

കാന്‍സര്‍ തടയാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്


* പാചകഎണ്ണയുടെ അളവ് കുറയ്ക്കുക. ഒരാള്‍ക്ക് ഏകദേശം 15 മി.ലി എണ്ണ ഒരു ദിവസത്തേക്ക് മതിയാകും.
* ഡാല്‍ഡയും വനസ്പതിയും നെയ്യും ഒഴിവാക്കുക. വെജിറ്റബിള്‍ എണ്ണകളാണ് ആരോഗ്യത്തിനു നല്ലത് (ഉദാഹരണത്തിന്, സോയാബീന്‍ എണ്ണ, നിലക്കടലയെണ്ണ, കടുകെണ്ണ, ഒലീവ് എണ്ണ തുടങ്ങിയവ)
* എണ്ണയില്‍ മുക്കിപ്പൊരിച്ചതും വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക. അതുപോലെ കരിച്ചതും പുകച്ചതുമായ ഭക്ഷണവും കഴിക്കരുത്.
* ഭക്ഷണത്തിനുപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും എണ്ണ പുകയുന്ന തരത്തില്‍ കൂടുതല്‍ ചൂടാക്കുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുമ്പോള്‍ എണ്ണയില്‍ കാന്‍സറുണ്ടാക്കാനിടയുള്ള ഘടകങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്.
* പൂപ്പലുണ്ടായ ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ (ഉദാഹരണത്തിന്, നിലക്കടല, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍) ഉണ്ടാവുന്ന അഫ്‌ളാടോക്‌സിന്‍ കരളിലെ കാന്‍സറിനു കാരണമായേക്കാം. അതിനാല്‍, പഴകിയതും പൂപ്പല്‍ പിടിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്.
* കീടനാശിനികള്‍ കലരാനിടയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വൃത്തിയാക്കി കഴുകിയശേഷം പാകം ചെയ്ത് കഴിക്കുക.
* മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളും കൃത്രിമ നിറവും മധുരവും ചേര്‍ത്ത ഭക്ഷണവും ഒഴിവാക്കുക.
* ചുവന്ന മാംസം (പന്നി, ആട്, പശു, കാള, പോത്ത് എന്നിവയുടെ മാംസം) ഒഴിവാക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുക. തൊലിമാറ്റിയ കോഴിയിറച്ചി കറിവച്ചു കഴിക്കാം. പക്ഷേ, എണ്ണയില്‍ പൊരിച്ചതും കനലില്‍ ചുട്ടതും ഗ്രില്‍ഡ് ആയതുമായ കോഴിയിറച്ചി ആരോഗ്യത്തിനു നല്ലതല്ല.
* അധികം കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ (ഉദാഹരണത്തിന്, ഐസ്‌ക്രീം, ബേക്കറി സാധനങ്ങള്‍, വെണ്ണ, നെയ്യ് അധികം കൊഴുപ്പുള്ള പാല്‍ തുടങ്ങിയവ) ഉപയോഗിക്കുന്നത് കുറയ്ക്കുക. അമിതവണ്ണവും അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
* ഫാസ്റ്റ് ഫുഡിലും ജങ്ക് ഫുഡിലും കുടലില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങളുണ്ടാവാനിടയുണ്ട്. അതുകൊണ്ട് അവയുടെ ഉപയോഗം കുറയ്ക്കുക.
* ചൈനീസ് ഭക്ഷണമായ നൂഡില്‍സ്, ഫ്രൈഡ് റൈസ് തുടങ്ങിയവയില്‍ ചേര്‍ക്കുന്ന അജിനോമോട്ടൊയുടെ അളവ് അധികമായാല്‍ ആരോഗ്യത്തിന് അപകടമാണ്.
* ഭക്ഷണത്തില്‍ ഉപ്പു കുറയ്ക്കുക. കേടുവരാതിരിക്കാന്‍ ഉപ്പുചേര്‍ത്ത് സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും ഒഴിവാക്കുക.
* ടിന്നിലടച്ചതും കേടുവരാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

 

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ


കാന്‍സര്‍ പ്രതിരോധിക്കാന്‍ ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ട ഭക്ഷ്യവസ്തുക്കള്‍ എന്തെല്ലാമെന്നു നോക്കാം. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കൂടുതല്‍ ഉപയോഗിക്കുക.
* പഴവര്‍ഗ്ഗങ്ങളില്‍ പപ്പായ, നാരങ്ങ, ഓറഞ്ച്, മുന്തിരി, കൈതച്ചക്ക, മാമ്പഴം, മാതളനാരങ്ങ എന്നിവ നല്ലതാണ്.
* പച്ചക്കറികളില്‍ തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി, ബീന്‍സ്, മത്തങ്ങ എന്നിവ നല്ലതാണ്.
* ഓട്‌സ്, തവിടുകളയാത്ത ധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തവിടുകളയാതെ പുഴുങ്ങിക്കുത്തിയ അരിയാണ് പച്ചരിയെക്കാള്‍ നല്ലത്.
* മാംസാഹാരം കുറച്ച് സസ്യാഹാരത്തിനു മുന്‍ഗണന നല്‍കുന്നതാണ് നല്ലത്. മുട്ടയുടെ വെള്ള, സോയാബീന്‍, തൊലി നീക്കിയ കോഴിയിറച്ചി, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ചെറുനാരങ്ങ, നെല്ലിക്ക, ഗ്രീന്‍ ടീ, പാട മാറ്റിയ പാല്‍, മുട്ട, ബദാം, അണ്ടിപ്പരിപ്പ് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
* ഉപ്പും മധുരവും കൊഴുപ്പും അമിതമായി ഉപയോഗിക്കാതിരിക്കുക. പച്ചക്കറികള്‍ വേവിക്കാതെ കഴിക്കാവുന്നവയാണെങ്കില്‍ (വെള്ളരിക്ക, കാരറ്റ്, കക്കിരിക്ക തുടങ്ങിയവ) സലാഡ് രൂപത്തില്‍ കഴിക്കാം. എണ്ണയില്‍ വറുത്തു പൊരിച്ചതും കരിച്ചതുമായ ഭക്ഷണവസ്തുക്കള്‍ ഒഴിവാക്കി ആവിയില്‍ വേവിച്ച ഭക്ഷണം കഴിക്കുക.
* ഭക്ഷണക്രമീകരണം നടത്തുകയും കൃത്യമായി വ്യായാമം ചെയ്യുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ നിര്‍ത്തുകയും ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കുറയുകയും ആരോഗ്യപൂര്‍ണ്ണമായ ജീവിതമുണ്ടാവുകയും ചെയ്യും.

 

 

 

 

OTHER SECTIONS