തക്കാളി കഴിക്കൂ, കാന്‍സര്‍ തടയൂ

By Rajesh Kumar.02 Feb, 2017

imran-azhar

ഡോ. വേണുതോന്നയ്ക്കല്‍

 

തക്കാളിപ്പഴം കാഴ്ചയ്ക്ക് സുന്ദരന്‍, നല്ല നിറം, സുന്ദരമായ ആകൃതി, മിനുമിനുത്ത മേനി, കണ്ടാല്‍ ഒന്നു തൊടാനും കയ്യിലെടുത്തു ലാളിക്കാനും തോന്നും. ഒരു പഴം തിന്നാലോ മനസ്‌സിനും ശരീരത്തിനും കുളിര്‍മ്മ. ഉഷ്ണകാലത്ത് തക്കാളി ഏറെ പ്രിയപ്പെട്ടതാകുന്നു.
മറ്റു പഴങ്ങള്‍ തട്ടിച്ചു നോക്കുമ്പോള്‍ ഇതിന് വില കുറവാണ്. എന്നാല്‍ അവയ്‌ക്കൊപ്പം സ്ഥാനക്കയറ്റം കിട്ടിയിട്ടില്ല. അതിഥി സല്‍ക്കാരത്തിന് മേശമേലുള്ള പഴക്കൂമ്പാരങ്ങളിലേക്ക് ഇവയെ കൈപിടിച്ചുയര്‍ത്തിയിട്ടുമില്ല.

 

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തടയാം
തക്കാളി സ്ഥിരമായി കഴിക്കുന്നവരില്‍ അര്‍ബ്ബുദമുണ്ടാവാനുള്ള സാധ്യത കുറവെന്നു കണ്ടെത്തിയിരിക്കുന്നു. ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ ആയിരം സന്നദ്ധരില്‍ പരീക്ഷണം നടത്തിയതില്‍ നിന്നാണ് ഇതിന്റെ ആന്റി കാന്‍സര്‍ ഗുണം കണ്ടെത്തിയത്. 4,80,000 അമേരിക്കന്‍ പുരുഷന്മാരിലും ഈ പരീക്ഷണം ആവര്‍ത്തിച്ചു. തക്കാളിപ്പഴമോ തക്കാളി സോസോ സ്ഥിരമായി കഴിക്കുന്നവരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ 30 ശതമാനം കണ്ട് കുറഞ്ഞിരിക്കുന്നു. ഇറ്റലിയില്‍ മറ്റൊരു പരീക്ഷണം നടത്തി. അത് സ്ത്രീകളിലും പുരുഷന്മാരിലുമായിരുന്നു. അവര്‍ ഒരാഴ്ചയില്‍ ഏഴോ അതിലധികമോ തക്കാളി കഴിച്ചിരുന്നു. അവരില്‍ 30 - 60 ശതമാനം ദഹനേന്ദ്രിയ കാന്‍സര്‍ കുറവായി കണ്ടു.

 

കാന്‍സറിന്റെ ശത്രു ലൈകോപിന്‍
തക്കാളിയില്‍ ലൈകോപിന്‍ എന്ന രാസസംയുക്തമുണ്ട്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണ്. ഈ രാസവസ്തുവാണ് കാന്‍സറിന്റെ ശത്രു. ഈ ലൈകോപിന്‍ തന്നെയാണ് തക്കാളിപ്പഴത്തിന് ചുവപ്പു നിറം നല്‍കുന്നതും. പഴുത്തു ചുവന്ന തക്കാളി കഴിക്കുക. പച്ച തക്കാളിയിലോ മഞ്ഞ തക്കാളിയിലോ ലൈകോപിന്‍ ഇല്ല. സാമ്പാറില്‍ പച്ച തക്കാളി ഇടുന്നതുമൂലം നാം ഉദ്ദേശിക്കുന്ന ഫലസിദ്ധിയുണ്ടാവില്ല.
ലൈകോപിന്‍ തക്കാളിപ്പഴത്തില്‍ മാത്രമല്ല തണ്ണിമത്തന്‍, കറുത്ത മുന്തിരിങ്ങ എന്നിവയിലും കാണുന്നു. എന്നാല്‍, തക്കാളിപ്പഴത്തിലാണ് ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നത്.

 

വേവിച്ച് കഴിക്കാം
തക്കാളിപ്പഴം പ്രകൃതിദത്തമായ രീതിയില്‍ തന്നെ കഴിക്കണം. വേവിച്ചു കഴിക്കാന്‍ പാടില്ല എന്ന് പരക്കെ ഒരു വിശ്വാസമുണ്ട്. ഇത് ജനഹൃദയങ്ങളില്‍ പതിഞ്ഞുപോയ ഒരു തെറ്റായ ധാരണയാണ്. ആ വിചാരത്തിന് തിരുത്ത് വേണ്ടിയിരിക്കുന്നു. വേവിച്ച തക്കാളിപ്പഴമാണ് നന്ന്. വേവിക്കുമ്പോള്‍ തക്കാളിത്തൊലിയിലെ കോശങ്ങള്‍ പൊട്ടുകയും ലൈകോപിന്‍ സ്വതന്ത്രമാവുകയും ചെയ്യുന്നു.
ലൈകോപിന്‍ കൊഴുപ്പില്‍ അലിയുന്ന ഒരു സംയുക്തമാണ്. കൊഴുപ്പു ചേര്‍ത്തതോ കൊഴുപ്പുള്ള ഭക്ഷണവസ്തുക്കള്‍ക്കൊപ്പമോ തക്കാളി പാകം ചെയ്യുകയാണെങ്കില്‍ ലൈകോപിന്‍ കൂടുതലായി പ്രയോജനപ്പെടുത്താനാവും.

OTHER SECTIONS