By Web Desk.23 06 2022
ജീവിതശൈലീരോഗമായ പ്രമേഹത്തിനു മരുന്നു കണ്ടെത്തിയിരിക്കുന്നു. ഏറെ പ്രതീക്ഷ നല്കുന്ന വാര്‍ത്തയാണിത്. സ്വീഡനില്‍ നിന്നാണ് ഈ ആശ്വാസ വാര്‍ത്ത എത്തുന്നത്.
ശരീരത്തിലെ മാംസപേശികളെ, രക്തത്തിലെ അധിക പഞ്ചസാരയെ ആഗിരണം ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് പുതിയ മരുന്ന്. എ ടി ആര് 258 എന്നാണ് മരുന്നിനു നല്‍കിയിരിക്കുന്ന പേര്. രക്തത്തില്‍ നിന്നും പഞ്ചസാരയെ നേരിട്ട് മാംസപേശികളിലെത്തിക്കുന്ന ആദ്യത്തെ മരുന്നാണിത്. അതാണ് ഈ മരുന്നിന്റെ പ്രത്യേകത.
സ്വീഡനില്‍ വികസിപ്പിച്ച ഈ മരുന്ന് മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ചു. തുടര്‍ന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.
പ്രമേഹരോഗികളില്‍ ഭൂരിപക്ഷവും ടൈപ്പ് 2 പ്രമേഹം ബാധിതരാണ്. മാംസപേശികളെ രക്തത്തിലെ അധിക പഞ്ചസാര ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണുകള്‍ ആവശ്യത്തിന് ഉദ്പാദിപ്പിക്കാത്തതോ മാംസപേശീ കോശങ്ങള്‍ ഇന്‍സുലിനോട് വേണ്ട രീതിയില്‍ പ്രതികരിക്കാത്തതോ ആണ് രോഗാവസ്ഥ ഉണ്ടാക്കുന്നത്.
ഇതിന്റെ ഫലമായി പഞ്ചസാര രക്തത്തില്‍ കെട്ടിക്കും. കാലക്രമത്തില്‍ ഇത് കോശങ്ങള്‍ക്കും നാഢീവ്യുഹത്തിനും കേടുപാടുകള്‍ വരുത്തുകയും ചെയ്തേക്കാം. നിരവധി ആരോഗ്യപ്രശ്നള്ക്കും ഇതു കാരണമാകുന്നു.
പത്തില്‍ ഒമ്പത് പ്രമേഹ രോഗികള്‍ക്കും ഉള്ളത് ടൈപ്പ് 2 പ്രമേഹമാണ്. ജീവിതശൈലീമാറ്റം മുതല്‍ മരുന്നുകള്‍ വരെ ഇതിന് ചികിത്സയായി നിര്‍ദേശിക്കുന്നു.
പ്രമേഹത്തിനായി ഉപയോഗിക്കുന്ന അധികം മരുന്നുകളും ചെയ്യുന്നത് ഇന്‍സുലിന്‍ സിസ്റ്റത്തെ ഉത്തേജിപ്പിക്കുകയാണ്.
എന്നാല്‍ സ്വീഡനിലെ അട്രോഗി എന്ന കമ്പനി ഉദ്പാദിപ്പിക്കുന്ന എ ടി ആര് - 258, മാംസപേശികളില്‍ പ്രവര്‍ത്തിച്ച് രക്തത്തില്‍ നിന്നും നേരിട്ട് ഗ്ലൂക്കോസ് എടുക്കുവാന്‍ പേശീകോശങ്ങളെ ഉത്തേജിപ്പിക്കും.
അങ്ങനെ പാന്‍ക്രിയാസിന്റെയോ ഇന്‍സുലിന്റെയോ സഹായമില്ലാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
ജര്‍മ്മനിയിലെ മാന്ഹെയിമിലെ ക്ലിനിക്കല്‍ റിസര്‍ച്ച് സര്‍വ്വീസസില്‍ 80 പേര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ മരുന്ന് നല്‍കിയിരിക്കുകയാണ്. ജര്‍മ്മനിയിലെ ഒന്നാം വട്ട പരീക്ഷണം വിജയിച്ചതിനു ശേഷം മറ്റൊരു വട്ടം പരീക്ഷണം നടത്തി വിജയിച്ചാല്‍ മാത്രമെ ഇത് വിപണില്‍ ലഭ്യമാക്കുകയുള്ളൂ.