ആരോഗ്യത്തിന് ആല്‍ക്കലൈന്‍ ഭക്ഷണം

By Rajesh Kumar.30 Sep, 2017

imran-azhar

 ശാരീരികാരോഗ്യം സന്തുലിതമായി നിലനിര്‍ത്താന്‍ ഏറ്റവും അനിവാര്യം ഭക്ഷണക്രമീകരണമാണ്. ഭക്ഷണത്തെ അസിഡിക്, ആല്‍ക്കലൈന്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ആല്‍ക്കലൈന്‍ ഭക്ഷണം കഴിക്കണം. എന്നാല്‍, നാം കഴിക്കുന്നവയില്‍ ഭൂരിഭാഗവും അസിഡിക് ഭക്ഷണമാണ.് 

 

ശരീരത്തിലെ പിഎച്ച് ലെവലിനെ ആശ്രയിച്ചാണ് ഭക്ഷണം ആല്‍ക്കലൈനാണോ അസിഡിക്കാണോയെന്ന് വേര്‍തിരിക്കുന്നത്.
ആല്‍ക്കലൈന്‍ ഭക്ഷണം ധാരാളമായി നിത്യവും മെനുവില്‍ ഉള്‍പ്പെടുത്തുന്നത് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കി ശരീരം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും . എന്നാല്‍ പൂര്‍ണ്ണമായും ശരീരത്തെ ആല്‍ക്കലൈനായി നിലനിര്‍ത്താന്‍ കഴിയില്ല.


പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരം ആല്‍ക്കലൈനായി സൂക്ഷിക്കാന്‍ സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും പോഷക സമ്പന്നമാണെങ്കിലും അവയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര പുളിക്കുന്നതിന്റെ (ഫെര്‍മെന്റേഷന്‍) ഫലമായി അസിഡിക് ആകുന്നു. അതുപോലെ തന്നെ പച്ചക്കറികള്‍ പാചകം ചെയ്യുന്നതും റഫ്രിജറേറ്ററില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതും അതിന്റെ ആല്‍ക്കലൈന്‍ അവസ്ഥ മാറ്റി അസിഡിക്കായി മാറ്റുന്നു .
ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവയാണ്. മറ്റെല്ലാം അസിഡിക് ആണ് (ചോറ്, ഇറച്ചി, മീന്‍, മുട്ട, പാല്‍, പാലുല്പന്നങ്ങള്‍, സോഫ്ട് ഡ്രിങ്ക്‌സ്, മൈദ). അസിഡിക് അവസ്ഥയില്‍ ശരീരത്ത് രോഗാണുക്കള്‍ വളര്‍ന്നു പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്.ആല്‍ക്കലൈന്‍ ഭക്ഷണം

* തക്കാളി: തക്കാളിയിലെ ലൈകോപിന്‍ ശരീരത്തെ ആല്‍ക്കലൈനായി സൂക്ഷിക്കുന്നു.

* വെളുത്തുള്ളി, ഇഞ്ചി: വെളുത്തുള്ളി അധിക രക്തസമ്മര്‍ദ്ദം തടയുന്നു .

* ഇലക്കറികള്‍: ഇലക്കറികളിലെ ആന്റിഓക്‌സിഡന്റ്ുകള്‍ കാന്‍സറിനെ തടയുന്നു. ഇവയിലുള്ള ഫൈറ്റോകെമിക്കല്‍സ്, ഫൈബര്‍ എന്നിവ ദഹനത്തെയും സഹായിക്കുന്നു.

* തൈര്: ലാക്റ്റിക് ആസിഡ് ധാരാളം അടങ്ങിയ തൈര് ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.

* വെള്ളരി, അവക്കോഡ, ബദാം, ഓറഞ്ച്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, കാപ്‌സികം, നാരങ്ങ എന്നിവയെല്ലാം ആല്‍ക്കലൈന്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളാണ് . സോയാബീന്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ് ,കൂണ്‍, കോളിഫ്‌ളവര്‍ മുതലായവയും ഇതിലുള്‍പ്പെടും.

* നാരങ്ങ, ലാക്റ്റിക് ആസിഡ് അടങ്ങിയ തൈര് എന്നിവ പൊതുവെ അസിഡിക് ആണെങ്കിലും ഇവ ശരീരത്തില്‍ ആല്‍ക്കലൈനായി പ്രവര്‍ത്തിക്കുന്നു .

 

അസിഡിക് ഭക്ഷണം

* പാസ്ത, ബ്രഡ്, അച്ചാറുകള്‍്
* വൈന്‍, ബിയര്‍, ചായ, കോഫി, ആല്‍ക്കഹോള്‍
* ബട്ടര്‍, ചീസ്, ഐസ്‌ക്രീം മുതലായ പാലുല്പന്നങ്ങള്‍
* മുട്ട, ബീഫ്, ചിക്കന്‍, താറാവ്, പന്നിയിറച്ചി
* കോള, അയണൈസ്ഡ് വാട്ടര്‍ പോലുള്ള എനര്‍ജി ഡ്രിങ്കുകള്‍

 

ആഴ്ചയിലൊരിക്കല്‍ വെജിറ്റേറിയന്‍ ഡെ
പച്ചക്കറികളും പഴങ്ങളും കൂടുതലടങ്ങിയ ഡയറ്റ് രോഗപ്രതിരോധശക്തി നല്‍കും. കഴിക്കുന്ന ആഹാരം കൂടുതലും അസിഡിക് ആകുമ്പോള്‍ രോഗങ്ങളുണ്ടാകാന്‍ സാധ്യയേറും. രക്തത്തില്‍ ആല്‍ക്കലൈന്‍ സ്വഭാവം അല്പം കൂടിയിരിക്കുന്നതാണ് രോഗങ്ങളെ പ്രതിരോധിക്കാന്‍ നല്ലത്. ആഴ്ചയില്‍ ഒരു ദിവസം 'വെജിറ്റേറിയന്‍ ഡേ' ആയി തീരുമാനിച്ച് അന്ന് സസ്യാഹാരം മാത്രം കഴിക്കാം. വേണ്ടത്ര നാരുകള്‍ (ഫൈബര്‍) ലഭിക്കാന്‍ പഴങ്ങളും പച്ചക്കറികളും ദിവസം 250 ഗ്രാമെങ്കിലും ഭക്ഷണത്തിലുള്‍പ്പെടുത്തണം.

 

മഴവില്‍ ഭക്ഷണം
ഇടത്തരം വലുപ്പമുളള ബൗള്‍ നിറയെ പഴങ്ങളും സാലഡും കഴിക്കുക. ഓരോ ദിവസവും ഓരോ തരത്തിലുളള സാലഡ് ഉണ്ടാക്കണം. വൈകുന്നേരമോ രാവിലെയോ സാലഡ് കഴിക്കാം. സാലഡില്‍ അല്പം ഒലിവ് ഓയില്‍ കൂടി ചേര്‍ത്താല്‍ ഗുണം കൂടും. പല നിറങ്ങളിലുളള പച്ചക്കറികളും പഴങ്ങളും കഴിക്കുക. റെയിന്‍ബോ ഫുെഡ് എന്നാണീ ആഹാരരീതി അറിയപ്പെടുന്നത്.
ആഴ്ചയില്‍ ഏതെങ്കിലും മൂന്ന് നിറത്തിലുളള പഴങ്ങള്‍ കഴിക്കണം. ജ്യൂസിനേക്കാള്‍ ഗുണം പഴങ്ങള്‍ അതേപടി കഴിക്കുന്നതാണ്. പ്രധാന ആഹാരത്തിന്റെ കൂടെ പഴങ്ങള്‍ കഴിക്കാതെ അതിന് ഒരു മണിക്കൂര്‍ മുമ്പോ ശേഷമോ കഴിക്കുക. മധുരം കഴിക്കാന്‍ തോന്നുമ്പോള്‍ പഴങ്ങള്‍ കഴിക്കുന്നത് ശീലമാക്കാം.

 

അയ്യോ കൊഴുപ്പ്!
കൊഴുപ്പ് എന്നു കേള്‍ക്കുമ്പോഴേ പേടിക്കാതെ ചീത്ത കൊഴുപ്പാണ് ഒഴിവാക്കേണ്ടത്. ബദാം എണ്ണ, വെളിച്ചെണ്ണ, ഒലിവ് ഓയില്‍ ഇതെല്ലാം നല്ലതാണ്. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും കഴിക്കുന്നത് ഹൃദയാരോഗ്യത്തിനു നല്ലതാണ്. ദിവസവും ഒരു കൈപ്പിടി നിറയെ നട്ട്‌സ് (ഉണക്കമുന്തിരി, നിലക്കടല, ബദാം, ഈന്തപ്പഴം, കാഷ്യൂ തുടങ്ങിയവ ചേര്‍ത്ത്) കഴിക്കുക.

വിവരങ്ങള്‍ക്കു കടപ്പാട്:
ശരണ്യ എസ്.
ന്യൂട്രിഷനിസ്റ്റ്
എസ്പി ഫോര്‍ട്ട് ആശുപത്രി
തിരുവനന്തപുരം

 

 

OTHER SECTIONS