വിഷാദം വേണ്ട, മസാജ് വേദന മാറ്റും

By Rajesh Kumar.17 Sep, 2018

imran-azhar

നിരവധി ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരമാണ് മസാജ്. വ്യായാമ ശേഷം അനുഭവപ്പെടുന്ന പേശീവേദന അകറ്റുന്നതു മുതല്‍ മാനസികപിരിമുറുക്കം കുറയ്ക്കുന്നതു വരെ നീളുന്നു അതിന്റെ ഗുണങ്ങള്‍. പല പഠനങ്ങളും ഇതു ശരിവയ്ക്കുന്നുമുണ്ട്.

 

ഓസ്ട്രേലിയയില്‍ നടന്ന ഒരു പഠനം പറയുന്നത് വര്‍ക്കൗട്ടിനു ശേഷം 10 മിനിട്ടു പേശികളില്‍ മസാജ് ചെയ്താല്‍ വേദന 30 ശതമാനത്തോളം കുറയ്ക്കാനാവും എന്നാണ്. മറ്റൊരു പഠനം വെളിപ്പെടുത്തുന്നത് മസാജിലൂടെ സ്ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോളിന്റെ നില ശരീരത്തില്‍ 30 ശതമാനം കുറയുന്നു എന്നാണ്. മാത്രമല്ല, മാനസികനില മെച്ചപ്പെടുത്തുന്ന ഡൊപമിന്‍, സെറോട്ടോണിന്‍ ഹോര്‍മോണുകള്‍ 30 ശതമാനം വര്‍ദ്ധിക്കുമത്രേ.

 

മസാജ് സ്വയം ചെയ്യാം. സ്വയം തിരുമ്മുന്നതും ഫോം റോളര്‍ പോലുള്ളവ ഉപയോഗിക്കുന്നതും വേദനയില്‍ നിന്നും ആശ്വാസം നല്‍കും. ഒസ്റ്റിയോആര്‍ത്രൈറ്റിസ് രോഗികള്‍ക്കും ഇതിലൂടെ ആശ്വാസം കിട്ടും.

 

വേദന, വിഷാദം എന്നിവയില്‍ നിന്നും ആശ്വാസമാണ് മസാജിന്റെ ഏറ്റവും പ്രധാന ഗുണങ്ങളായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് മിയാമി സര്‍വകലാശാലയിലെ ടച്ച് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ടിഫാനി ഫീല്‍ഡ് പറയുന്നു. സ്നാര്‍ബുദ, രക്താര്‍ബുദ രോഗികളുടെ രോഗപ്രതിരോധം മെച്ചപ്പെടുത്തുന്നതിനും അവരുടെ ശാരീരികവും വൈകാരികവുമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും മസാജ് സഹായിക്കുമെന്ന് ടിഫാനി ഫീല്‍ഡ് പറയുന്നു. മസാജ് മാനസികനില, പിരിമുറുക്ക നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ കേന്ദ്രത്തിലേക്കു രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

 

ത്വക്കിനടിയിലുള്ള പ്രെഷര്‍ റിസപ്റ്റേഴ്സ് ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയമിടിപ്പ്, ദഹനം, ശ്വാസോച്ഛ്വാസം പോലുള്ളവയെ നിയന്ത്രിക്കുന്ന നാഡീവ്യവസ്ഥയിലെ വെയ്ഗസ് നാഡിയുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നു. വെയ്ഗസ് നാഡിയുടെ സജീവത ധ്യാനാത്മകമായൊരു അവസ്ഥ സൃഷ്ടിക്കുകയും കോര്‍ട്ടിസോള്‍ പോലുള്ള സ്ട്രെസ് ഹോര്‍മോണുകളുടെ നില കുറയാന്‍ കാരണമാകുകയും ചെയ്യുന്നു.

 

കാല്‍മുട്ടിലോ കൈമുട്ടിലോ വേദന അനുഭവപ്പെടുമ്പോള്‍ ഒരാള്‍ ആദ്യം ചെയ്യുന്നത് എന്താണ്? ആ ഭാഗം നന്നായി തടവും. ഇതിനെ ഗേറ്റ് തിയറി എന്നാണ് വിളിക്കുന്നത്. ടച്ച് റിസപ്റ്റേഴ്സ് ഉണരുമ്പോള്‍ വേദന പൂര്‍ണമായും തലച്ചോറില്‍ രജിസ്റ്റര്‍ ചെയ്യപ്പെടില്ല. ഇതാണ് മസാജിലൂടെ വേദന കുറയുന്നതിനു പിന്നില്‍.

 

മസാജ് പ്രതിരോധസംവിധാനത്തിലെ രോഗാണുക്കള്‍ക്കെതിരെ പോരാടുന്ന കൊലയാളി കോശങ്ങളെ സംരക്ഷിക്കുന്നു. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടാന്‍ കാരണം ഇതാണ്.

 

എന്നാല്‍, മസാജിന്റെ ഗുണങ്ങളെ കുറിച്ച് അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. മസാജിനു വേദന കുറയ്ക്കാനുള്ള കഴിവുണ്ടെന്ന വാദം വളരെ ദുര്‍ബലമാണെന്നു ഇതുമായി ബന്ധപ്പെട്ട ചില വിശകലനങ്ങള്‍ പറയുന്നു. മസാജിനു ഉണ്ടെന്നു പറയുന്ന ഗുണങ്ങള്‍ വെറും തോന്നല്‍ (പ്ലസിബോ ഇഫക്ട്) മാത്രമാണെന്നാണ് ഇവരുടെ വാദം. ഭൂരിപക്ഷവും മസാജ് തങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടോ എന്നു മാത്രം ചിന്തിക്കുന്നു. അതിനു പിന്നെലെന്താണ് എന്നതിനെപ്പറ്റി അവര്‍ ശ്രദ്ധാലുക്കളേയല്ല.

 

മസാജിനു കുറേ ആരോഗ്യപ്രശ്നങ്ങള്‍ക്കു ആശ്വാസം നല്‍കാനാവും എന്നു തന്നെയാണ് നിലവിലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങളില്‍ നടത്തിയ പഠനത്തിലും മസാജിനു വെയ്ഗസ് നാഡിയുടെ പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കാനാവുമെന്നു കണ്ടെത്തിയിട്ടുണ്ട്.


മസാജ് എത്ര തവണ ചെയ്യണം? ഭൂരിഭാഗം പഠനങ്ങളും പറയുന്നത് ആഴ്ചയില്‍ ഒന്നുമതി എന്നാണ്. എന്നാല്‍, ഇതിനായി സമഗ്രമായ പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്തു തന്നെയായാലും വ്യായാമം പോലെയാണ് മസാജ്. എത്ര കൂടുതല്‍ ചെയ്യുന്നോ അത്രയും നല്ലത്.

 

 

OTHER SECTIONS