ഇങ്ങനെയാണ് ധാരാവി കോവിഡിനെ പിടിച്ചുകെട്ടിയത്

By Rajesh Kumar.03 07 2020

imran-azhar

 ഏഷ്യയിലെ ഏറ്റവും വലിയ ചേരി, ധാരാവി ലോകശ്രദ്ധയില്‍. വികസിത രാജ്യങ്ങള്‍ പോലും കോവിഡിനോട് മല്ലടിക്കുമ്പോള്‍, ധാരാവി രോഗത്തെ പൊരുതിത്തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു.

 

 

ഏപ്രിലില്‍ ധാരാവിയില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയെ കോവിഡ്, ശവപ്പറമ്പാക്കി മാറ്റുമെന്ന ഭയമാണ് ഉണ്ടായിരുന്നത്. മൂന്നു മാസം പിന്നിടുമ്പോള്‍, പുതിയ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്.

 


പന്ത്രണ്ടോളം പേര്‍ ഒരു മുറിയില്‍ താമസിക്കുന്ന, എണ്‍പതോളം പേര്‍ക്ക് ഒരു കക്കൂസുള്ള ഇവിടെ കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ഘടകങ്ങളായ സാമൂഹിക അകലം പാലിക്കലും ഹോം ഐസൊലേഷനും നടക്കാത്ത സ്വപ്‌നമാണ്. നിരവധി പേര്‍ ഒരേ ശൗചാലയം ഉപയോഗിക്കുന്നതിനാല്‍, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തലും കുഴപ്പിക്കും.

 

 

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെ കാത്തിരിക്കുന്നതിനു പകരം, വൈറസിനെ പിന്‍തുടരുക എന്ന തന്ത്രമാണ് ധാരാവിയില്‍ പ്രയോഗിച്ചത്. എന്നാല്‍, കഠിനമായ ചൂടില്‍, ആരോഗ്യപ്രവര്‍ത്തകര്‍ സംരക്ഷണവസ്ത്രവും ധരിച്ച് വീടുകള്‍ തോറും കയറിയിറങ്ങി സ്‌ക്രീനിംഗ് നടത്തുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കുന്നതായിരുന്നില്ല. പക്ഷേ, വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതോടെ 'മിഷന്‍ ധാരാവിയുമായി അധികൃതര്‍ ഇറങ്ങി.

 


ചേരിയിലെ വിവിധ ഭാഗങ്ങളില്‍ പനി ക്ലിനിക്കുകള്‍ ഒരുക്കി. സ്‌കൂളുകളിലും കല്യാണമണ്ഡപങ്ങളിലും ക്വാറന്റൈന്‍ സൗകര്യം ഒരുക്കി. ഒപ്പം ചേരി നിവാസികള്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കി. ഹോട്ട് സ്‌പോട്ടുകളെ സദാ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉള്‍പ്പെടെയുള്ളവ നിര്‍വഹിച്ച് സന്നദ്ധപ്രവര്‍ത്തകരും അധികൃതര്‍ക്കൊപ്പം നിന്നു.

 


ബോളിവുഡ് താരങ്ങളുടെയും ബിസിനസുകാരുടെയും സാമ്പത്തിക സഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ 200 ബെഡുകളുള്ള പ്രത്യേക ആശുപത്രിയും സജ്ജീകരിച്ചു. ജൂണ്‍ ഒടുവില്‍ ചേരി നിവാസികളില്‍ പകുതിയോളം പേരെ സ്‌ക്രീനിംഗിനു വിധേയമാക്കുകയും 12,000 ത്തോളം കോവിഡ് കേസുകള്‍ നിര്‍ണ്ണയിക്കുകയും ചെയ്തു. മുംബയിലെ കോവിഡ് മരണനിരക്ക് 45,000 പിന്നിടുമ്പോള്‍ ധാരാവിയിലേത് 80 മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

 

 -----------------------------------------------------------------------------------------------

 

ധാരാവി കോവിഡിനെ പൊരുതി തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു

 

 

OTHER SECTIONS