By RK.20 04 2022
ഡോ. എസ്. പ്രമീളദേവി
കണ്‍സള്‍ട്ടന്റ് സര്ജന്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം
കാലുകളുടെ സംരക്ഷണം വളരെയധികം പ്രാധാന്യമുള്ളതാണ്. നമ്മുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളെ അപേക്ഷിച്ച് കാലുകളെ നമ്മള് എത്രത്തോളം ശ്രദ്ധിക്കാറുണ്ട് എന്ന് ഒരു സ്വയം പരിശോധന നല്ലതാണ്.
കാലുകളെ ബാധിക്കുന്ന പ്രധാന അസുഖങ്ങള്‍
1. വെരിക്കോസ് വെയിന്‍
2. ഡയബറ്റിക് ഫൂട്ട് )
3. പെരിഫറല്‍ ന്യൂറോപതി
4. ട്രോഫിക് അള്‍സര്‍
5. വിണ്ടുകീറല്‍
വെരിക്കോസ് വെയിന്‍ - നിവര്‍ന്നു രണ്ടുകാലില്‍ നില്‍ക്കുന്നതിനുള്ള ഒരു പിഴയാണ് വെരിക്കോസ് വെയിന്‍ എന്ന രോഗം. ശരീരത്തിലെ അശുദ്ധരക്ത വാഹികളായ രക്തക്കുഴലുകളെയാണ് വെയിന്‍ എന്ന് പറയുന്നത്. ഇവ ശരീരമാസകലം ഉണ്ട്. ഇവയില്‍ തലക്കുള്ളിലും വയറിനുള്ളിലും ഉള്ള വെയിന്‍ വാല്‍വ് രഹിതം ആണ്. ബാക്കി കയ്യിലും കാലിലും ഉള്ള വെയിനുകളിലെ രക്തപ്രവാഹം വാല്‍വുകള്‍ കൊണ്ട് ക്രമീകരിക്കുന്നു. ഈ വാല്‍വുകള്‍ക്കുണ്ടാകുന്ന മാറ്റം വെയിനിലെ രക്തപ്രവാഹത്തെ പ്രതികൂലമായി ബാധിക്കുകയും വെയിന്‍ അസാധാരണമാം വിധം വലുതായി, ചുരുണ്ടു മടങ്ങി വെരിക്കോസ് വെയിന്‍ എന്ന രോഗാവസ്ഥയില്‍ എത്തുന്നു.
കാലുകളിലെ വെയിനില്‍ ആണ് ഈ അസുഖം ധാരാളമായി കാണുന്നത്. കാരണങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.
1. ജന്മനാ തന്നെ വികലമായ വാല്‍വുകള്‍ ഉണ്ടാകാം.
2. കുടുംബ പാരമ്പര്യമായി വാല്‍വിനു കേടു സംഭവിക്കാം.
3. അമിതവണ്ണം.
4. കാലിനേല്‍ക്കുന്ന വിവിധ തരം ക്ഷതങ്ങള്‍ ഭാവിയില്‍ വെരിക്കോസ് വെയിന്‍ എന്ന അവസ്ഥയിലേക്ക് നയിക്കാം.
5. ചില അസുഖങ്ങള്‍, പ്രത്യേകിച്ചും വെയിനിനെ ബാധിക്കുന്ന ഇന്ഫെക്ഷന്.
6. ഉള്ളിലെ പ്രധാന വെയിനില്‍ ഉണ്ടാകുന്ന രക്തം കട്ടപിടിക്കലോ മറ്റു തടസ്സങ്ങളോ.
7. ഗര്‍ഭാവസ്ഥയിലും വയറ്റിനുള്ളിലെ തടസ്സം സൃഷ്ടിക്കുന്ന വലിയ മുഴകള്‍.
രോഗാവസ്ഥ കൊണ്ട് ഉണ്ടാകുന്ന വിഷമതകള്‍
വെരിക്കോസ് വെയിന്‍ പ്രകടമായി കാലുകളില്‍ കാണുന്നു എങ്കിലും പ്രത്യേക അസ്വസ്ഥതകള്‍ ഇല്ലാതെ ഇരിക്കാം എന്നാല്‍ ബഹുഭൂരിപക്ഷം ആളുകളിലും കാല് കഴപ്പും കുറേനേരം നില്‍ക്കുകയും നടക്കുകയും ചെയ്തു കഴിയുമ്പോള്‍ വേദനയും അനുഭവപ്പെടുന്നു.
വെരിക്കോസ് വെയിന്‍ എന്ന രോഗാവസ്ഥ കാലുകളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. തൊലിയും അനുബന്ധ ഭാഗങ്ങളും കട്ടിയുള്ളതാകുന്നു. Lipodermato sclerosis എന്ന വ്യത്യാസം വ്രണങ്ങള്‍ കരിയുന്നതിന് തടസ്സമാകുന്നു. പിഗ്മെന്റേഷന് അഥവാ ഇരുണ്ട നിറം കാലില്‍ ക്രമേണ വ്യാപിക്കുന്നു. അശുദ്ധ രക്തം കാലില്‍ കൂടുതലായി കെട്ടിനില്‍ക്കുന്നത് രക്തത്തിലെ ബിലിറൂബിന്‍ എന്ന ഘടകം ടിഷ്യൂവിലേക്കു കലരാനും, തന്മൂലം ചൊറിച്ചില്‍ ഉണ്ടാകാനും കാരണമാകുന്നു. ചൊറിച്ചില്‍ കാരണം ക്രമേണ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
വെരിക്കോസ് വ്രണങ്ങള്‍ക്ക് മറ്റു വ്രണങ്ങളില്‍ നിന്നും വ്യത്യസ്തമായി ചില പ്രത്യേകതകള്‍ ഉണ്ട്.
തീരെ ചെറിയ വ്രണങ്ങള്‍ക്ക് പോലും കലശലായ വേദനയുണ്ടാകുന്നു. കാറ്റ് തട്ടിയാല്‍ പോലും വ്രണം വേദനിക്കും. അതുകൊണ്ടു തന്നെ ഡ്രസ്സിംഗ് ചെയ്തു കഴിഞ്ഞാല്‍ പഞ്ഞിയും തുണിയും വ്രണത്തില്‍ തൊട്ടിരിക്കുന്നത് രോഗിക്ക് അസ്വസ്ഥത ഉണ്ടാക്കും. വ്രണങ്ങള്‍ കരിയാന്‍ വളരെയധികം സമയം വേണം. ചികിത്സിക്കാതിരുന്നാല്‍ വളരെ വേഗം ഇവ വലിയ വ്രണമായി മാറും. വ്രണം മൂടിവെക്കാനുള്ള ബുദ്ധിമുട്ടു കാരണം ഈച്ച വന്നിരിക്കാനും വ്രണത്തില്‍ കൃമി ഉണ്ടാകാനും ഉള്ള സാദ്ധ്യത കൂടുതലാണ്.
വെരിക്കോസ് വെയിന്‍ പ്രധാനമായും മൂന്നു തരത്തിലാണ് കാണപ്പെടുന്നത്.
1. ഗ്രേറ്റ് വീനസ് സിസ്റ്റം അഥവാ കാലിലെ കണങ്കാലില്‍ തുടങ്ങി തുടയുടെ മുകള്‍ ഭാഗം വരെ എത്തുന്ന പ്രധാന വെയിനിന്റെ വാല്‍വിന്റെ തകരാറുകൊണ്ട്.
2. Short saphenous system കാലിന്റെ മുട്ടു വരെയുള്ള ഭാഗത്തുണ്ടാകുന്ന തകരാറുകള്‍.
3. തൊലിക്കടിയിലെ തീരെ ചെറിയ വെയിനില്‍ വരുന്ന വ്യത്യാസം.
ചികിത്സ പ്രധാനമായും സര്‍ജറി തന്നെയാണ്. എന്നാല്‍ രോഗാവസ്ഥയുടെ തുടക്കത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും.
* അമിതവണ്ണം ഉണ്ടെങ്കില്‍ കുറയ്ക്കുക.
* കാലില്‍ നില്‍ക്കുകയും നടക്കുകയും ചെയ്യുന്ന അവസരങ്ങളില്‍ Leg stocking അഥവാ Elastocrepe bandage ചുറ്റുക.
* രാത്രി സമയം കാലുകള്‍ ഉയര്‍ത്തി വച്ച് കിടന്നുറങ്ങുക.
* നീണ്ട സമയം നില്‍ക്കുന്നത് ഒഴിവാക്കുക.
* കാലില്‍ ചൊറിയാതിരിക്കുക. അതിനുള്ള മരുന്ന് കഴിക്കുക.
വ്രണങ്ങള്‍ തുടക്കത്തില്‍ തന്നെ കഴുകി കെട്ടി വച്ച് കരിയാന്‍ അനുവദിക്കണം. അനുബന്ധമായ രോഗാവസ്ഥകളെ (പ്രമേഹം, രക്തക്കുറവ് തുടങ്ങിയവ) നിയന്ത്രണ വിധേയമാക്കണം.
സര്‍ജറി
വാല്‍വുകള്‍ പ്രവര്‍ത്തനരഹിതമായ വെയിനില്‍ രക്തം ധാരാളമായി കെട്ടിനില്‍ക്കുന്നു. അതിനാല്‍ പ്രവര്‍ത്തനരഹിതമായ വാല്‍വുള്ള വെയിന്‍ എടുത്തു മാറ്റുക ആണ് സര്‍ജറി കൊണ്ട് ഉദ്ദേശിക്കുന്നത്.
മൂന്നുതരം സര്‍ജറി ഉണ്ട്. എല്ലാ സര്‍ജറിയിലും ഉപയോഗ യോഗ്യമല്ലാത്ത വികലമായ വാല്‍വുകള്‍ ഉള്ള സൂപ്പര്‍ഫിഷല്‍ വെയിന്‍ ഇല്ലാതാക്കുകയോ എടുത്തു കളയുകയോ ചെയ്യുന്നതുമൂലം രക്തം ഉള്ളിലുള്ള ഡീപ് വെയിന്‍ വഴി മുകളിലേക്ക് പോകുന്നു.
സര്‍ജറി കൂടാതെ രോഗാവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്താനുള്ള കാര്യങ്ങള്‍.
* ധാരാളം സമയം നില്‍ക്കുന്നത് ഒഴിവാക്കുക.
* നില്‍ക്കുകയും നടക്കുകയും ചെയ്യുമ്പോള്‍ ലെഗ് സ്റ്റോക്കിംഗ്സ് ധരിക്കുക.
* രാത്രി സമയത്തും കിടക്കുമ്പോഴും കാല്പാദങ്ങള് ഉയര്‍ത്തിവയ്ക്കുക.
* കാലില്‍ ചൊറിയാതിരിക്കുക. ചൊറിച്ചില്‍ ഉണ്ടെങ്കില്‍ അതിനായി മരുന്നു കഴിക്കുക.
* കാലില്‍ സ്ഥിരമായി കുളി കഴിഞ്ഞ് ങീശേൌൃശ്വശിഴ ഹീശേീി പുരട്ടി ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കുക.
കാലിനെ ബാധിക്കുന്ന മറ്റൊരു പ്രധാന അസുഖമാണ് പ്രമേഹം. പ്രമേഹം കാലിലെ രക്തക്കുഴലുകളെയും നാഡീവ്യൂഹത്തെയും ക്ഷയിപ്പിക്കുന്നതിനാല്‍ കാലില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നു. മരവിപ്പ് മൂലം വേദനരഹിതമായ വ്രണങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നു. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം കാരണം വ്രണം വേഗത്തില്‍ വലുതാകുകയും വിരലോ, കാല്‍പാദമോ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.
മന്ത് രോഗം ആണ് കാലിനെ ബാധിക്കുന്ന മറ്റൊരു പ്രധാന അസുഖം. കൊതുകു കടി മുഖേനയുണ്ടാകുന്ന ഈ രോഗം തുടക്കത്തില്‍ തന്നെ നല്ലവണ്ണം ചികിത്സിച്ചാല്‍ നീര് വരാതെ നോക്കാവുന്നതേ ഉള്ളു.
പാദസംരക്ഷണത്തിനു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* കാലില്‍ ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കുക.
* പ്രമേഹം നിയന്ത്രണവിധേയമാക്കി മുന്നോട്ടുപോവുക.
* ദിവസവും കുളി കഴിഞ്ഞാല്‍ കാലുകള്‍ തുടച്ചു വൃത്തിയാക്കി ഏതെങ്കിലും ഒരു മോയിസ്ചറൈസിംഗ് ലോഷന്‍ പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോള്‍ കാലില്‍ ചെറിയ പൊട്ടലോ വ്രണമോ ഉണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടും. കാലിലെ ഞരമ്പുകള്‍ക്ക് ലോഷന്‍ കൊണ്ടു തടവുമ്പോള്‍ ഉണര്‍ച്ച ഉണ്ടാകുന്നു. ഇത് കാലിലെ രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്നു. ചര്‍മ്മം ഈര്‍പ്പമുള്ളതാക്കി വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനെ പ്രതിരോധിക്കും.
* നീരുണ്ടെങ്കില്‍ രാത്രികാലങ്ങളില്‍ കാലുകള്‍ 45 ഡിഗ്രി ഉയര്‍ത്തിവച്ച് ഉറങ്ങുക.
* ധാരാളം ദൂരവും സമയവും യാത്ര ചെയ്യുമ്പോള്‍ ലെഗ് സ്റ്റോക്കിംഗ്സ് ഉപയോഗിക്കുക.
* കാലില്‍ വെടിപ്പ് വരാതെ അതിനുവേണ്ട ലേപനം പുരട്ടുക.
* ചെരിപ്പിട്ടു കൊണ്ടു മാത്രം ചവറുകള്‍ ഉള്ള സ്ഥലത്ത് നടക്കുക.